- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മരണങ്ങൾ കുത്തനെ ഉയർന്നാലും അത്ഭുതമില്ല! ഗവ. മെഡിക്കൽ കോളേജുകളിൽ വെന്റിലേറ്ററിൽ കഴിയുന്ന കോവിഡ് രോഗികളുടെ ചികിത്സക്ക് പോലും ആവശ്യത്തിന് മരുന്നില്ല; മരുന്നിനും ഉപകരണങ്ങൾക്കും നേരിടുന്നത് കടുത്ത ക്ഷാമം; ബ്ലാക്ക് ഫംഗസ് മരുന്നിനും ക്ഷാമം തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് അടുത്തേക്ക് എത്തുമ്പോഴും മരണനിരക്കിൽ കുറവില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കോവിഡ് മരണങ്ങളുടെ തോത് നാൾക്കുനാൾ വർധിച്ചു വരികയാണ്. ഇന്നലെയും 200 കടന്നാണ് കോവിഡ് മരണ നിരക്ക്. ഈ സാഹചര്യം വരും ദിവസങ്ങളിൽ വർധിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
കേരളത്തിലെ ഗവ. മെഡിക്കൽ കോളജ് ആശുപത്രികളിൽ വെന്റിലേറ്ററിൽ കഴിയുന്ന കോവിഡ് രോഗികളുടെ ചികിത്സയ്ക്കു പോലും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ലഭ്യമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മെഡിക്കൽ കോളജ് അധികൃതർ അയച്ച സന്ദേശങ്ങളിൽ നിന്നാണു മരുന്നിനും ഉപകരണങ്ങൾക്കും കടുത്ത ക്ഷാമം ഉണ്ടെന്ന വിവരം പുറത്തുവന്നത്. മറ്റു സർക്കാർ ആശുപത്രികളിലും മരുന്നുകളുടെ കുറവുണ്ട്. ഇക്കാര്യം മലയാള മനോരമയാണ് റിപ്പോർട്ടു ചെയ്തത്.
ബ്ലാക്ഫംഗസ് രോഗം റിപ്പോർട്ടു ചെയ്തപ്പോൾ മുതൽ ഈ മരുന്നിന്റെ ക്ഷാമം റിപ്പോർട്ടു ചെയ്തിരുന്നു. ഒരു മ്യൂക്കോർമൈക്കോസിസ് രോഗിക്ക് ദിവസം 3 ഗ്രാം മരുന്നാണു കൊടുക്കേണ്ടത്. ഇങ്ങനെ 5 ദിവസമായി 15 ഗ്രാം മരുന്നു നൽകണം. 5 മില്ലി ഗ്രാം മരുന്നിന് 3,400 രൂപയാണു വില. മരുന്നു സൗജന്യമായി നൽകുമെന്നും സംഭരണം അതിവേഗം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ ഈ മരുന്ന് വേണ്ടവിധത്തിൽ മെഡിക്കൽ കോളേജുകളിൽ ലഭ്യമല്ല.
അതേസമയം സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ ഇപ്പോൾ 3,115 പേർ ഐസിയുവിലും 1,210 പേർ വെന്റിലേറ്ററിലും കഴിയുന്നു. വെന്റിലേറ്ററിൽ കഴിയുന്ന രോഗികളെ മയക്കിക്കിടത്താനുള്ള കുത്തിവയ്പുകൾ, വെന്റിലേറ്റർ ഫിൽറ്റർ, സർജിക്കൽ ക്യാപ്, വൈറ്റമിൻ സി, ഡി3, കാൽസ്യം സിങ്ക് ഗുളികകൾ എന്നിവ ഉൾപ്പെടെ 30 തരം മരുന്നുകൾ കിട്ടാനില്ല.
മരുന്നും ഉപകരണങ്ങളും സംഭരിച്ചു നൽകുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ (കെഎംഎസ്സിഎൽ) നിന്നു വേണ്ടതിന്റെ പകുതി പോലും ലഭിക്കുന്നില്ല. ആരോഗ്യപ്രവർത്തകർ മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ജോലി ചെയ്യുന്നതു ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും സന്ദേശങ്ങളിൽ വ്യക്തമാക്കുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് ആഴ്ച തോറും ഒരു ലക്ഷം ഗ്ലൗസ് വേണം. 2 ആഴ്ചയ്ക്കുള്ളിൽ ലഭിച്ചതു 10,000 ഗ്ലൗസ് ആണ്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിക്ക് ആവശ്യമുള്ള സാധനങ്ങളുടെ 50% പോലും കോർപറേഷൻ വിതരണം ചെയ്യുന്നില്ല. ഇവിടെ ഗ്ലൂക്കോമീറ്റർ സ്ട്രിപ് പോലും ലഭ്യമല്ല. ആശുപത്രി വികസന സമിതി ഫണ്ടിൽനിന്ന് 1.5 കോടി രൂപ എടുത്താണു കോവിഡ് ബാധിതർക്കു ഭക്ഷണം നൽകിയത്. സർക്കാർ തുക അനുവദിക്കാത്തതിനാൽ മറ്റു മെഡിക്കൽ കോളജുകളിലും ഈ രീതിയിലാണു ഭക്ഷണ വിതരണം.
