- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്ന് കേസിൽ പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പും അനൂപ് മുഹമ്മദ് ബിനീഷിനെ വിളിച്ചു; ഓഗസ്റ്റ് 19 ന് ഫോണിൽ വിളിച്ചത് അഞ്ച് തവണ; ഫോൺ രേഖകളുടെ വിശദാംശങ്ങൾ പുറത്തു വരുമ്പോൾ ബിനീഷ് കോടിയേരി കൂടുതൽ പ്രതിരോധത്തിൽ; മയക്കുമരുന്ന് കേസിൽ പെട്ടപ്പോൾ രണ്ടാം പ്രതിയെ തള്ളിപ്പറഞ്ഞത് സ്വയം രക്ഷക്കെന്ന സൂചന ശക്തം; കന്നഡ സിനിമാ നടീനടന്മാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു ക്രൈംബ്രാഞ്ച്; നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കർ അറസ്റ്റിൽ
തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്നു കേസിൽ രണ്ടാം പ്രതിയായ അനൂപ് മുഹമ്മദുമായുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ബന്ധത്തിന്റെ കുടൂതൽ തെളിവുകൾ പുറത്തേക്ക്. കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദുമായി ബിനീഷിന് നിരന്തരം ബന്ധമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ഫോൺവിളി രേഖകളാണ് പുറത്തുവന്നത്. അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ബിനീഷ് കോടിയേരിയെ വിളിച്ചതായുള്ള വിവരം പുറത്തുവരുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.
ബിനീഷും അനൂപും തമ്മിൽ നിരന്തരം ബന്ധമുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ഫോൺവിളി രേഖയിൽ വ്യക്തമാകുന്നത്. ഓഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് അറസ്റ്റിലാവുന്നത്. ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് ബിനീഷിനെ അനൂപ് വിളിച്ചത്. ഓഗസ്റ്റ് 13 ന് എട്ട് മിനിറ്റിലേറെ ഇരുവരും സംസാരിച്ചിട്ടുണ്ട്. അതേസമയം അനൂപ് മുഹമ്മദിനെ അടുത്തറിയാമെന്നും വർഷങ്ങളായുള്ള പരിചയവും സൗഹൃദവുമുണ്ടെന്നും ബിനീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അനൂപ് ഇത്തരമൊരു കേസുമായി ബന്ധമുള്ള ആളാണെന്നത് അവിശ്വസനീയമായ വാർത്തയാണെന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. തനിക്കും സുഹൃത്തുക്കൾക്കും മാത്രമല്ല അനുപ് മുഹമ്മദിന്റെ അച്ഛനും അമ്മയും അടക്കം അടുത്ത ബന്ധുക്കൾക്കുപോലും ഈ വിവരം ഞെട്ടലാണെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിൽ വിവിധയിടങ്ങളിലായി 47 പേരാണ് ഇന്ന് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കേന്ദ്ര ഏജൻസിയായ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ ബെംഗളൂരു സോണും, ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചുമാണ് കേസന്വേഷിക്കുന്നത്. നഗരത്തിൽ വ്യാപക പരിശോധനകൾ തുടരുകയാണ്. സീരിയൽ നടി അനിയാണ് കേസിൽ ഒന്നാം പ്രതി. അനൂപിനു വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്ന ആരോപണത്തോടെ കേസ് കേരളത്തിൽ രാഷ്ട്രീയ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.
അതിനിടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ കന്നഡ സിനിമാ രംഗത്തുനിന്നും ഒരാൾ കൂടി അറസ്റ്റിലായി. നടി രാഗിണി ദ്വീവേദിയുടെ സുഹൃത്തായ രവിശങ്കറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. കന്നഡ ചലച്ചിത്ര താരം രാഗിണി ദ്വിവേദിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. കേസന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യലിനു ഓഫിസിൽ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കേസിൽ കൂടുതൽ പേർ പിടിയിലാവാനുണ്ടെന്നു നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. പിടിയിലായവരിൽ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കണമെന്നു നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപോർട്ടിൽ ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്നത് സപ്തംബർ 9ലേക്കു മാറ്റി.
നടിയുടെ സുഹൃത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യുന്നതെന്നാണു സൂചന. ഓഗസ്റ്റ് 21നാണ് കന്നഡ ചലച്ചിത്രമേഖലയിലെ കലാകാരന്മാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെന്ന് സംശയിക്കുന്ന സംഘത്തെ എൻസിബി അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നു സംസ്ഥാനത്തെ സെലിബ്രിറ്റികളുടെയും മോഡലുകളുടെയും പേരുകൾ ഉൾക്കൊള്ളുന്ന ഡയറി കണ്ടെടുത്തതായാണു വിവരം. തുടർന്ന് സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് നടന്മാർക്കെതിരേ രംഗത്തെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ ഇന്ദ്രജിത് ലങ്കേഷിൽ നിന്നു വീണ്ടും വിവരങ്ങൾ തേടുമെന്നും തെളിവുകൾ നൽകാൻ ആവശ്യപ്പെടുമെന്നും ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. മയക്കുമരുന്ന് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ അഭിനേതാക്കളെയും കലാകാരന്മാരെയും മോഡലുകളെയും സിസിബി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇന്ത്യാ ടുഡേ റിപോർട്ട് ചെയ്തു.
ബെംഗളൂരുവിൽ അറസ്റ്റിലായ ലഹരിമരുന്ന് കേസ് പ്രതികൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസാണ് ആരോപണം ഉന്നയിച്ചത്. സാമ്പത്തിക സഹായം നൽകുന്നത് അടക്കമുള്ള വളരെ അടുത്ത ബന്ധം പ്രതികളുമായി ബിനീഷിന് ഉണ്ടെന്നാണ് ആരോപണം. ലഹരിമരുന്നു കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് ജൂലൈ 10ന് വന്ന കോളുകൾ പരിശോധിക്കണം. ആ ദിവസമാണ് സ്വപ്ന സുരേഷ് ബെംഗളൂരുവിൽ പിടിക്കപ്പെട്ടത്. അനൂപിന്റെ മൊഴിയിൽ നിന്നു തന്നെ ബന്ധം വ്യക്തമാണെന്നും പി.കെ.ഫിറോസ് പറഞ്ഞു. സ്വർണക്കടത്ത് പ്രതി റമീസുമായും അനൂപിന് ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