കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോൺ പറത്തി വിഡിയോ പകർത്താൻ ശ്രമിച്ചയാൾ പൊലീസ് കസ്റ്റഡിയിൽ. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. 37കാരനായ ഏറ്റുമാനൂർ മങ്കര കലുങ്ക് സ്വദേശി തോമസിനെയാണ് കസ്റ്റഡിയിലെടുത്തത്. യൂട്യൂബ് ചാനലിനു വേണ്ടിയാണ് ഡ്രോൺ ഉപയോഗിച്ചതെന്നു യുവാവ് പൊലീസിനോടു പറഞ്ഞു.

ദേവസ്വം അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ ഡ്രോൺ പറത്തുന്നത് കണ്ടെത്തിയത്. ഇതോടെ ജീവനക്കാർ തോമസിനെ തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.