- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസിടിവി പരിശോധനയിൽ കാറിൽ നിന്ന് വിദ്യാർത്ഥിനികൾ ഇറങ്ങി പോകുന്നത് കണ്ടത് നിർണ്ണായകമായി; യൂണിഫോം ധരിച്ച കുട്ടികളെ കണ്ടെത്തിയപ്പോൾ അറിഞ്ഞത് ഗൂഢാലോചന; കുട്ടികളെ കാരിയർമാരാക്കാൻ ലഹരിയും പീഡനവും; ആ അപകടം പുറത്തു കൊണ്ടു വന്നതും കൊച്ചിയിലെ നുരയുന്ന ലഹരി
കൊച്ചി: കലൂരിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് ശുചീകരണത്തൊഴിലാളി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. മത്സ്യത്തൊഴിലാളിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ കാറിനിന്ന് രണ്ട് പെൺകുട്ടികളെ കലൂർ പള്ളിക്ക് മുമ്പിൽ ഇറക്കി വിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അപകടം നടന്നതിനു ശേഷമാണ് പെൺകുട്ടികളെ കാറിൽനിന്ന് യുവാക്കൾ ഇറക്കിവിട്ടത്.
യൂണിഫോം ധരിച്ച രണ്ട് വിദ്യാർത്ഥിനികൾ അപകടം ഉണ്ടാക്കിയ കാറിൽ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇവർ ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് വിവരം. സംഭവത്തിൽ തൃപ്പുണിത്തുറ സ്വദേശികളായ ജിത്തു, സെബാസ്റ്റ്യൻ എന്നിവർക്കെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന ജിത്തു, സെബാസ്റ്റ്യൻ എന്നിവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കും ലഹരിക്കടത്തിനും കേസെടുത്താണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തത്. എന്നാൽ വിശദമായ അന്വേഷണത്തിൽ വിദ്യാർത്ഥിനികളെ ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗിക ചൂഷണത്തിരയാക്കി എന്ന വിവരം ലഭിച്ചു. ഇതോടെയാണ് ഇവർക്കെതിരെ പോക്സോ കേസും ചുമത്തിയത്.
അപകടസമയം കാറിൽ ഉണ്ടായിരുന്ന പെൺകുട്ടികളെ പ്രതികൾ കാറിൽ നിന്ന് മാറ്റുകയായിരുന്നു. സമാനമായ രീതിയിൽ കൂടുതൽ സ്‌കൂൾ കുട്ടികൾ ഇവരുടെ വലയിൽ പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് കൊച്ചി കലൂരിൽ വെച്ച് ശുചീകരണ തൊഴിലാളിയെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് കൊലപ്പെടുത്തുന്നത്. അപകടശേഷം നിർത്താതെ പോയ കാർ പിന്നീട് നാട്ടുകാർ പിടികൂടി നോർത്ത് പൊലീസിന് കൈമാറുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. കലൂർ പാവക്കുളം ക്ഷേത്രത്തിന് മുന്നിൽ ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ച ശേഷം മറ്റു രണ്ട് വാഹനങ്ങളിലും ഇടിച്ച കാർ നിർത്താതെ പോയി. ഇതിനുശേഷം മുന്നോട്ട് പോയ വാഹനം കലൂർ പള്ളിക്കും ദേശാഭിമാനി ജങ്ഷനും ഇടയിലായി നിർത്തുകയും വാഹനത്തിൽ നിന്ന് രണ്ടു പെൺകുട്ടികൾ ഇറങ്ങിപ്പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പെൺകുട്ടികളെ ഇറക്കിയശേഷം റോഡിലെ തിരക്ക് മാറിയതോടെ വാഹനം മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെട്ട് തടഞ്ഞു നിർത്തുകയായിരുന്നു.
തുടർന്ന് ഇവർ മദ്യപിച്ചിട്ടുണ്ടോ എന്ന സംശയത്തിൽ പൊലീസിന് ഏൽപ്പിച്ചു. മദ്യപിച്ചിട്ടില്ല എന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതോടെ കാറിൽ പരിശോധന നടത്തി. പരിശോധനയിൽ പൊലീസ് കാറിൽ നിന്ന് കഞ്ചാവും ബീഡിയും കണ്ടെടുത്തു. വിദ്യാർത്ഥിനികളെ കണ്ടെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കാറിൽവച്ച് വിദ്യാർത്ഥിനികൾക്ക് ഇവർ ലഹരി പദാർത്ഥം നൽകിയിരുന്നുവെന്നും ലൈംഗികമായി ചൂഷണം ചെയ്തുവെന്ന വിവരവും പൊലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടരാന്വേഷണമാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
ഇവർ നേരത്തെയും ഇത്തരത്തിൽ ലൈംഗികമായി ഉപദ്രവിക്കുന്നതിനുവേണ്ടി ലഹരി പദാർത്ഥങ്ങൾ പെൺകുട്ടികൾക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഇത്തരത്തിൽ ലഹരി പദാർത്ഥം വിൽപ്പന നടത്തിയിട്ടുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. പെൺകുട്ടികൾക്ക് ലഹരി പദാർത്ഥം നൽകി ലൈംഗിക ചൂഷണം ചെയ്യുന്ന ഒരു റാക്കറ്റ് തന്നെ എറണാകുളം നഗരത്തിൽ സജീവമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
പെൺകുട്ടികളിൽ ഒരാളുടെ വീട്ടിൽവച്ചായിരുന്നു എംഡിഎംഎ, എൽഎസ്ഡി അടക്കം ഉപയോഗിച്ചത്. ഇതിന് ശേഷം കാറിൽ അമതിവേഗതയിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തിൽ എരൂർ സ്വദേശി ജിത്തു, തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യൻ എന്നിവരുടെ അറസ്റ്റ് എറണാകുളം നോർത്ത് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ റിമാൻഡിലുള്ള പ്രതികൾ മയക്കുമരുന്ന് വിൽപ്പനയിൽ പങ്കാളികളാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പെൺകുട്ടികൾക്ക് സൗജന്യമായി മയക്കുമരുന്ന് നൽകി മയക്കുമരുന്ന് വില്പന റാക്കറ്റിൽ പങ്കാളികളാക്കാൻ ആയിരുന്നു പ്രതികളുടെ നീക്കമെന്നാണ് പൊലീസ് സംശയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