കോതമംഗലം: നെല്ലിക്കുഴിയിൽ നിന്നും കഞ്ചാവിൽ നിന്നും വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ നടന്ന അന്വേഷണത്തിൽ സുപ്രധാന വിരങ്ങൾ എക്സൈസ് സംഘത്തിന് ലഭിച്ചതായി സൂചന. ഗൾഫ് രാജ്യങ്ങളിൽ വരെ വ്യാപിച്ച് കിടക്കുന്ന മയക്കുമരുന്ന് വ്യാപാര സംഘത്തിന്റെ ശൃംഘയിൽ മേഖലയിൽ നിന്നുള്ള കണ്ണികളെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ അധികൃതർക്ക് ലഭിച്ചതായിട്ടാണ് അറിയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ തയ്യാറല്ല.


ഉന്നത രാഷ്ട്രിയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ ഇടപെടലാണ് അന്വേഷണ ഉദ്യോസ്ഥരുടെ മേൽ നിയന്ത്രണ മേർപ്പെടുത്തിയിട്ടുള്ളതെന്നാണ് സൂചന. വർഷങ്ങളായി ഈ മേഖലയിൽ നടന്നു വന്നിരുന്ന ലഹരിമരുന്ന് വ്യപാരത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നവർ ചില്ലറക്കാരല്ലന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. തനിക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകിയത് തൃശ്ശൂർ പന്തൽ പാടത്ത് കരയിൽ തച്ചംകുളം വീട്ടിൽ വിനു ആണെന്ന് പിടിയിലായ ബീ ഡി എസ് വിദ്യാർത്ഥിനി എക്സൈസ് അധികൃതരോട് വെളിപ്പെടുത്തിയിട്ടുള്ളത്.നഗരത്തിലെ പ്രമുഖ ദന്തൽകോളേജിലെ വിദ്യാർത്ഥിനിയായ ശ്രൂതി ഇവിടെ ഒരു വീട്ടിൽ പെയിങ് ഗസ്റ്റായി താമിച്ചുവരികയായിരുന്നു.

വിനുവിനെ പിടികൂടാൻ ലക്ഷ്യമിട്ട് തങ്ങൾ നടത്തിയ നീക്കം നിമിഷങ്ങളുടെ വ്യത്യാസത്തിൽ പരാജയപ്പെടുകയായിരുന്നെന്നാണ് അധികൃതർ മാധ്യമങ്ങളുമായി പങ്കിട്ട വിവരം. കരിപ്പൂരിൽ നിന്നും വിനു ഇന്നലെ ഗൾഫിലേക്ക് പറന്നെന്നാണ് ഒടുവിൽ അധികൃതരിൽ നിന്നും ലഭിച്ച വിവരം. വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തെ രേഖാമൂലം വിവരം അറിയിച്ചിട്ടുള്ളതിനാൽ ഇയാളെ അവിടെ വിമാനത്താവള അധികൃതർ പിടികൂടി, തിരിച്ചയക്കാൻ സാധ്യതയുണ്ടെന്നാണ് എക്സൈസ് സംഘത്തിന്റെ കണക്കുകൂട്ടൽ. ശ്രുതിയിൽ നിന്നും മേഖലയിലെ മയക്കുമരുന്ന് വ്യാപാരത്തെ കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.ഇതേക്കുറിച്ച് കൂടുതലൊന്നും ചോദിക്കേണ്ടെന്നും വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

