ഇനി ആരും കാണില്ലെന്ന് കരുതി ആളൊഴിഞ്ഞ സ്ഥലങ്ങളിലും മരുഭൂമിയിലും മാലിന്യം വലിച്ചെറിയാൻ നില്ക്കണ്ട. അറിയാതെ പോലം ഇങ്ങനെ മാലിന്യം വലിച്ചെറിഞ്ഞാൻ ഇനി കുടുങ്ങും. നിയമലംഘകരെ കണ്ടത്തൊൻ ദുബൈ നഗരസഭ ആളില്ലാ ചെറുവിമാനങ്ങൾ രംഗത്തിറക്കുകയാണ്. നഗരപരിധിയിൽ റോന്തുചുറ്റുന്ന ഡ്രോണുകൾ നിയമലംഘകരുടെ ചിത്രങ്ങൾ പകർത്തി നഗരസഭാ ഓഫിസിലേക്കയക്കും. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് വൻ തുക പിഴ ചുമത്തും.

പരീക്ഷണമെന്ന നിലയിൽ ഒരു ഡ്രോൺ നഗരസഭയുടെ മാലിന്യ നിർമ്മാർജന വിഭാഗം രംഗത്തിറക്കി. പരീക്ഷണം വിജയകരമെന്ന് തെളിഞ്ഞതായും കൂടുതൽ പേടകങ്ങൾ ഈ വർഷം അവതരിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഖിസൈസ്, അൽ വർസാൻ, ജബൽ അലി എന്നിവിടങ്ങളിലെ നഗരസഭ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾക്ക് പുറമെ മരുഭൂപ്രദേശങ്ങൾ,
കടൽത്തീരങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധനക്കായി ഡ്രോണുകൾ ഉപയോഗിക്കും.

30 മീറ്റർ വരെ ഉയരത്തിൽ പറന്ന് ദൃശ്യങ്ങൾ പകർത്താൻ ഡ്രോണുകൾക്ക് ശേഷിയുണ്ട്. നിലവിൽ ഇവിടെയെല്ലാം നഗരസഭ ഇൻസ്‌പെക്ടർമാരാണ് പരിശോധന നടത്തുന്നത്. എന്നാൽ എല്ലായിടത്തും ഓടിയത്തൊൻ ഇൻസ്‌പെക്ടർമാർക്കാവുന്നില്ല. ഡ്രോണുകൾ രംഗത്തിറ ക്കുന്നതോടെ അധ്വാനവും സമയവും പണവും ഏറെ ലാഭിക്കാൻ കഴിയും. ഇൻസ്‌പെക്ടർ മാർക്ക് എത്തിച്ചേരാൻ കഴിയാത്ത ദുർഘട പ്രദേശങ്ങളിൽ പോലും കടന്നുചെന്ന് പരിശോധന നടത്താനും ഡ്രോണുകൾക്ക് കഴിയും.

മരുഭൂപ്രദേശങ്ങളിൽ തണുപ്പുകാലത്ത് ക്യാമ്പിങ് നടത്തുന്നവരും ബീച്ചുകളിൽ ഇറച്ചി ചുടുന്നവരും അവശിഷ്ടങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ചുകടക്കുന്നത് പതിവാണ്. ഇത്തരക്കാരെ ഇനി ഡ്രോണുകൾ കുടുക്കും. അനധികൃതമായി മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന ട്രക്കുകൾക്കെതിരെയും നടപടി വരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.