ലണ്ടൻ: അഞ്ചു ദിവസം മുൻപ് ബ്രിട്ടീഷ് പാർലിമെന്റിൽ ശരത് കാല ബജറ്റിൽ ചാൻസലർ ഫിലിപ് ഹാമണ്ട് വെറും നാല് വർഷത്തിനുള്ളിൽ ബ്രിട്ടൻ ഡ്രൈവർ ഇല്ല കാറുകൾ ഓടിച്ചു വന്മാറ്റത്തിന് തയ്യാറെടുക്കും എന്ന് പ്രഖ്യാപിച്ചപ്പോൾ നെറ്റി ചുളിച്ചതു പ്രതിപക്ഷം മാത്രമല്ല മാധ്യമ ലോകം കൂടിയാണ്. ഏറെ ഗൗരവമുള്ള ബജറ്റ് പ്രഖ്യാപനത്തിൽ ബ്രിട്ടീഷ് ചാൻസലർ തമാശയായി ഒരു കാര്യം പറയില്ലെന്ന് ഏവർക്കും അറിയാം. മാത്രമല്ല, ഈ പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായി ബജറ്റിന് രണ്ടു നാൾ മുന്നേ ഡ്രൈവറെ ആവശ്യം ഇല്ലാത്ത കാറിൽ അദ്ദേഹം സഞ്ചരിക്കുകയും ചെയ്തു. ചാൻസലറുടെ പ്രഖ്യാപന ശേഷം മാധ്യമ ലോകം ഡ്രൈവർ ഇല്ല കാറുകളെ കുറിച്ച് അടിക്കടി വാർത്തകളുമായി രംഗത്ത് വരുകയാണ്. ഇതോടെ പ്രഖ്യാപനം പുളുവടിയല്ല, ലോകം സാങ്കേതിക വിദ്യയുടെ മറ്റൊരു നേട്ടത്തിലേക്ക് കുതിക്കുകയാണ് എന്ന വിവരമാണ് വെളിപ്പെടുന്നത്. എന്നാൽ ഈ നേട്ടം ആരാദ്യം സ്വന്തമാക്കും എന്ന കാര്യത്തിലും മത്സരമാണ്. ബ്രിട്ടനെ കൂടാതെ അമേരിക്കയും ചൈനയുമാണ് ഈ മത്സരത്തിൽ ഏറെ മുന്നിലുള്ളത് .എന്നും സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ ലോകം നിയന്ത്രിച്ചിരുന്ന വൻശക്തികൾക്കൊപ്പം ഇക്കുറി ചൈന കൂടി കടന്നു വരുന്നതിനാൽ മത്സരം തീപാറും എന്നുറപ്പ്.

ലോകം അവിശ്വസനീയതയോടെ കേട്ട കാര്യം യാഥാർഥ്യം ആകുമ്പോൾ ലോക രാഷ്ട്രീയ സാമ്പത്തിക ഭൂപടം കൂടി മാറ്റിവരയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ആഗോള തീവ്രവാദത്തിനു ഗൾഫ് എണ്ണപ്പണം നൽകുന്ന പിന്തുണ ചെറുതല്ലെന്നു മനസ്സിലാക്കി അമേരിക്കയും സഖ്യ ശക്തികളും എണ്ണ വിപണിയുടെ സ്വാധീനം ഇല്ലാതാക്കാൻ ഉള്ള ശ്രമം കഴിഞ്ഞ ഏതാനും വർഷമായി കൊണ്ട് പിടിച്ചു നടത്തുകയാണ്. നേർക്ക് നേർ ഉള്ള പോരാട്ടത്തിൽ വർധിത വീര്യം കണ്ടെത്തുന്ന തീവ്രവാദത്തെ തച്ചു തകർക്കാൻ ഏറെ വിയർപ്പു ഒഴുക്കേണ്ടി വരും എന്നതും ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് അതിവേഗം തീവ്രവാദം വേര് പിടിപ്പിക്കുന്നതിനാലും അല്പം വളഞ്ഞ വഴി തന്നെയാണ് വൻശക്തികൾ പ്ലാൻ ചെയ്യുന്നതും. ഇതിന്റെ ഫലമായി കൂടിയാണ് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ ഇറങ്ങുകയും ചെയ്തത്. കഴിഞ്ഞ ദിവസം അമേരിക്കയിൽ ഇലക്ട്രിക് ട്രക്ക് കൂടി പരീക്ഷണ ഓട്ടം വിജയിപ്പിച്ചതോടെ ഗൾഫ് എണ്ണവിപണിയുടെ സ്വാധീനം അസ്തമിക്കാൻ അധികം കാത്തിരിക്കേണ്ട എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. ഡ്രൈവർ ഇല്ലാ കാറുകൾ നിരത്തിൽ എത്തുമ്പോൾ അവ പൂർണമായും ഇലക്ട്രിക് ആയിരിക്കണം എന്നത് രാഷ്ട്രീയ കാരണങ്ങളാൽ കൂടി പ്രസക്തം ആയി മാറുകയാണ്. ഒരു പക്ഷെ ലോക തീവ്രവാദത്തിന്റെ വേരറുക്കാൻ ഉള്ള ഉപാധി കൂടിയായിട്ടായിരിക്കാം ഡ്രൈവർ ഇല്ലാത്ത കാറുകളുടെ ജനനം.

