- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഡ്രൈവിങ്ങ് സ്കുൾ നാളെ മുതൽ തുറക്കും; അനുവദിക്കുക ഒരു സമയം ഒരു പഠിതാവിനെ മാത്രം; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: കഴിഞ്ഞ മൂന്നുമാസത്തിലധികമായി പൂട്ടിക്കിടക്കുന്ന ഡ്രൈവിങ് സ്‌കൂളുകൾ നാളെ മുതൽ വീണ്ടും തുറക്കും.ലോക്ക് ഡൗണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 മുതൽ പുനരാരംഭിക്കുന്ന തീരുമാനം ഗതാഗത മന്ത്രി ആന്റണി രാജുവാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചത്. കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചുകൊണ്ട് വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്നുമാണ് സർക്കാരിന്റെ നിർദ്ദേശം.
ഡ്രൈവിങ് പരിശീലന വാഹനത്തിൽ ഇൻസ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സ്ഥലങ്ങളിൽ ബന്ധപ്പെട്ട ദുരന്ത നിവാരണ അഥോറിറ്റി നിർദേശങ്ങൾക്കനുസരിച്ചായിരിക്കും ഡ്രൈവിങ് ടെസ്റ്റ് ആരംഭിക്കുക. ഓരോ സ്ഥലത്തും ഡ്രൈവിങ് ടെസ്റ്റ് ആരംഭിക്കുന്ന തീയതികൾ അതാത് ആർടിഒ സബ് ആർടിഒകളുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്.
കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിർത്തിവച്ചിരിക്കുകയായിരുന്നു. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തുടങ്ങിയതിനു പിന്നാലെയാണ് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും പുനഃരാരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