പ്രായം എതാണ്ട് 40-45 വരും. നന്നായി മദ്യപിച്ചിട്ടുണ്ട്. രണ്ട് ഗുളിക ചോദിച്ചാണ് ഇയാൾ ആസുപത്രിയിൽ ഡോക്ടർ ഷിനു ശ്യാമളന്റെ അടുത്തെത്തിയത്. തിരികെ പോയതാവട്ടെ ഒരു വെളുത്ത തുണിക്കെട്ടായി. ഭാര്യ അമേരിക്കയിൽ നഴ്‌സ്. നാട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രം. ഭാര്യയിൽ നിന്നും ഒറ്റപ്പെട്ടു പോയ മനുഷ്യനെ കുറിച്ച് ഡോക്ടർ ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ് വൈറലാകുന്നു.

 ** 2 ഗുളിക വാങ്ങാൻ വന്നു പക്ഷേ ... **

രാവിലെ പതിവിലും വിപരീതമായി തിരക്കു കുറവാണ് ഒപിയിൽ.ഞാനും മെഡിക്കൽ ഓഫീസറും ഉണ്ട്.
വെളിച്ചതോട്ട് നോക്കുമ്പോ കണ്ണടഞ്ഞ് പോകുന്നു സാറേ എന്നും പറഞ്ഞ് ഒരു 40 45 പ്രായം തോന്നിക്കുന്ന ഒരു പുരുഷൻ.
'രാത്രി ചെറുതായി രണ്ടെന്നും അടിച്ചതുകൊണ്ട് ഉറങ്ങാൻ പറ്റിയില്ല സാറേ അതാകും.'
നല്ല മണം വരുന്നുണ്ട്.. രണ്ടെണ്ണം പോലും എന്നു ഞാൻ മനസ്സിൽ പറഞ്ഞു..
'കണ്ണിനു വേദനയുമുണ്ട് സാറേ. രണ്ട് വേദനയുടെ ഗുളിക തന്നാ മതിയെന്നേ'
ഒരുപക്ഷേ നല്ല മദ്യത്തിന്റെ മണം ഉള്ളതുകൊണ്ടാകും മദ്യപിച്ച് വഴിയിൽ എങ്ങാനും കിടന്നായിരുന്നോയെന്ന് സർ അയാളോട് ചോദിച്ചു
'ഓർമയില്ല സാറേ ,ഒന്നോ രണ്ടോ ദിവസം വഴിയിൽ വീണ ഓർമ്മയുണ്ട്.പിന്നെ വെള്ളം കാണുംമ്പോൾ എന്തോ പോലെ..'
അപ്പോ ചെറിയ സംശയം തോന്നി.പക്ഷേ ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ല..
കൂടുതൽ പരിശോധനയ്ക്കായി സാർ അയാളെ ഒബ്‌സർവേഷൻ റൂംമിലേയ്ക്ക് കൊണ്ടുപോകാൻ എന്നോട് പറഞ്ഞു.
അതെ സംശയം ശെരിയാണ്.ഭയാനകമായ പേവിഷബാധയാണ്.
മരുന്ന് ഇന്നേ വരെ കണ്ടുപിടിച്ചിട്ടില്ലാത്ത രോഗം.
'വീട്ടിൽ ആരൊക്കെ ഉണ്ട്??' ഞാൻ ചോദിച്ചു.
ഭാര്യ അമേരിക്കയിലാണ് സാറേ.നഴ്‌സ് ആണ്. രണ്ട് മക്കൾ എന്റെ കൂടെയാണ്..നല്ല ജോലിയാണ് ..വർഷത്തിൽ ഒന്ന് വരും.അവൾ വരുമ്പോൾ ഞങ്ങളുടെ വീട്ടിൽ ഉത്സവം ആണ് സാറേ.അവളെ ഓർക്കാത്ത ദിസങ്ങളില്ല...'
രോഗവിവരം പറഞ്ഞിട്ടില്ലാത്തത്തുകൊണ്ടാവാം അയാൾ വാചാലനായി.അതോ ഒറ്റക്കായിപോയ ജീവിതത്തിൽ ഒരാളോട് സംസാരിച്ചപ്പോൾ കിട്ടുന്ന ആശ്വാസം കൊണ്ടോ ആവാം അയാൾ തുടർന്നു..
'2 മക്കൾ ആണ്..മൂത്തവൻ 8 ക്ലാസ്സിൽ പഠിക്കുന്നു. മോൾ 4 ക്ലാസ്സിൽ..മിടുക്കരാണ് നന്നായി പഠിക്കും.എനിക്ക് കുഴപ്പമൊന്നും ഇല്ലലോ അല്ലെ??'
