ഡബ്ലിൻ: ഡ്രിങ്ക് ഡ്രൈവിങ് പോലെ തന്നെ ഡ്രഗ് ഡ്രൈവിങ് നടത്തുന്നവരേയും പിടികൂടാൻ ശക്തമായ നടപടികളുമായി ഗതാഗത മന്ത്രി. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതു പോലെ തന്നെ മയക്കുമരുന്നുപോലെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ അടുത്ത വർഷം മുതൽ ഗാർഡ തെരുവിൽ നിൽക്കുമെന്നാണ് അറിയിപ്പ്. ഇതിനായി 150 ടെസ്റ്റിങ് ഉപകരണങ്ങളാണ് കൊണ്ടുവരുന്നതെന്ന് മന്ത്രി അറിയിച്ചു.

ഡ്രിങ്ക് ഡ്രൈവർമാർക്കെതിരേ സ്വീകരിക്കുന്നതു പോലെയുള്ള നിയമനടപടികൾ തന്നെ കൊക്കെയ്ൻ, കഞ്ചാവ് പോലെയുള്ള മയക്കു മരുന്നുകൾ കഴിച്ച് വാഹനമോടിക്കുന്നവർക്കെതിരേയും സ്വീകരിക്കുന്ന തരത്തിൽ പുതിയ നിയമ നിർമ്മാണം കൊണ്ടുവരുമെന്നാണ് മന്ത്രി പാസ്‌ക്കൽ ഡൊണഹേ വ്യക്തമാക്കുന്നത്. മയക്കു മരുന്ന് കഴിച്ചിട്ടുണ്ടെന്ന് സംശയം തോന്നുന്ന പക്ഷം ഗാർഡ കവിളിനുള്ളിൽ നിന്ന് പഞ്ഞി കൊണ്ട് ഉമിനീർ ശേഖരിക്കുകയും പിന്നീട് അത് പ്രത്യേക ഉപകരണം മൂലം തിരിച്ചറിയുകയും ചെയ്യുന്ന തരത്തിലാണ് പുതിയ റോഡ് സൈഡ് പരിശോധന.

ഡ്രഗ് ഡ്രൈവിങ്, ഡ്രിങ്ക് ഡ്രൈവിങ് പോലെ തന്നെയുള്ള കുറ്റമാകുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് പറയുന്നത്. അതേസമയം മദ്യപിച്ച് വാഹനമോടിക്കുന്നവർക്കു നേരെ സ്വീകരിക്കുന്ന സമാന നിയമ നടപടിയാണ് ഡ്രഗ് ഡ്രൈവർമാർക്കെതിരേ സ്വീകരിക്കുന്നതെങ്കിൽ 5000 യൂറോ പിഴയും ആറു മാസം തടവും അനുഭവിക്കേണ്ടി വരും.