ഡബ്ലിൻ: പുതിയൊരു കാറു വാങ്ങുമ്പോൾ മെച്ചപ്പെട്ട കാർ ഫിനാൻസ് ഡീൽ കണ്ടെത്താൽ സാധിച്ചില്ലെങ്കിൽ ഉടമക്ക് നഷ്ടമാകുന്നത് നൂറു കണക്കിന് യൂറോ. വാഹനം വാങ്ങുന്നവരിൽ 27 ശതമാനത്തോളം പേർക്ക് തങ്ങൾ പലിശയിനത്തിൽ എത്ര തുക നൽകുന്നുണ്ടെന്നു പോലും അറിയുന്നില്ലെന്നാണ് പുതിയ റിപ്പോർട്ട്.

ഏഴായിരം യൂറോ മുതൽ 17,000 യൂറോ വരെയുള്ള മിക്ക കാർ ലോണുകളിലും പലിശ നിരക്കിൽ രണ്ടു ശതമാനത്തോളം വ്യത്യാസമുണ്ടെന്നാണ് കണക്കാക്കുന്നത്. പുതിയ കാറുകൾക്ക് രണ്ടു വർഷത്തേക്കുള്ള റോഡ് ടാക്‌സിന് തുല്യമാണ് തുകയാണ് ഇത്തരത്തിൽ കാർ ഉടമകൾക്ക് നഷ്ടമാകുന്നത്. കാർ ലോണിന് നൽകുന്ന പലിശയുടെ തോത് അറിയാത്തവർക്ക് ഈയിനത്തിൽ ഏറെ പണം നഷ്ടമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

പുതുതായി കാർ വാങ്ങുന്ന 21 ശതമാനംപേരും നാലു ശതമാനം മുതൽ അഞ്ചു ശതമാനം വരെയാണ് കാർ ലോണിൽ പലിശയിനത്തിൽ പണമടയ്ക്കുന്നത്. അതേസമയം 15 ശതമാനം പേരിൽ നിന്ന് ആറു മുതൽ ഏഴു ശതമാനം വരെയാണ് പലിശ  ഈടാക്കുന്നത്. എട്ടിലൊരാൾ വീതം മാത്രമാണ് രണ്ടോ മൂന്നോ ശതമാനം പലിശ നൽകുന്നത്. ഈ കണക്കിൽ മാത്രം അഞ്ചു ശതമാനത്തിന്റെ വിടവാണ് നിലനിൽക്കുന്നത്. 18നും 24നും മധ്യേ പ്രായമുള്ളവരാണ് മെച്ചപ്പെട്ട ഡീലുകൾ കണ്ടെത്തി കാർ വാങ്ങുന്നത്. ഇക്കൂട്ടരിൽ 64 ശതമാനത്തോളം പേർ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് പലിശയായി നൽകുന്നത്.

ഫോക്‌സ് വാഗൺ അയർലണ്ട് നടത്തിയ സർവേയിലാണ് കാർ ലോണിൽ ആളുകൾ നൽകുന്ന പലിശയുടെ വിവരം വെളിപ്പെട്ടിരിക്കുന്നത്. 25നും 44നും മധ്യേ പ്രായമുള്ളവരിൽ 20 ശതത്തോളം പേരും കാർ ലോൺ എടുത്തിട്ടുണ്ട്. നിലവിൽ കാറുള്ളവരിൽ 31 ശതമാനം പേർക്കും കാർ മാറ്റി വാങ്ങാൻ ആഗ്രഹമുണ്ട്. 12 വാഹന ഉടമകളിൽ ഒരാൾ എന്ന കണക്കിന് 20,000 യൂറോയ്ക്കു മുകളിലാണ് ലോൺ എടുത്തിട്ടുള്ളത്. 25നും 54നും മധ്യേ പ്രായമുള്ള ഒട്ടുമിക്കവർക്കും കാർ ലോൺ ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. എന്നാൽ കാർ ലോണുള്ള 53 ശതമാനത്തോളം പേർക്ക് തങ്ങൾക്ക് മാസം ലോൺ ഇനത്തിൽ എത്രത്തോളം ചെലവ് വരുന്നുണ്ടെന്നോ വർഷം ഈയിനത്തിൽ ചെലവാകുന്ന തുകയെക്കുറിച്ചോ വ്യക്തമായ ധാരണയില്ലെന്നാണ് രസകരമായ മറ്റൊരു വസ്തുത.

അതേസമയം കാർലോണുകളിൽ മെച്ചപ്പെട്ട ഡീലുകൾ കണ്ടെത്താൻ പേഴ്‌സണൽ കോൺട്രാക്ട് പ്ലാൻ പോലുള്ള പദ്ധതികൾ ഇപ്പോൾ ജനകീയമായി വരുന്നുണ്ടെന്നും ഇവയുടെ സേവനം പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞ പലിശയ്ക്ക് കാർ ലോൺ തരപ്പെടുമെന്നും ഫോക്‌സ് വാഗൻ ഗ്രൂപ്പ് അയർലണ്ട് ചീഫ് ലാർസ് ഹിമ്മർ വ്യക്തമാക്കുന്നു.