റിയാദ്: സൗദി അറേബ്യയിൽ വാഹനമോടിക്കുന്നതിനിടയിൽ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ 150 റിയാൽ പിഴ ചുമത്താൻ റോഡ് ട്രാഫിക് വിഭാഗം തീരുമാനിച്ചു. ഇത് ട്രാഫിക് നിയമ ലംഘനത്തിന്റെ നാലാം പട്ടികയിലെ പതിനൊന്നാം നമ്പറായി ഉൾപ്പെടുത്തിയ നിയമ ലംഘനമായാണ് ഇനി രേഖപ്പെടുത്തപ്പെടുത്താനാണ് തീരുമാനം.

ഡ്രൈവിങ്ങിനിടയിൽ ഭക്ഷണം കഴിക്കുന്നത് വാഹനാപകടനങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു എന്ന പഠനറിപ്പോർട്ടിനെ തുടർന്നാണ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. നിരന്തരമായ ബോധവത്കരണം ഉണ്ടായിട്ടും ഡ്രൈവിങ്ങിനിടെ ആഹാരം കഴിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ട്രാഫിക് വിഭാഗം വക്താവ് അലി അൽഷ; റഷീദി വ്യക്തമാക്കി.

ഇതിനു പുറമേ ശിക്ഷാർഹമായ മറ്റു ചില നിയമലംഘനങ്ങളുടെ പട്ടിക കൂടി ട്രാഫിക് വിഭാഗം വെളിപ്പെടുത്തി. വാഹനത്തിൽ ആവശ്യമില്ലാത്ത സ്റ്റിക്കറുകളും മറ്റും പതിക്കുക, പൊതുസ്ഥലത്ത് വാഹനം കൂടുതൽ സമയം നിർത്തിയിടുക, അംഗവൈകല്യമുള്ളവരുടെ വാഹങ്ങൾക്കായി നീക്കി വച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക, ട്രാഫിക് ജാം ഉണ്ടാകുന്ന രീതിയിൽ സാവധാനത്തിൽ വാഹനം ഓടിക്കുക, ഓടിക്കൊണ്ടിരിക്കെ എന്തെങ്കിലും വസ്തുക്കൾ വാഹനത്തിനു പുറത്തേ ക്കിടുക, ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ വാഹനം ഓടിക്കുക, നടക്കാനുള്ള പ്രത്യേക  വഴികളിലൂടെ യല്ലാതെ നടക്കുക, കാൽനട യാത്രക്കാർക്കുള്ള സിഗ്‌നൽ ലംഘിക്കുക തുടങ്ങിയവക്കും പിഴ ചുമത്തും.