പെൺകുട്ടിയെ മയക്കുമരുന്നുമായി കസ്റ്റഡിയിൽ എടുത്തതായുള്ള വർത്ത ഇന്നലെ രാവിലെ മുതൽ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ വൈകിട്ട് മുഴുവൻ വിവരങ്ങളും നൽകാമെന്ന് മറുനാടനോട് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ വൈകിട്ട് 5 മണിയോടെ എക്സൈസ് റെയിഞ്ചോഫീസിലെത്തിയ ഈ ലേഖകനോട് കൂടുതൽ വിവരങ്ങളൊന്നുമില്ലന്നും എല്ലാം പ്രസ്സ് റിലീസിലുണ്ടെന്നും വ്യക്തമാക്കി ഉത്തരവാദിത്വപ്പെട്ട ഉദ്യേഗസ്ഥർ പിൻവലിഞ്ഞു. പെൺകുട്ടിയെ കുറിച്ചോ കുടുംബത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തു വിടരുത് എന്ന തരത്തിൽ രാഷ്ട്രീയ - ഉദ്യോഗസ്ഥ ഇടപെടലുണ്ടായതായിട്ടാണ് ലഭ്യമായ വിവരം. അസി: കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ റെയിഞ്ചോഫീസിലെത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നാണ് അറിയുന്നത്

പിടിയിലായ ശ്രുതിക്ക് ഹാഷീഷ് ഓയിൽ എത്തിച്ചു വിനു ആഴ്ചയിൽ ഒരിക്കൽ കേരളത്തിലെത്തി ഗൾഫിലേക്ക് മടങ്ങുന്നുണ്ടെന്നാണ് എക്സൈസിന് ഒടുവിൽ ലഭിച്ച വിവരം. ഇയാൾ സ്വർണം കടത്തുന്ന സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നുള്ള സംശയവും അധികൃതർക്കുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേറെയുള്ള കോതമംഗലത്ത് വനിത ഹോസ്റ്റലുകളിൽ പോലും മയക്കുമരുന്നിന്റെ ശക്തമായ സാന്നിദ്ധ്യം ഉണ്ടെന്ന് പൊലീസ് രഹസ്യന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. നേരത്തെ കഞ്ചാവായിരുന്നു ഈ മേഖലയിൽ കടുതലും വിറ്റഴിഞ്ഞിരുന്ന പ്രധാന ലഹരിവസ്തു. ഇപ്പോൾ ദ്രാവക രൂപത്തിലും ഗുളിക രൂപത്തിലും മറ്റും ലഭിക്കുന്ന ഇത്തരം വസ്തുക്കളോടാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് പ്രിയം .

വൻ തുക മുടക്കിയാലെ ചെറിയ അളവിൽ ഇത്തരം മയക്കുമരുന്നുകൾ സ്വന്തമാക്കാനാവു.പണമില്ലാത്ത അവസരത്തിൽ ,മരുന്ന് ,കിട്ടാൻ ഉപഭോക്താക്കൾ എന്തിനും തയ്യാവുന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്നത് മയക്കുമരുന്ന് മാഫിയ വേണ്ടവണ്ണം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്. അടുത്തിടെ ഇടുക്കി - എറണാകുളം പാതയിൽ നിന്നും ബൈക്കിലും കാറിലുമായി കഞ്ചാവ് കടത്തിയതിന് നിരവധി വിദ്യാർത്ഥികളെ എക്സൈസ് - പൊലീസ് അധികൃതർ പിടികൂടിയിരുന്നു.

ഇടുക്കിയിൽ നിന്നും മറ്റും കൊണ്ടുവരുന്ന ലഹരി ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാന തൊഴിലാളികൾ ഏറെ തമ്പടിച്ചിട്ടുള്ള നെല്ലിക്കുഴി മേഖലയിൽ ചില്ലറ വിൽപ്പന നടക്കുന്നുണ്ടെന്നും കോതമംഗലം ലഹരിമരുന്ന് കടത്തൽ സംഘങ്ങളുടെ ഇടത്താവളമായി മാറിയിട്ടുണ്ടെന്നും എക്സൈസ സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ സംഭവത്തെ കുറച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നുംക്രിസ്തുമസ് , പുതു വർഷം പ്രമാണിച്ച് പരിശോധനകൾ കർക്കശമാക്കുമെന്നും കോതമംഗലം എക്സ് സൈസ് ഇൻസ്‌പെക്ടർ റ്റി.ഡി സജീവൻ വെളിപ്പെടുത്തി.