ദുബായ്: ദുബായ് ഡ്രൈവിങ് ടെസ്റ്റിനുള്ള തിയറി നോളജ് ടെസ്റ്റിനുള്ള ഭാഷകളിൽ മലയാളത്തിനും അംഗീകാരം. ഡ്രൈവിങ് ടെസ്റ്റിനുള്ള പരീക്ഷ മലയാളത്തിൽ എഴുതാമെന്ന് നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിട്ടുണ്ടായിരുന്നുവെങ്കിലും ഇതു നടപ്പാക്കുന്നതിനുള്ള അംഗീകാരം ലഭിച്ചത് ഇപ്പോഴാണ്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) നടത്തുന്ന വിജ്ഞാന പരീക്ഷ ഇനി ആകെ 11 ഭാഷകളിൽ എഴുതാം.

മലയാളവും കൂടി തിയറി നോളജ് പരീക്ഷയിൽ ഉൾപ്പെടുത്തിയത് മലയാളികളായ പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടും. ഇതുവരെ ഇംഗ്ലീഷ്, അറബിക് ഉൾപ്പെടെ നാല് ഭാഷകളിലായിരുന്നു ചോദ്യങ്ങൾ. പരീക്ഷാർഥികൾ ആവശ്യപ്പെട്ടാൽ പരിഭാഷകരെ പരീക്ഷാകേന്ദ്രത്തിൽ ലഭ്യമാക്കിയിരുന്നു. ഇതിന് പകരമായാണ് മലയാളം ഉൾപ്പെടെ ഏഴ് ഭാഷകളിൽക്കൂടി ചോദ്യങ്ങളുണ്ടാക്കി നൽകുന്നത്.

കമ്പ്യൂട്ടറിൽ ഓൺലൈനിൽ ഉത്തരം രേഖപ്പെടുത്തുന്നതാണ് പരീക്ഷയുടെ രീതി. ചോദ്യവും സാധ്യതാ ഉത്തരവും ഇനി മലയാളത്തിലും സ്‌ക്രീനിൽ തെളിയും. മലയാളം, ഹിന്ദി, റഷ്യൻ, പേർഷ്യൻ, ചൈനീസ്, ബംഗാളി, തമിഴ് ഭാഷകളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പരിഭാഷകനെ ലഭിക്കുന്ന രീതി ആർ.ടി.എ. നിർത്തി.

ഉദ്യോഗാർത്ഥിക്ക് അവരുടെ മാതൃഭാഷയിൽ ചോദ്യങ്ങൾ ലഭിക്കുമെന്നതിനാൽ റോഡ് നിയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ വേണ്ടവിധത്തിൽ മനസിലാക്കി ഉത്തരമെഴുതാനാകും. പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ നീക്കം. വിവിധ രാജ്യക്കാർ ദുബായിൽ ഡ്രൈവിങ്ങ് ലൈസൻസ് നേടുന്നത് ഇനി വർദ്ധിക്കുമെന്നാണ് സൂചന.