ദുബായ്: ദുബായിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ പൂർണമായും ഓൺലൈൻ ആകുന്നു. അടുത്ത മാസം 27നു ശേഷം ആർടിഎയുടെ ഉപഭോക്തൃ സേവന കൗണ്ടറുകളിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കി നൽകില്ലെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) വ്യക്തമാക്കിയിട്ടുണ്ട്. സമയനഷ്ടം ഒഴിവാക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും മറ്റുമാണ് ഇത് പൂർണമായും ഓൺലൈൻ വഴിയാക്കുന്നതെന്ന് ആർടിഎ ചൂണ്ടിക്കാട്ടി. ആർടിഎ ആപ്പ്, ഡ്രൈവേഴ്‌സ് ആൻഡ് വെഹിക്കിൾസ് ആപ്പ്, സ്മാർട്ട് കിയോസ്‌കുകൾ, ആർടിഎ വെബ്‌സൈറ്റുകൾ മുതലായവ വഴി ഇത്തരത്തിൽ ലൈസൻസ് പുതുക്കിയെടുക്കാം.

ഘട്ടംഘട്ടമായാണ് ലൈസൻസ് പുതുക്കൽ നടപടികൾ ഓൺലൈനിലേക്ക് മാറുന്നത്. 21 വയസിന് താഴെയുള്ളവരുടെ ലൈസൻസ് പുതുക്കുന്ന ജോലികൾ ഈമാസം 16 മുതൽ ഓൺലൈനാകും. നഷ്ടപ്പെട്ട ലൈസൻസ് വീണ്ടെടുക്കലും, കേടുപറ്റിയ ലൈസൻസ് മാറ്റിയെടുക്കലും ഈമാസം 30 മുതൽ പൂർണമായി ഓൺലൈനാകും. ഡ്രൈവിങ് മേഖലയിൽ പ്രവർത്തന പരിചയം തെളിയിക്കുന്ന എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് നവംബർ 13 മുതലാണ് മുഴുവനായും ഓൺലൈനിലേക്ക് മാറ്റുക.
നവംബർ 27 മുതൽ മുഴുവൻ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ നടപടികളും ഇതിലേക്ക് മാറും. ആർ ടി എയുടെ സ്മാർട്ട് ആപ്പ്, സ്മാർട്ട് കിയോസ്‌ക്, കോൾ സെന്റർ എന്നിവ മുഖേന ഈ നടപടികൾ പൂർത്തിയാക്കാനാകും.

ഇതിന് പുറമെ അംഗീകൃത കണ്ണ് പരിശോധനാ കേന്ദ്രങ്ങളിലും ലൈസൻസ് പുതുക്കാൻ സൗകര്യമുണ്ടാകും. ആർ.ടി.എയുടെ ഇലക്ട്രോണിക് സേവനങ്ങളിൽ നേരത്തേ ഇവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലെ തിരക്ക് കുറക്കുന്ന നടപടികളുടെ ഭാഗമായി ഇവ പൂർണമായും ഇലക്ട്രോണിക് ചാനലുകൾ വഴിയാക്കാനാണ് തീരുമാനമെന്ന് ആർ.ടി. എ ലൈസൻസിങ് ഏജൻസി സി ഇ ഒ അഹമ്മദ് ഹാഷിം ബഹ്‌റൂസിയാൻ പറഞ്ഞു.