ഒരു പതിറ്റാണ്ട് മുൻപ്, 2004 ലിൽ അമേരിക്കയാണ് ഈ രംഗത്ത് ആദ്യ ചുവട് വച്ചതെങ്കിലും ഇപ്പോൾ ഒപ്പത്തിനൊപ്പമോ ഒരു പടി മുന്നിലോ ബ്രിട്ടനും ചൈനയും ഉണ്ടെന്നതാണ് സത്യം. ബ്രിട്ടനിൽ ജാഗ്വർ അടക്കം ഇത്തരം കാറുകൾ നിർമ്മിച്ച് പരീക്ഷണ ഓട്ടവും പൂർത്തിയാക്കി. ഇതോടെയാണ് നാലു വർഷം സമയ പരിധി നിശ്ചയിച്ചു ഇവയുടെ വാണിജ്യ വിൽപ്പന 2021 ൽ ആരംഭിക്കും എന്ന് ഫിലിപ് ഹാമ്മൻഡ് പാർലമെന്റിൽ വ്യക്തമാക്കിയതും. മറ്റൊരു രാജ്യവും ഇത്ര ഉറപ്പിച്ചു ഇക്കാര്യത്തിൽ നിലയുറപ്പിക്കാത്തതിനാൽ ഒരു പക്ഷെ ഈ രംഗത്ത് ആധിപത്യം പുലർത്തുക ബ്രിട്ടൻ ആയിരിക്കും എന്ന സൂചനയും പുറത്തു വരുന്നുണ്ട്. ബ്രിക്സിറ്റ് സംഭവിക്കുന്നതോടെ കൂടുതൽ രാഷ്ട്രീയമായും സാമ്പത്തികമായും ദുർബലമാകുന്ന ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ലോകത്തിന്റെ മുന്നിൽ വീണ്ടും നെഞ്ചു നിവർത്താനുള്ള ആയുധമായി മറുവാനും ഡ്രൈവർ ഇല്ലാ കാറുകളുടെ സാങ്കേതിക വിദ്യ വഴിയൊരുക്കും എന്ന പ്രതീക്ഷയും ഇപ്പോൾ സജീവമാകുകയാണ്. ഒരു പക്ഷെ കംപ്യുട്ടർ വിപ്ലവത്തിന് ശേഷം ലോകം കാണുന്ന മഹത്തായ ആശയം ആയിരിക്കും ഡ്രൈവർ ആവശ്യമില്ലാത്ത കാറുകൾ എന്നും വിലയിരുത്തൽ എത്തിത്തുടങ്ങി. സമയ ലാഭം മുതൽ അപകട രഹിത യാത്ര വരെയുള്ള കാര്യങ്ങളിൽ ഈ കാറുകൾ ലോകത്തു പുത്തൻ ചരിത്രം നിർമ്മിക്കും എന്നാണ് വിലയിരുത്തലുകൾ.