ഞാൻ ചോദിച്ചു ' മദ്യപിച്ച് വഴിയിൽ വീണു എന്ന് പറഞ്ഞില്ലേ അന്നു പട്ടി എങ്ങാനും കടിച്ചിരുനോ?
'ഓർമയില്ല സർ.മുറിവ് ഒന്നും അങ്ങനെ കണ്ടില്ല.ഇനി മാന്തിയോ പല്ലൂകൊണ്ടോ എന്നറിയില്ല.'
അപ്പോഴേക്കും അയാളുടെ സ്വരം പതറി തുടങ്ങിയിരുന്നു.അയാൾക്ക് മനസ്സിൽ എന്തോ ഭയം കൂടിയതുപോലെ എനിക്ക് തോന്നി.
ഞാൻ അയാളോട് കാര്യം പറഞ്ഞു.കുറച്ച് നിമിഷം മൂകത ആയിരുന്നു.എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്ന് എനിക്കറിയില്ലായിരുന്നു.
ഞാൻ കേസ് ഷീറ്റ് എഴുതുന്നത് തുടർന്നു.അയാൾ വീണ്ടും മനസ്സ് തുറന്നു.
'വേണമെന്ന് വിചാരിച്ചല്ല സാറേ കുടിക്കുന്നത്. കാശു വേണ്ടെ ജീവിക്കാൻ.അതുകൊണ്ടാ അവള് അവിടെ ഒറ്റക്ക് കഷ്ടപ്പെടുന്നത്.മക്കളും ഞാനും മാത്രം ഇവിടെ ..അവർ പഠിക്കാൻ ഒക്കെ പോകുമ്പോൾ വീട്ടിൽ തനിച്ചാകുമ്പോൾ ഒരു സങ്കടം... അവള് കുടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നും.ഞാൻ ഇങ്ങനെ ആയിപ്പോയി.എന്റെ മക്കളെ കുറിച്ചോർക്കുമ്പോളാണ് സങ്കടം.'
അയാൾ വീട്ടിൽ പോകുന്നില്ല എന്ന് പറഞ്ഞു.ആശുപത്രിയിൽ ഉള്ള റാബീസ് സെല്ലിലേക്ക് അയാളെ അഡ്‌മിറ്റാക്കി.
ആ കാഴ്‌ച്ച വേദനാജനകം ആണ്.എന്നും അ വഴി പോകുമ്പോ നെഞ്ച് ഒന്നുപിടയും. ഇന്നോ നാളെയോ മരണം കാത്ത് കിടക്കുന്ന വ്യക്തി.
പാവം അയാളുടെ കുടുംബം..ഭാര്യയും മക്കളും ..
പട്ടി കടിച്ചാൽ എത്രയും വേഗം പ്രതിരോധ കുത്തിവെപ്പ് എടുത്താൽ പേവിഷബാധ വരാതെ നോക്കാം.പക്ഷേ മദ്യത്തിന്റെ ലഹരിയിൽ പട്ടി മാന്തിയതോ അല്ലെങ്കിൽ പല്ല് കൊണ്ടത്തോ അയാൾ അറിഞ്ഞിട്ടുണ്ടാകില്ല..
ഒരുവശത്ത് കുടുംബത്തിനായി ദൂരെ ദേശത്തു നഴ്‌സ് ആയി ജോലി നോക്കുന്ന അമ്മ.മറുവശത്ത് മക്കളെ നോക്കി അച്ഛൻ.ഏകാന്തതയിൽ മധ്യത്തിൽ മുങ്ങിപ്പോയ ഒരു അച്ഛൻ..ആരെയും പഴിച്ചിട്ടു കാര്യം ഇല്ല.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അയാൾ മരിച്ചു..
രണ്ട് ഗുളിക ചോദിച്ച് വന്ന മനുഷ്യൻ മടങ്ങുന്നതോ ഒരു തുണികെട്ടായി..
വിളക്ക് അണഞ്ഞ കുടുംബം ഇരുട്ടിൽ തപ്പാത്തെ ഇരിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം...
Dr Shinu Syamalan
(N.B:ജീവിക്കാൻ ഓടുന്ന നെട്ടോട്ടത്തിൽ പരസ്പരം സ്‌നേഹിക്കുവാനും ഒരുമിച്ച് പങ്കിടുവാനും കുറച്ച് നേരം നമുക്ക് മാറ്റിവയ്ക്കാം.)