- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചു; നാല് വർഷമായി ലഹരി ഉപയോഗിക്കുന്നു; ചോദ്യം ചെയ്യലിനിടെ കണ്ണീരൊഴുക്കി ആര്യൻ ഖാൻ; താരപുത്രന്റെ ലെൻസ് കെയ്സിൽ മയക്കുമരുന്ന്; പ്രതികൾ സാനിറ്ററി പാഡിനുള്ളിലും ലഹരിമരുന്ന് ഒളിപ്പിച്ചെന്ന് എൻസിബി
മുംബൈ: ബോളിവുഡിലെ താരരാജാവിന്റെ മകൻ മയക്കുമരുന്നു കേസിൽ അറസ്റ്റിലായപ്പോൾ ദേശീയ മാധ്യമങ്ങളിലെല്ലാം വാർത്തകൾ നിറയുകയാണ്. ആര്യൻഖാന കുറിച്ചുള്ള പലവിധ കഥകളാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ആര്യൻ ഖാൻ നാല് വർഷത്തോളമായി മയക്കു മരുന്ന് ഉപയോഗിച്ചിരുന്നു എന്ന് സമ്മതിച്ചു എന്നാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകൾ.
കഴിഞ്ഞ നാലുവർഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ വെളിപ്പെടുത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) നടത്തിയ ചോദ്യംചെയ്യലിലാണ് ആര്യൻ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനിടെ എൻ.സി.ബി. ഉദ്യോഗസ്ഥർക്ക് മുന്നിൽ ആര്യൻ ഖാൻ പൊട്ടിക്കരഞ്ഞതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ചോദ്യം ചെയ്യലിലുടനീളം ആര്യൻ തുടർച്ചയായി കരഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടുപേരെയാണ് എൻ.സി.ബി. അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് കൊക്കെയ്നും ഹാഷിഷും ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൺമുൺ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാൽ, ഗോമിത് ചോപ്ര, നുപുർ സരിഗ, വിക്രാന്ത് ഛോക്കാർ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ. ആര്യനും അർബാസും തമ്മിൽ 15 വർഷം നീണ്ട സുഹൃത്ത്ബന്ധമാണുള്ളത്.
കഴിഞ്ഞദിവസം മുംബൈയിലെ കോടതിയിൽ ഹാജരാക്കിയ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവരെ തിങ്കളാഴ്ച വരെയാണ് എൻ.സി.ബി.യുടെ കസ്റ്റഡിയിൽ വിട്ടത്. എന്നാൽ ആര്യൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി നീട്ടിനൽകാൻ എൻ.സി.ബി. ആവശ്യപ്പെട്ടേക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തേക്കും. പ്രതികൾക്ക് വേണ്ടിയുള്ള ജാമ്യാപേക്ഷയും തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ചേക്കും.
അതിനിടെ, ആര്യൻ ഖാന്റെ ലെൻസ് കെയ്സിൽ നിന്നടക്കം ലഹരിമരുന്ന് കണ്ടെടുത്തതായി എൻ.സി.ബി. ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. യുവതികളുടെ സാനിറ്ററി പാഡുകൾക്കിടയിൽനിന്നും മരുന്ന് പെട്ടികളിൽനിന്നും ലഹരിമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ചരസ്, എം.ഡി.എം.എ, കൊക്കെയ്ൻ തുടങ്ങിയ ലഹരിമരുന്നുകളാണ് ഇവർ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്നുകളെ സംബന്ധിച്ച് ആര്യനും സുഹൃത്തുക്കളും നടത്തിയ വാട്സാപ്പ് ചാറ്റുകളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. 13 ഗ്രാം കൊക്കെയ്നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും അഞ്ച് ഗ്രാം എംഡിയുമാണ് പിടിച്ചെടുത്തത്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എൻസിബി കോടതിയെ അറിയിച്ചു. ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നും എൻസിബി കോടതിയിൽ പറഞ്ഞു.
ആര്യൻ ഖാനാണ് കേസിലെ ഒന്നാം പ്രതി. ആര്യനെയും രണ്ട് സുഹൃത്തുക്കളെയും മുംബൈ കോടതി ഒരു ദിവസത്തേക്ക് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ആര്യനടക്കം എട്ട് പേരുടെ അറസ്റ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രേഖപ്പെടുത്തിയത്. ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലെ ആളുകളുമായി മൂന്ന് ദിവസത്തെ 'സംഗീത യാത്ര'യ്ക്കായി പുറപ്പെട്ട കോർഡീലിയ ആഡംബര കപ്പലിലാണ് എൻസിബി സംഘം റെയ്ഡ് നടത്തിയത്. കപ്പലിൽ നിരോധിത മയക്കുമരുന്നുകൾ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറുകയായിരുന്നു. കപ്പൽ മുംബൈ തീരം വിട്ട് നടുക്കടലിൽ എത്തിയതോടെയാണ് ലഹരിപ്പാർട്ടി ആരംഭിച്ചത്. മുംബൈയിൽ നിന്ന് പുറപ്പെട്ട് അറബിക്കടലിൽ യാത്ര ചെയ്ത ശേഷം ഒക്ടോബർ 4ന് രാവിലെ മടങ്ങേണ്ടിയിരുന്ന കപ്പലിലെ 13 പേരാണ് പിടിയിലായത്. കപ്പൽ പിന്നീട് മുംബൈയിലേക്ക് തിരികെയെത്തിച്ച് ഇവരെ ഇറക്കിയശേഷം ഗോവയ്ക്ക് യാത്രതുടർന്നു. കപ്പലിൽ 100 യാത്രക്കാർ ഉണ്ടായിരുന്നു. ലഹരിപ്പാർട്ടിയിൽ പങ്കെടുക്കാൻ ഒരുലക്ഷം രൂപയായിരുന്നു ടിക്കറ്റ്. ആര്യൻഖാൻ പ്രത്യേക ക്ഷണിതാവായിരുന്നു എന്നാണ് പറയപ്പെടുന്നത്.
മറുനാടന് ഡെസ്ക്