അമേരിക്കൻ ആർമിയുടെ ഭാഗമായ ഡിഎആർപിഎ 2004 ലിൽ നടത്തിയ നെവ്ഡേയിലെ മോഹേവ് മരുഭൂമിയിൽ നടത്തിയ 150 മൈൽ പരീക്ഷണ ഓട്ടം പരാജയം ആയിരുന്നെങ്കിലും തുടർന്ന് അമേരിക്കയും ചൈനയും ബ്രിട്ടനും അടക്കം ഉള്ളവർ ഈ രംഗത്ത് ഏറെ മുന്നേറി കഴിഞ്ഞു. പിറ്റസ്ബർഗ് യൂണിവേഴ്സ്റ്റിറ്റിയുടെ നേതൃത്വതിൽ നടന്ന അന്നത്തെ പരീക്ഷണം വെറും ഏഴു കിലോമീറ്ററിൽ കത്തിയമരാൻ ആയിരുന്നു വിധിയുടെ നിശ്ചയം. തുടർന്ന് പത്തു വർഷത്തോളം ഈ രംഗത്ത് പരസ്യമായി കൈവയ്ക്കാൻ ആരും ധൈര്യപ്പെട്ടില്ല എന്നതാണ് വസ്തുത എങ്കിലും രഹസ്യമായി ബില്യൺ കണക്കിന് ഡോളർ പരീക്ഷണത്തിനും ഗവേഷണത്തിനും ആയി ചെലവിട്ടു കൊണ്ടിരുന്നു. ഈ കാലയളവിലാണ് ബ്രിട്ടൻ ഈ രംഗത്ത് കുതിപ്പ് നടത്തുന്നതും ഒടുവിൽ അത്തരം ഒരു സ്വപ്ന യാത്രയ്ക്ക് ഇനി നാല് വർഷം കൂടി ധാരാളം എന്ന് ചാൻസലർക്ക് പാർലമെന്റിൽ പ്രഖ്യാപിക്കാൻ അവസരം ലഭിച്ചതും.



ലോകത്തിനു പരിചയം ഇല്ലാത്ത കാര്യം എന്ന നിലയിൽ ഈ രംഗത്ത് ആര് ആദ്യമെത്തുന്നോ സ്വാഭാവികമായും അവർക്കു മുൻതൂക്കം ലഭിക്കും എന്ന സാധ്യതയിൽ ഡ്രൈവർ ഇല്ലാകാറുകൾ നിർമ്മിച്ച് അമേരിക്കയുടെയും ചൈനയുടെയും മേധാവിത്തം തകർക്കാൻ ബ്രിട്ടന് കഴിഞ്ഞാൽ പതിറ്റാണ്ടുകൾ ലോകം ബ്രിട്ടന്റെ മേൽക്കോയ്മക്കു അടിമപ്പെടും എന്നുറപ്പാണ്. യൂറോപ്പ് ഉപേക്ഷിക്കുന്ന ബ്രിട്ടനെ സംബന്ധിച്ച് ഏറെ നിർണായകം കൂടിയാണ് ഈ നില. ഇതിനായി പ്രത്യേക നിയമ നിർമ്മാണവും ബജറ്റിൽ പ്രഖ്യാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് പോയിന്റ് ചാർജിങ് സെന്ററുകൾ, 5 ജി നെറ്റ്‌വർക് , എന്നിവയ്‌ക്കൊക്കെ അധികമായി പണം വകയിരുത്തിയതും ഡ്രൈവർ ഇല്ലാ കാറുകളെ ലക്ഷ്യമിട്ടാണ് എന്ന് വിലയിരുത്തപ്പെടുന്നു.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി അടക്കം ഈ രംഗത്ത് നടത്തുന്ന പരീക്ഷണങ്ങൾ വിജയ ലക്ഷ്യത്തിലേക്കു നീങ്ങുകയാണ്. ഓക്‌സ്‌ബോട്ടിക എന്ന് പേരിട്ടിരിക്കുന്ന ഈ സ്വയം നിയന്ത്രിത കാർ അടുത്ത വർഷം ലണ്ടനും ഓക്‌സ്‌ഫോർഡിനും ഇടയിൽ മോട്ടോർ വേയിൽ പരീക്ഷണ ഓട്ടം നടത്തും. കേംബ്രിജിൽ നടക്കുന്ന ഗവേഷണ ഫലമായി 2019 ലിൽ തന്നെ പരീക്ഷണ ടാക്‌സി സൗത്ത് ലണ്ടനിൽ ഓട്ടം നടത്തും. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഗ്രീൻവിച്ചിൽ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത് ജാഗ്വറും ബൊഷും ചേർന്നു വികസിപ്പിച്ചെടുത്ത കാറയിരിക്കും. അതെ സമയം അമേരിക്കയിൽ ഗൂഗിൾ അടക്കം ഈ വർഷം തന്നെ ഡ്രൈവർ ഇല്ലാതെ കാറുകളുടെ പരീക്ഷണ ഓട്ടം നടത്തിയതിനാൽ ബ്രിട്ടന്റെ നാല് വർഷത്തെ കാത്തിരിപ്പിന് മുൻപ് തന്നെ ലോകം കൈപ്പിടിയിലിക്കാൻ അമേരിക്ക രംഗത്ത് വരുമോ എന്ന ചോദ്യത്തിനും പ്രസ്‌കതി ഏറെയാണ്. 2050 ഓടെ 5.2 ട്രില്യൺ പൗണ്ടിന്റെ അമ്പരപ്പിക്കുന്ന ബിസിനസ് സാമ്രാജ്യത്തിൽ കണ്ണ് നട്ടാണ് ടെസ്ല, ബെൻസ്, ഗൂഗിൾ എന്നിവർ ഈ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നത്. തങ്ങൾ ഇക്കാര്യത്തിലും പിന്നിലാകരുതു എന്ന വാശിയോടെ ഫോർഡിൽ ഏറെ നിക്ഷേപമുള്ള ചൈനീസ് കമ്പനി ബൈദു ഒരു ബില്യൺ പൗണ്ടിലേറെ ഡ്രൈവർ ആവശ്യമില്ലാത്ത കാറുകൾക്കായി മുടക്കി കഴിഞ്ഞു.

