ന്യൂയോർക്ക്: മയക്കുമരുന്നിനടിമയായ യുവാവ് അമേരിക്കയിലെ ടൈംസ് സ്‌ക്വയറിൽ കാൽനടയാത്രക്കാർക്കുനേരെ കാറോടിച്ചുകയറ്റി ഒരു യുവതിയെക്കൊന്നു. 22 പേർക്ക് പരിക്കേറ്റു. യൂറോപ്പിൽ വിവിധയിടങ്ങളിൽ ഭീകരർ വാഹനമുപയോഗിച്ച് നടത്തിയ ആക്രമണങ്ങൾ കണ്ട് പ്രചോദിപ്പിക്കപ്പെട്ട തനിക്ക്, എല്ലാവരെയും കൊല്ലുകയെന്നതായിരുന്നു ഉദ്ദേശ്യമെന്ന് പൊലീസ് പിടിയിലായ യുവാവ് പറഞ്ഞു. ന്യുയോർക്കിലെ മിഡ്ടൗൺ മാൻഹട്ടണിലാണ് സംഭവം.

ബ്രോൺക്‌സിൽനിന്നുള്ള മുൻ സൈനികൻകൂടിയായ 26-കാരൻ റിച്ചാർഡ് റോജാസാണ് ആക്രമണം നടത്തിയെന്ന് പൊലീസ് പറഞ്ഞു. വഴിയാത്രക്കാർക്കിടയിലേക്ക് വാഹനമോടിച്ചുകയറ്റിയശേഷം രക്ഷപ്പെടാൻ ശ്രമിച്ച റോജാസിനെ ശ്രമപ്പെട്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ ഒരു പൊലീസ് ഓഫീസർക്കും പരിക്കേറ്റു. റോജാസ് കൃത്രിമ മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

മിഷിഗണിൽനിന്നുള്ള അലീസ എൽസ്മൻ എന്ന യുവതിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിവേഗത്തിൽ തന്റെ ഹോണ്ട സെഡാൻ ഓടിച്ചുവന്ന റോജാസ് അത് യാത്രക്കാർ കൂടുതലുണ്ടായിരുന്ന ഭാഗത്തേയ്ക്ക് ഇടിച്ചുകയറ്റുകയായിരുന്നു. മൂന്ന് ബ്ലോക്കുകളോളം കടന്നുപോയശേഷമാണ് ഒു തൂണിലിടിച്ച് വാഹനം നിന്നത്. എല്ലാവരെയും കൊല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പറഞ്ഞ റോജാസ്, പൊലീസ് തന്നെ വെടിവെച്ചുകൊല്ലുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വ്യക്തമാക്കി.

സൈന്യത്തിൽനിന്ന് വിരമിച്ചയാളെങ്കിലും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് റോജാസ്. മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചും വാഹനമോടിച്ചതിന് പലകുറി പൊലീസ് പിടികൂടിയിട്ടുണ്ട്. കെ2 എന്നറിയപ്പെടുന്ന കൃത്രിമ മരിജുവാനയാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്നു. റോജാസിന്റെ മാനസിക നിലയ്ക്ക് കുഴപ്പമുണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

പരിക്കേറ്റ 22 പേരിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി. നിസ്സാര പരിക്കുകളേറ്റ 15-ഓളം പേരെ പ്രഥമശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. മരിച്ച എൽസ്മന്റെ 13 വയസ്സുള്ള സഹോദരിയും ഗുരുതരാവസ്ഥയിലാണ്.