സൂറിച്ച്: പ്രശസ്തമായ സ്വിസ്  വാച്ചുകളുടെ കയറ്റുമതിയിൽ 2015-ൽ ഇടിവു നേരിട്ടതായി റിപ്പോർട്ട്. ഇതാദ്യമായാണ് 2009-നു ശേഷം കയറ്റുമതിയിൽ തളർച്ച അനുഭവപ്പെടുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഏതാനും വർഷങ്ങളായി കയറ്റുമതിയിൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തിയതിനു ശേഷം 2015-ൽ 3.3 ശതമാനം ഇടിയുകയായിരുന്നു. ഇതു മൂലം കമ്പനിക്ക് 21.5 ബില്യൺ ഫ്രാങ്കിന്റെ നഷ്ടമാണ് സംഭവിച്ചതെന്ന് ഫെഡറേഷൻ ഓഫ് ദ സ്വിസ് വാച്ച്  ഇൻഡസ്ട്രി (എഫ്എച്ച്എസ്) വ്യക്തമാക്കി.

ഇതിനു വിപരീതമായി 2014-ൽ സ്വിച്ച് വാച്ച് നിർമ്മാതാക്കൾ 22.2 ബില്യൺ ഫ്രാങ്കിന്റെ കയറ്റുമതിയാണ് നടത്തിയിരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് അത് 1.9 ശതമാനം മുകളിലായിരുന്നു. 2009-ൽ ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയപ്പോഴാണ് സ്വിസ് വാച്ചുകളുടെ കയറ്റുമതിയിൽ ഇടിവ് ആദ്യമായി നേരിട്ടത്.  ഏഷ്യൻ മാർക്കറ്റിൽ സ്വിസ് വാച്ചുകളുടെ ഡിമാൻഡ് കുറഞ്ഞതാകാം കയറ്റുമതിയെ സാരമായി ബാധിച്ചതെന്ന് കരുതപ്പെടുന്നു. ഏഷൻ മാർക്കറ്റിൽ 9.1 ശതമാനം കുറവാണ് ഡിമാൻഡിൽ നേരിട്ടിട്ടുള്ളത്. സ്വിസ് വാച്ചുകളുടെ കയറ്റുമതിയിൽ പകുതിയോളം ഇങ്ങനെ ബാധിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.

ഹോങ്കോംഗ് മാർക്കറ്റിൽ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങളും സ്വിസ് വാച്ച് കയറ്റുമതിയെ ഉലച്ചു. ലക്ഷ്വറി ടൈംപീസുകളുടെ പ്രധാന ഉപയോക്താക്കളായ ഹോങ്കോംഗ് മാർക്കറ്റിൽ 2015-ൽ 22.9 ശതമാനം ഓർഡറുകളാണ് ഉണ്ടായിരുന്നത്. ചൈനയിലേക്കുള്ള കയറ്റുമതിയിലും കഴിഞ്ഞ വർഷം 4.7 ശതമാനം കുറവാണ് ഉണ്ടായിരുന്നത്. എന്നാൽ വർഷാവസാനം ആയപ്പോഴേയ്ക്കും ഓർഡർ 5.5 ശതമാനം വരെ ഉയർത്തുന്നതിൽ  ചൈന മാർക്കറ്റ് വിജയിച്ചിരുന്നു.

യൂറോയ്ക്കു നേരെ സ്വിസ് ഫ്രാങ്കിന്റെ വിലയിലുണ്ടായ ഏറ്റക്കുറച്ചിലും സ്വിറ്റ്‌സർലണ്ടിൽ നിന്നുള്ള കയറ്റുമതി ബിസിനസിനെ സാരമായി ബാധിച്ചിരുന്നു. ഇത് സ്വിസ് വാച്ചുകളേയും നേരിട്ടും അല്ലാതെയും ബാധിച്ചുവെന്നും കാരണമായി പറയപ്പെടുന്നു.