ഡബ്ലിൻ: ചില ബസ് റൂട്ടുകൾ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരേ ഡബ്ലിൻ ബസും ബസ് ഐറാനും പണിമുടക്ക് നടത്താൻ തീരുമാനിച്ചു. ഇത് വരും ആഴ്ചകളിൽ ഗതാഗത തടസത്തിന് കാരണമായേക്കാം. ഇരു കമ്പനികളുടേയും യൂണിയൻ നേതാക്കൾ അടുത്ത ആഴ്ച ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ യോഗം ചേരുമെന്നാണ് പറയപ്പെടുന്നത്.

റൂട്ടുകൾ സ്വകാര്യവത്ക്കരിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധവുമാണ് യൂണിയനുകൾ മുന്നോട്ടുവന്നിരിക്കുന്നത്. എസ്‌ഐപിടിയുവിലെ  ഡബ്ലിൻ ബസ് ഡ്രൈവർമാരിൽ 93 ശതമാനം പേരും പ്രതിഷേധ നടപടികൾ സ്വീകരിക്കുന്നതിന് അനുകൂലമായാണ് വോട്ടു ചെയ്തിരിക്കുന്നത്. 90 ശതമാനം പേരും പണിമുടക്ക് നടത്തിന് അനുകൂലമായും വോട്ടു ചെയ്തിട്ടുണ്ട്. അതേസമയം ബസ് ഐറാനിലെ 95 ശതമാനം യൂണിയൻ അംഗങ്ങൾ പണിമുടക്കിനെ അനുകൂലിച്ചിട്ടുണ്ട്. മറ്റൊരു യൂണിയനായ നാഷണൽ ബസ് ആൻഡ് റെയിൽ യൂണിയൻ അംഗങ്ങൾക്കിടയിലുള്ള വോട്ടെടുപ്പ് അടുത്താഴ്ച ആദ്യം നടക്കും.

നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി തയാറാക്കിയിട്ടുള്ള പരിഷ്‌ക്കാരങ്ങൾക്കെതിരേയാണ് എൻബിആർയു പണിമുടക്കിന് ഒരുങ്ങിയിട്ടുള്ളത്. ഡബ്ലിൻ ബസ്, ബസ് ഐറാൻ എന്നിവ സർവീസ് നടത്തുന്ന റൂട്ടുകളിൽ പത്തു ശതമാനത്തോളം റൂട്ടുകൾ സ്വകാര്യവത്ക്കരിക്കാനാണ് നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ടെൻഡറുകൾ നൽകാനും നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി തയാറായിട്ടുണ്ട്.

ഈ റൂട്ടുകളിൽ സ്വകാര്യവത്ക്കരണം നടന്നാൽ അത് ഇരു കമ്പനികളേയും സാരമായി ബാധിക്കുമെന്നതിനാലാണ് ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പത്തു ശതമാനം ബസ് റൂട്ടുകളിലേക്കും ടെൻഡറുകൾ നൽകുമെന്ന് ഗതാഗത മന്ത്രിയുടെ വക്താവ് അറിയിച്ചിട്ടുണ്ട്. പത്തു ശതമാനത്തോളം റൂട്ടുകളിൽ മറ്റു സർവീസ് അനുവദിക്കുന്നത് ഈ മേഖലയിൽ ആരോഗ്യകരമായ മത്സരത്തിനാണ് വഴിയൊരുക്കുന്നതെന്നും പബ്ലിക് ട്രാൻസ്‌പോർട്ട് മേഖലയിൽ മികച്ച സേവനം കൂടുതൽ ലഭ്യമാകുമെന്നും വക്താവ് അറിയിച്ചു.