കോഴിക്കോട്; സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ബ്രൗൺ ഷുഗറെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെ പിടികൂടിയതോടെ മയക്കുമരുന്ന് മാഫിയയെ പൂട്ടാൻ കൂടുതൽ കരുത്താർജ്ജിക്കുകയാണ് കോഴിക്കോട് പൊലീസ്.

രാജസ്ഥാനിലെ പ്രതാപ്ഘട്ട് സ്വദേശി ഭരത്ലാൽ ആജ്നയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 500 ഗ്രാം ബ്രൗൺഷുഗറും കണ്ടെത്തി. കോഴിക്കോട് എൻഐടി പരിസരത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് സിറ്റി ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻഫോഴ്സും കുന്ദമംഗലം പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും നിർണ്ണായക വിവരങ്ങൾ കിട്ടുമെന്നാണ് പൊലീസിന്റെ സൂചന. മലബാറിലെ മയക്കുമരുന്ന് ഒഴുക്കിന് തടയിടാൻ നിരീക്ഷണം തുടരാനും തീരുമാനിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ കോഴിക്കോട് നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലായി നാലുപേരാണ് ബ്രൗൺഷുഗറിന്റെ ഓവർഡോസ് കാരണം മരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ കോഴിക്കോട് നോർത്ത് അസി.കമ്മീഷണർ പൃത്ഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ആന്റിനാർക്കോട്ടിക് വിഭാഗത്തിന് മരിച്ചയാളുകളുടെ ഫോൺവിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ നിർദ്ദേശം നൽകുകയായിരുന്നു. അന്വേഷണത്തിൽ രാജസ്ഥാനിൽ നിന്നുള്ളയാണ് ഇവിടേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് എന്ന് വ്യക്തായിരുന്നു.

കോഴിക്കോടിന് പുറമെ മംഗലാപുരം, കോയമ്പത്തൂർ തുടങ്ങിയ സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഇയാളടങ്ങിയ ഗ്രൂപ്പാണ് ബ്രൗൺഷുഗർ വിതരണം ചെയ്തിരുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ ബ്രൗൺഷുഗർ ഉപയോക്താക്കളെയും ചില്ലറ വിൽപനക്കാരെയും ഒരു മാസത്തോളമായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇത്തരക്കാർക്കായിരുന്നു ഇയാൾ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്. മാസത്തിൽ ഒരു തവണയാണ് ഇയാൾ കേരളത്തിലെത്തിയിരുന്നത്. കഴിഞ്ഞ മാസവും ഇയാൾക്ക് വേണ്ടി പൊലീസ് വലവിരിച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.

എന്നാൽ ഇത്തവണ വിവിധ ഏജൻസികൾ വഴി ഇയാളെ പേലീസ് തുടർച്ചയായി നിരീക്ഷിച്ച് വന്നിരുന്നു. ഈ വിവരളുടെ അടിസ്ഥാനത്തിൽ ഇപ്രാവശ്യം ഇയാൾ രാജസ്ഥാനിൽ നിന്ന് പുറപ്പെട്ടത് മുതൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കാസർകോഡ് ജില്ലയിൽ പ്രവേശിച്ചത് മുതൽ ഇയാളെ പൊലീസ് പിന്തുടർന്നിരുന്നു. കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥികളാണ് ഇത്തവണത്തെ ആവശ്യക്കാരെന്ന് മനസ്സിലാക്കിയ പൊലീസ് എൻഐടി പരിസരത്ത് തമ്പടിച്ചാണ് ഇയാളെ തെളിവ് സഹിതം പിടികൂടിയത്.

ഓരോ തവണ കോഴിക്കോടെത്തുമ്പോഴും വിവിധ സ്ഥലങ്ങളിലാണ് ഇയാൾ ബ്രൗൺഷുഗർ വിതരണം ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ കോഴിക്കോട് നഗരത്തിന് സമീപത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ജില്ലാ ആന്റി നാർക്കോട്ടിക് വിഭാഗം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് കുന്ദമംഗലം പൊലീസ് സ്റ്റേഷൻപരിധിയിലെ കട്ടാങ്ങലിലുള്ള കോഴിക്കോട് എൻഐടിയാണ് ഇപ്രാവശ്യത്തെ ലക്ഷ്യസ്ഥാനമെന്ന് മനസ്സിലാക്കിയ ആന്റിനാർക്കോട്ടിക് വിഭാഗം കുന്ദമംഗലം പൊലീസിന്റെ സഹായത്തോടെ വിൽപനക്കായി കൊണ്ട് വന്ന 500 ഗ്രാം ബ്രൗൺഷുഗറുമായി പിടികൂടുകയായിരുന്നു.

കുന്ദമംഗലം എസ്‌ഐ. കൈലാസ് നാഥിന്റെ നേതൃത്വത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബാബു പുതുശ്ശേരി, ഹോം ഗാർഡ് മോഹനൻ ജില്ലാ ആന്റിനാർക്കോട്ടിങ് വിഭാഗം അംഗങ്ങളായ മുഹമ്മദ്് ഷാഫി.എം, സജി.എം, അഖിലേഷ്.പി, ജോമോൻ.കെ.എ, നവീൻ.എൻ, രജിത്ത് ചന്ദ്രൻ, ജിനേഷ്.എം, സുമേഷ്.എ.വി, സോജി.പി എന്നിവരുൾപ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കും.