ഷാർജ: ഇനിമുതൽ ഡ്രൈവിങ് ലൈസൻസിനായി ആരും ട്രാഫിക് ആൻഡ് ലൈസൻസിങ് ഡിപ്പാർട്ട്മെന്റിൽ നേരിട്ട് എത്തേണ്ട കാര്യമില്ല. ഷാർജയിൽ ഡ്രൈവിങ് ലൈസൻസ് ഇനി ഓണലൈൻ ആയും ലഭിക്കും.വെബ്സൈറ്റ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങൾക്ക് ഗതാഗത ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് ഓഫീസിൽ നേരിട്ടെത്താതെ ലൈസൻസ് സ്വന്തമാക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി

ലൈസൻസിനായുള്ള ടെസ്റ്റുകൾ പാസായിക്കഴിഞ്ഞാൽ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പേരും ബാക്കി വിവരങ്ങളും രജിസ്റ്റർ ചെയ്യാം. www.moi.gov.ae എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രേഖകളുടെ പരിശോധനകൾ പൂർത്തിയായി ക്കഴിഞ്ഞാൽ ലൈസൻസ് വെബ്സൈറ്റിൽ അപ്്ലോഡ് ചെയ്യും.

നേരത്തെ കൊറിയർ മാർഗമായിരുന്നു ലൈസൻസ് വിതരണം ചെയ്തിരുന്നത്. ഇതിനായി നിശ്ചിതസംഖ്യ ഫീസായി ഈടാക്കുകയും ചെയ്തിരുന്നു. ലൈസൻസ് വിതരണം ഓൺലൈൻ വഴിയാക്കിയതോടെ ഈ ഫീസും ഒഴിവാക്കി.

ലൈസൻസിനായുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കമെന്ന് ഷാർജ പൊലീസ് വിശദീകരിച്ചു. ഇതിനായി ആഭ്യന്തരമന്ത്രാലയം പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്.