രാജ്യത്ത് വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ കനത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധ്യത. ഇതിന്റെ ഭാഗമായി നിയമങ്ങളിൽ വൻ പരിഷ്‌കരണത്തിനൊ രുങ്ങുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം . സേവന ഫീസുകൾ കുത്തനെ വർധിപ്പിക്കുന്നതടക്കമുള്ള നിർദേശങ്ങൾ ഫത്‌വ നിയമ നിർമ്മാണ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു .

ലൈസൻസ് ലഭിക്കുന്നതിന് നിലവിലുള്ള 10 ദിനാറിനുപകരം 500 ദിനാർ ഈടാക്കണമെന്നാണ് പ്രധാന നിർദ്ദേശം. കൂടാതെ പുതുക്കുന്നതിന് 50 ദീനാറായും ഉയരും. നിലവിൽ പുതിയ ലൈസൻസിനു 10 ദീനാറും പുതുക്കുന്നതിന് ഓരോ വർഷത്തേക്ക് ഒരു ദീനാർ വീതവുമാണ് വിദേശികളിൽനിന്ന് ഈടാക്കുന്നത്. നിയമഭേദഗതി നടപ്പായാൽ ലൈസൻസ്
നിരക്കുകളിൽ 50 ഇരട്ടി വർധനയുണ്ടാകുമെന്നർഥം. വാഹന പെർമിറ്റ് എടുക്കുന്നതിന്റെ ഫീസ് 300 ദീനാറായും പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസ് 100 ദീനാറായും ഉയർത്താനും ആലോചനയുണ്ട്.

ഒരാളുടെ ഉടമസ്ഥതയിലുള്ള പത്തോ അതിൽ കുറവോ വർഷം പഴക്കമുള്ള ആദ്യത്തെയും രണ്ടാമത്തെയും വാഹനങ്ങൾക്കാണിത് ബാധകമാവുക. നിലവിൽ പെർമിറ്റിന് 10 ദീനാറും ഓരോവർഷവും പുതുക്കുന്നതിന് അഞ്ചുദീനാറുമാണ് ഈടാക്കുന്നത്. ഗാർഹിക വിസക്കാർക്ക് ഭേദഗതി ബാധകമാക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിവേഗപാതയിലൂടെ വാഹനമോടിക്കുന്നതിന് നികുതി ഏർപ്പെടുത്തുക, പുതുതായി ടാക്‌സി ലൈസൻസ് അനുവദിക്കാതിരിക്കുക , റോഡുകളിലെ സ്ഥിതിഗതികൾ അപ്പപ്പോൾ ആളുകൾക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക ട്രാഫിക് ചാനൽ ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങളും ആഭ്യന്തരമന്ത്രാലയം മുന്നോട്ടു വെച്ചിട്ടുണ്ട്.