ഡബ്ലിൻ: മരുന്നുകളുടെ വില കുറയ്ക്കണമെന്നുള്ള ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ച് ഡ്രഗ് കമ്പനികൾ. തങ്ങൾക്ക് ഏറെ ആദായകരമായ മരുന്നുകളുടെ വില കുറയ്ക്കില്ലെന്ന കടുത്ത നിലപാടിലാണ് കമ്പനികൾ. അതേസമയം മന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ച കമ്പനികളെ നിയമപരിഷ്‌ക്കാരം നടത്തി നേരിടാൻ തന്നെയാണ് ലിയോ വരാദ്കറിന്റെ തയ്യാറെടുപ്പ്.

ചില മരുന്നുകളുടെ വില കുറയ്ക്കണമെന്ന് മന്ത്രി തന്നെ നേരിട്ടു കമ്പനികളോട് നിർദേശിച്ചിരുന്നുവെങ്കിലും തങ്ങൾക്ക് അമിത ലാഭം നേടിത്തരുന്ന മരുന്നുകളുടെ വില കുറയ്ക്കാൻ കമ്പനി തയാറാകാതിരുന്നതാണ് മന്ത്രിയെ നടപടികളിലേക്ക് തിരിക്കാൻ കാരണം. മന്ത്രിയെ നിലയിൽ തന്റെ അധികാരമുപയോഗിച്ച് ഇതിനെതിരേ നിയമം പ്രാബല്യത്തിൽ വരുത്തുമെന്നും ലിയോ വരാദ്കർ വ്യക്തമാക്കി. മരുന്നുകൾക്ക് അമിത വില ഈടാക്കുന്ന രാജ്യമാണ് അയർലണ്ട് എന്നതിനാലാണ് കമ്പനികളോട് വില കുറയ്ക്കാൻ ആവശ്യപ്പെട്ടത്.

ജീവരക്ഷാ മരുന്നുകൾക്കും മറ്റും രാജ്യത്ത് വൻ വില വർധന അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ രണ്ടു ബില്യൺ യൂറോയുടെ ധനസഹായം മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. കമ്പനികളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു മന്ത്രിയുടെ പദ്ധതി. എന്നാൽ കമ്പനികൾ വിലകുറയ്ക്കാൻ തയാറാകാത്തതിന്റെ അടിസ്ഥാനത്തിൽ ലെജിസ്ലേഷൻ പരിഷ്‌ക്കരണം പോലും നടത്താൻ മന്ത്രി തയാറായിരിക്കുകയാണ്.