മാഡ്രിഡ്: പുതുകാലത്തിൽ ജിഡിപി വളർത്താനുള്ള ഏറ്റവും നല്ല  ഉപാധി ലൈഗിക വ്യാപാരവും മയക്കുമരുന്ന് വ്യാപാരവുമാണെന്ന് തെളിയിച്ചിരിക്കുകയാണ് സ്‌പെയിൻ. ഇത്തരം അനധികൃതമാർഗങ്ങളിലൂടെ രാജ്യത്തിന്റെ ജിഡിപി ഒമ്പത് ബില്യൺ യൂറോ അഥവാ 11.5 ബില്യൺ ഡോളർ വർധിച്ചുവെന്നാണ് ഇന്നലെ പുറത്ത് വന്ന 2013 ലെ ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.

നാഷണൽ സ്റ്റാറ്റിക്‌സ് ഏജൻസി (ഐഎൻഇ) ഇന്നലെ പുറത്ത് വിട്ട കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം സ്‌പെയിനിന്റെ ജിഡിപി 26. 19 ബില്യൺ യൂറോയിൽ നിന്നും 1.05 ട്രില്യൺ യൂറോയായി വർധിച്ചിട്ടുണ്ട്. മൊത്തം ജിഡിപിയുടെ 0.87 ശതമാനം അഥവാ ഒമ്പത് ബില്യൺ യൂറോ ലൈംഗിക വ്യാപാരം മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ അനധികൃതമാർഗങ്ങളിലൂടെയാണ് രാജ്യത്തിന് ലഭിച്ചതെന്നാണ് ഈ റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. ജിഡിപിയുടെ ശേഷിക്കുന്ന ഭാഗം റിസർച്ച്, ഡെവലപ്‌മെന്റ്, മിലിട്ടറി ആർമമെന്റ് എന്നീ മേഖലകളുടെ സംഭാവനയാണ്.

യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങൾ തങ്ങളുടെ ജിഡിപി ഏതെല്ലാം മേഖലകളിൽ നിന്ന് വരുന്നുവെന്ന് വെളിപ്പെടുത്തണമെന്ന യൂറോപ്യൻ യൂണിയന്റെ പുതിയ ആവശ്യ പ്രകാരമാണ് സ്‌പെയിൻ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 2014ൽ സ്‌പെയിനിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ അളവ് അവലോകനം ചെയ്താണ് പുതിയ കണക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌പെയിനിലുള്ള മൊത്തം ലൈംഗികത്തൊഴിലാളികളുടെ എണ്ണം കണക്കാക്കിയും അവർ സെക്‌സ് ക്ലബുകളിലൂടെ നേടുന്ന വരുമാനം കണക്കാക്കിയുമാണ് സ്റ്റാറ്റിറ്റിക്‌സ് ഏജൻസി ഈ മേഖലയിൽ നിന്നുള്ള ജിഡിപി വിഹിതം കണക്ക് കൂട്ടിയിരിക്കുന്നത്.