- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസോർട്ടിൽ ലഹരി ഒഴുക്കി ഗുണ്ടാ നേതാവിന്റെ വിവാഹ വാർഷിക പാർട്ടി; പൊലീസ് റെയ്ഡിൽ കിർമാണി മനോജ് അടക്കം 16 പേർ കസ്റ്റഡിയിൽ; പിടിയിലായത് ഒട്ടേറെ ക്രിമിനൽക്കേസുകളിലെ പ്രതികൾ; ഇവരിൽ നിന്നും പിടിച്ചെടുത്തതിൽ എംഡിഎംഎ ഉൾപ്പടെ മാരക മയക്കുമരുന്നുകൾ
വയനാട്: സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ ടിപി വധക്കേസ് പ്രതി കിർമാണി മനോജടക്കം പതിനാറ് പേർ പൊലീസ് കസ്റ്റഡിയിൽ. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി നടന്നത്.
കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാനേതാവിന്റെ വിവാഹ വാർഷികത്തോടനുബന്ധിച്ചാണ് റിസോർട്ടിൽ ലഹരിപാർട്ടി നടത്തിയത്. കിർമാണി മനോജുൾപ്പടെ 16 പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത് എന്നാണ് വിവരം. ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ഇന്നലെ രാത്രി പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്.
പൊലീസ് നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. പിടിയിലായവരെല്ലാം ക്രിമിനൽക്കേസ് പ്രതികളും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
ലഹരി മരുന്ന് പാർട്ടിക്കിടെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
പരോളിൽ കഴിയവെയാണ് കിർമ്മാണി മനോജ് ലഹരി പാർട്ടിയിൽ പങ്കെടുത്തത്. ടി പി കേസിലെ പ്രതികൾ അടക്കം സിപിഎം ബന്ധം പുലർത്തുന്ന ക്രിമിനലുകൾ പരോളിലിറങ്ങി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന്റെ വാർത്തകൾ പുറത്തുവരുമ്പോഴും പൊലീസും ആഭ്യന്തര വകുപ്പും അനാസ്ഥ തുടരുകയാണ്.
ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ രണ്ടാംപ്രതിയാണ് കിർമാണി മനോജ്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെന്റർ ജയിലിൽ കഴിയവെ പരോളിൽ ഇറങ്ങിയ കിർമാനി മനോജ് വിവാഹം ചെയ്തതും വിവാദത്തിലായിരുന്നു.
മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ് രംഗത്ത് വന്നതോടെയാണ് വിവാദമായത്. വടകര നാരായണ നഗർ സ്വദേശിയാണ് പരാതിയുമായി അന്ന് രംഗത്ത് വന്നത്. രണ്ട് മക്കളെയും കൂട്ടിയാണ് യുവതി പോയതെന്നും മക്കളെ വിട്ടുകിട്ടണമെന്നും ഇയാൾ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
പരാതിയെത്തുടർന്ന് പൊലീസ് യുവതിയെയും മക്കളെയും വടകരസ്റ്റേഷനിൽ വിളിച്ചുവരുത്തി. അൽപ്പനേരം പരാതിക്കാരൻ മക്കളുമായി സംസാരിച്ചു. ശേഷം യുവതിയും മക്കളും തിരിച്ചുപോകുകയായിരുന്നു. നിയമപരമായി വിവാഹബന്ധം വേർപെടുത്താതെയാണ് യുവതി വേറെ വിവാഹം കഴിച്ചതെന്നായിരുന്നു ഇയാളുടെ പരാതി.
തനിക്ക് വിദേശത്താണ് ജോലി. വിദേശത്തുനിന്ന് എത്തുന്നതിനുമുമ്പെ യുവതി മക്കളേയുംകൂട്ടി അവരുടെ വീട്ടിലേക്ക് പോയെന്നും യുവതിയുടെ കല്യാണം കഴിഞ്ഞതായി പത്രവാർത്ത കണ്ടാണ് അറിഞ്ഞതെന്നും പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. നിലവിൽ തന്റെ ഭാര്യയായതിനാൽ ഇക്കാര്യത്തിൽ നിയമപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു യുവാവിന്റെ പരാതി.
മാഹി പന്തക്കൽ സ്വദേശിയാണ് മനോജ് കുമാർ എന്ന കിർമാണി മനോജ്. ആർഎസ്എസ്. പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മനോജ്.
മറുനാടന് മലയാളി ബ്യൂറോ