- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മുവിൽ വീണ്ടും ആശങ്ക; ഡ്രോണുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത് നാലിടങ്ങളിൽ; സുരക്ഷ ശക്തമാക്കി സേനകൾ; ഡ്രോണുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത് സ്വാതന്ത്ര്യദിനത്തിനും കാശ്മീരിന്റെ പ്രത്യേക പദവി മാറ്റിയതിന്റെ രണ്ടാം വാർഷികത്തിനും ദിവസങ്ങൾ മാത്രം ശേഷിക്കെ
ശ്രീനഗർ: രാജ്യത്തിന് വീണ്ടും ആശങ്കയായി കാശ്മീരിൽ ഡ്രോണുകളുടെ സാന്നിദ്ധ്യം. ജമ്മുകാശ്മീരിലെ സാമ്പയിൽ സംശയാസ്പദമായ സാഹചര്യത്തിൽ നാല് ഡ്രോണുകളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്.കഴിഞ്ഞ 56 മണിക്കൂറിനിടെ ഇത് മൂന്നാംവട്ടമാണ് ജമ്മു കശ്മീരിന്റെ വിവിധഭാഗങ്ങളിൽ ഡ്രോണുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബഡി ബ്രാഹ്മണ മേഖലയിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്.
ഡ്രോണുകളിലെ ലൈറ്റുകൾ തെളിയുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കുകയായിരുന്നു. രാത്രി വൈകിയാണ് ഡ്രോണുകളുടെ സാന്നിധ്യം സംബന്ധിച്ച് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചതെന്ന് സാമ്പ എസ്.എസ്പി. രാജേഷ് ശർമ്മ പറഞ്ഞു.
ഇന്ന് കണ്ടെത്തിയ ഡ്രോണിന്റെ ഉറവിടം സംബന്ധിച്ച് ഔദ്യോഗികമായി സുരക്ഷാ സേന പ്രതികരിച്ചിട്ടില്ല. ഉറവിടം കണ്ടെത്താൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.അടുത്തിടെ കാലാചുക്കിൽ ഒരു ഡ്രോൺ സുരക്ഷാ സേന വെടിവെച്ചിട്ടിരുന്നു. ജൂണിൽ വ്യോമസേന താവളത്തിൽ ഡ്രോൺ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം സ്വാതന്ത്ര്യദിന ആഘോഷങ്ങളും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന്റെ രണ്ടാം വാർഷികവും വരാനിരിക്കെയാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത് എന്നത് കൂടുതൽ ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് ജമ്മു കശ്മീരിൽ ഇപ്പോൾ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