തിരുവനന്തപുരം മെഡിക്കൽ കോളജിനു മറ്റു ഫണ്ടുകളിൽ നിന്ന് 25 ലക്ഷം രൂപ എടുത്ത് വെന്റിലേറ്റർ ട്യൂബും അതിസുരക്ഷാ മാസ്ക്കും വാങ്ങേണ്ടി വന്നു. ഇതു 2 ആഴ്ചയ്ക്കു മാത്രമേ തികയൂ. കോഴിക്കോട് മെഡിക്കൽ കോളജുകളിലും വെന്റിലേറ്റർ ട്യൂബ് കിട്ടാനില്ല. കൊല്ലം, ആലപ്പുഴ മെഡിക്കൽ കോളജുകളിലും മരുന്നു ക്ഷാമം രൂക്ഷമാണ്.
അതിനിടെ കോവിഡ് ചികിത്സ സൗജന്യമാണെങ്കിലും അതോടൊപ്പം പരിഗണിക്കേണ്ട കോവിഡാനന്തര ഗുരുതര രോഗാവസ്ഥകളുടെ ചികിത്സക്ക് ചെലവേറുന്ന നിലയും സംസ്ഥാനത്തുണ്ട്. കോവിഡിനേക്കാൾ തുടർരോഗങ്ങളാണ് ഗുരുതരമാകുന്നത്. എന്നാൽ പല മെഡിക്കൽ കോളജുകളിലും വിലകൂടിയ മരുന്നുകളടക്കം ബന്ധുക്കൾ വാങ്ങിനൽകേണ്ട സ്ഥിതിയാണ്.
ന്യൂമോണിയ ബാധിച്ച രോഗിക്ക് 2000 രൂപ വരെയുള്ള മരുന്നുകളാണ് പുറത്തുനിന്ന് വാങ്ങാൻ ആശുപത്രി അധികൃതർ ആവശ്യപ്പെടുന്നത്. മരുന്ന് സ്റ്റോക്കില്ലെന്നതാണ് അധികൃതരുടെ വാദം. സൗജന്യ ചികിത്സയാണെന്ന പ്രതീക്ഷയിലാണ് കോവിഡാനന്തര ചികിത്സക്ക് സാമ്പത്തികശേഷി കുറഞ്ഞവരടക്കം സർക്കാർ മെഡിക്കൽ കോളജുകളെ ആശ്രയിക്കുന്നത്.
ഒന്നാം തരംഗത്തിൽനിന്ന് വ്യത്യസ്തമായി രണ്ടാംതരംഗത്തിൽ തുടർരോഗാവസ്ഥകൾ ഗുരുതരമാകുന്നവരുടെ എണ്ണം കൂടുതലാണ്. കോവിഡിന് തുല്യമായ പരിഗണനയും ചികിത്സയും ഇവർക്ക് ലഭ്യമാകൽ അനിവാര്യവുമാണ്. പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ച ഘട്ടത്തിൽ ഇക്കാര്യം സർക്കാർ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് ഭേദമാകുന്നവർ തുടർ രോഗാവസ്ഥയുമായി എത്തിയാൽ ഇവ കോവിഡ് അനുബന്ധമായി പരിഗണിക്കുന്നില്ലെന്ന് രോഗികളും ബന്ധുക്കളും പറയുന്നു. ഇതുമൂലമാണ് മരുന്നുകളടക്കം പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നത്. ഫലത്തിൽ കോവിഡ് ചികിത്സ സൗജന്യമാണെങ്കിലും കോവിഡാനന്തര ചികിത്സ വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കുന്നു.
ഭാവിയിൽ സംസ്ഥാനം നേരിടേണ്ട വലിയ വെല്ലുവിളിയാണ് കോവിഡാനന്തര രോഗങ്ങളെന്ന വിലയിരുത്തലിനെ തുടർന്നാണ് ഒന്നാം തരംഗത്തിനൊടുവിൽ റഫറൽ-സ്പെഷാലിറ്റി സൗകര്യങ്ങളടക്കം ഉൾപ്പെടുത്തി കോവിഡ് ചികിത്സക്ക് സമാനം കോവിഡാനന്തര രോഗാവസ്ഥയെയും കൈകാര്യം ചെയ്യാൻ തീരുമാനിച്ചത്. പ്രാഥാമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്കാശുപത്രികൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിങ്ങനെ എല്ലാ തലങ്ങളിലും കോവിഡാനന്തര ചികിത്സക്കുള്ള പ്രത്യേക സംവിധാനം ഒരുക്കുമെന്നായിരുന്നു നേരത്തെയുള്ള സർക്കാർ പ്രഖ്യാപനം.
പക്ഷേ, താഴേത്തട്ടിലെ പല ആശുപത്രികളും ഇപ്പോൾ സംവിധാനം പ്രവർത്തിക്കുന്നില്ല. ഡോക്ടർമാരുടെ കുറവും കോവിഡ് ചികിത്സക്ക് കൂടുതൽ ഊന്നൽ നൽകേണ്ടി വന്നതുമാണ് ഇതിനുകാരണം. രോഗമുക്തരായർ എല്ലാ മാസവും സമീപത്തെ ക്ലിനിക്കുകളിൽ പരിശോധനക്ക് എത്തണമെന്ന നിർദ്ദേശവും നടപ്പായില്ല.
മറുനാടന് മലയാളി ബ്യൂറോ