അമേരിക്കയിൽ നിന്നും ഈ രംഗത്ത് ടെസ്ലയും വോൾവോയും ഒക്കെ മുതൽ മുടക്കിനു താൽപ്പര്യം ഉള്ളവരാണ്. വോൾവോയിൽ നിന്നും 24000 ഡ്രൈവർ ഇല്ലാത്ത കാറുകൾ വാങ്ങാമെന്നാണ് ഊബറിന്റെ വാഗ്ദാനം. ലോകം ഒന്നാകെ ഇക്കാര്യത്തിൽ ആവേശം കൊള്ളുമ്പോഴും പരസ്യമായി ബ്രിട്ടൻ അല്ലാതെ മറ്റൊരു രാജ്യവും ഈ ആശയത്തിന് പിന്തുണ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. കാരണം നിലവിൽ ഉള്ള വമ്പൻ കാർ നിർമ്മാതാക്കളുടെ അടിത്തറ തകർക്കുന്നതാകും പുതിയ ഡ്രൈവർ ഇല്ല കാറുകളുടെ വരവ്. ഒരു പക്ഷെ ലോകം കീഴ്‌മേൽ മറിയുന്ന വ്യാവസായിക വിപ്ലവമായി മാറാനും ഈ മാറ്റം കാരണമാകും. അടുത്ത ഒന്നര പതിറ്റാണ്ടിനിടയിൽ ഡ്രൈവറെ വേണ്ടാത്ത കാറുകളുടെ കച്ചവടം ബ്രിട്ടന് 28 ബില്യൺ പൗണ്ടിന്റെ ബിസിനസ് സമ്മാനിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കൃത്രിമ ബുദ്ധിയിൽ ഓടുന്ന കാറുകൾ യഥാർത്ഥ റോഡിൽ എങ്ങനെ പ്രതികരിക്കും എന്നറിയാൻ നഗര പ്രദേശങ്ങളായ ഓക്‌സ്‌ഫോർഡും മിൽട്ടൺ കെയ്ൻസും ഗ്രാമീണ റോഡിനായി കവൻട്രിക്കടുത്ത നനീട്ടനും തിരഞ്ഞെടുത്തിരിക്കുകയാണ്. സ്വകാര്യ കമ്പനികളുടെ ഗവേഷണത്തിനൊപ്പം ബ്രിട്ടീഷ് സർക്കാരും പങ്കാളികളായി എത്രയും വേഗത്തിൽ കൃത്രിമ ബുദ്ധി കാറിനെ നിരത്തിലിറക്കാൻ ഉള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

അമേരിക്കയുടെ സാമ്പത്തിക കരുത്തും ബ്രിട്ടന്റെ സാങ്കേതിക രംഗത്തെ മികവും തമ്മിലുള്ള ഏറ്റുമുട്ടലിനു വഴി ഒരുക്കുന്ന കാർ വിപ്ലവത്തിൽ ബ്രിട്ടൺ തന്നെ വിജയക്കൊടി പാറിക്കും എന്ന ചിന്തയാണ് പൊതുവെ രൂപപ്പെടുന്നത് . കൃതൃമ കാർ യാഥാർഥ്യമാകുന്നതോടെ 2040 ലിൽ പെട്രോൾ, ഡീസൽ കാറുകൾ ഇല്ലാതാകും എന്നതാണ് ഇപ്പോൾ രൂപപ്പെടുന്ന സാമ്പത്തിക രാഷ്ടീയ ചിത്രം.