ഡബ്ലിൻ: മയക്കു മരുന്ന് ഉപയോഗത്തെത്തുടർന്നുള്ള മരണ നിരക്ക് 2004നു ശേഷം 50 ശതമാനമായി വർധിച്ചെന്ന് ആരോഗ്യമന്ത്രി ലിയോ വരാദ്ക്കർ. പത്തുവർഷക്കാലയളവിനുള്ളിൽ 5300 പേരാണ് മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്ന് മരിച്ചത്. 2011-ൽ 654 ആയിരുന്നത് 2012-ൽ 633 ആയി കുറഞ്ഞുവെങ്കിലും ശരാശരി മരണനിരക്ക് വർധിച്ചുവരുന്ന അവസ്ഥയാണ് കണ്ടുവരുന്നതെന്ന് മന്ത്രി വെളിപ്പെടുത്തി.

ഹെറോയ്ൻ, മെഥഡോൺ എന്നിവയുടെ അമിത ഉപയോഗമാണ് മിക്കവരേയും മരണത്തിലേക്ക് നയിച്ചത്. അതുകൊണ്ടു തന്നെ ഈ മരണനിരക്ക് നിയന്ത്രിക്കാവുന്നതായിരുന്നുവെന്നും മരണസംഖ്യ ഈ തോതിൽ വർധിക്കുന്നത് രാഷ്ട്രത്തിന് നല്ലതല്ലെന്നും ലിയോ വരാദ്ക്കർ ചൂണ്ടിക്കാട്ടി. മയക്കുമരുന്നിന്റെ ഉപയോഗം മൂലമുള്ള ദൂഷ്യവശങ്ങൾ ഒഴിവാക്കുന്നതിനായുള്ള മരുന്നുകൾ വിതരണം ചെയ്യാൻ മന്ത്രി എച്ച്എസ്ഇ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടക്കത്തിൽ 600 മയക്കുമരുന്ന് ഉപയോക്താക്കൾക്കാണ് ഇത്തരത്തിൽ ആന്റിഡോട്ട് നൽകാൻ നിർദേശിച്ചിരിക്കുന്നത്.

ഹെറോയ്ൻ, മോർഫീൻ, മെഥഡോൺ എന്നിവയുടെ ദൂഷ്യവശങ്ങൾ ഇത്തരത്തിൽ നൽകുന്ന ആന്റിഡോട്ടായ നാലക്‌സോണിന് ഇല്ലാതാക്കാൻ കഴിവുണ്ട്. അതേസമയം മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തിന് സർക്കാരിൽ നിന്ന് ധനസഹായം കുറവാണെന്ന് സൗത്ത് വെസ്റ്റ് ടിഡി  സീൻ ക്രോ വ്യക്തമാക്കി. അതേസമയം മദ്യപാനത്തിനെതിരേയുള്ള ബോധവത്ക്കരണത്തിന് കൂടുതൽ തുക അനുവദിച്ചിട്ടുണ്ടെന്നും സീൻ ക്രോ പറയുന്നു. മദ്യപാനത്തെത്തുടർന്ന് ഓരോ മാസവും രാജ്യത്ത് 88 പേർ ഒരു മാസം മരിക്കുന്നുണ്ടെന്നും ഓരോ രാത്രിയിലും ആയിരത്തിലേറെ പേരാണ് ആശുപത്രികളിൽ അഭയം പ്രാപിക്കുന്നതെന്നും ഡബ്ലിൻ ട്രിനിറ്റി കോളേജിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 2015 എച്ച്എസ്ഇ ബജറ്റിൽ 2.1 മില്യൺ യൂറോ അധികമായി ഡ്രഗ് ട്രീറ്റ്‌മെന്റ് ആവശ്യങ്ങൾക്കായി മാറ്റിവച്ചിട്ടുണ്ടെന്ന് വരാദ്കർ അറിയിച്ചിട്ടുണ്ട്.