കോഴിക്കോട്: കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ അമ്പത് ലക്ഷത്തിലധികം വില വരുന്ന എം ഡി എം എ എന്ന മാരകമായ മയക്കുമരുന്ന് പാലാഴിയിൽ വെച്ച് പിടികൂടി. ഫറോക്ക് എക്‌സൈസ് റേഞ്ച് ഓഫീസും കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

എക്‌സൈസ് പാർട്ടിയെ വെട്ടിച്ച് കടത്താൻ ശ്രമിച്ച വാഹനത്തെ പിന്തുടർന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. നിലമ്പൂർ പനങ്കയം വടക്കേടത്ത് വീട്ടിൽ ഷൈൻ ഷാജി (22) നെ കസ്റ്റഡിയിൽ എടുത്തു. കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

കോവിഡ് കാലത്ത് ഫ്‌ളാറ്റിൽ കഴിയുന്ന ആവശ്യക്കാർക്കും കോഴിക്കോട്ടെ നിശാ പാർട്ടി സംഘാടകർക്കുമായി ആലുവയിൽ നിന്നും കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് പ്രതി എക്‌സൈസിന് മൊഴി നൽകി.

ഫറോക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ കെ സതീശൻ, ഇന്റലിജൻസ് എക്‌സൈസ് ഇൻസ്‌പെക്ടർ എ പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം അബ്ദുൾ ഗഫൂർ, ടി ഗോവിന്ദൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി അജിത്ത്, അർജുൻ, വൈശാഖ്, എൻ സുജിത്ത്, വി അശ്വിൻ, എക്‌സൈസ് ഡ്രൈവർ പി സന്തോഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ വലയിലാക്കിയത്.

ഗോവ, ബംഗളൂരു എന്നിവടങ്ങളിൽ നിന്നാണ് സിന്തറ്റിക് ഡ്രഗ് പ്രധാനമായും കേരളത്തിൽ എത്തുന്നത്. ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെയുംതേടി വരും എന്നതാണ് എം ഡി എം എ എന്ന സിന്തറ്റിക് ഡ്രഗിന്റെ പ്രത്യേകത. അടുത്തിടെ നഗരത്തിൽ പലയിടങ്ങളിൽ നിന്നായി വലിയ അളവിൽ എം ഡി എം എ പിടികൂടിയിട്ടുണ്ട്