കോഴിക്കോട്: ജില്ലയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് ഇനത്തിൽ പ്പെട്ട 36 ഗ്രാമോളം എം ഡി എം എ യുമായി പുതിയങ്ങാടി പാലറബ് സ്വദേശി നൈജിലിനെ മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടി.

കോഴിക്കോട് നഗരത്തിൽ ലഹരി മാഫിയകൾ പിടിമുറുക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പൊലീസ് ചീഫ് ഡിഐജി എവി ജോർജ്ജിന്റെ നിർദ്ദേശത്തെ തുടർന്ന് നാർക്കോട്ടിക്ക് സെൽ എ സി പി രജികുമാറിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും ലോക്കൽ പൊലീസും പരിശോധന ശക്തമാക്കിയിരിരുന്നു. മുമ്പ് മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരെയും കോഴിക്കോട് നഗരത്തിലെ ലോഡ്ജുകളും പൊലീസ് രഹസ്യമായി നിരീക്ഷിച്ചു വരവേ മിംസ് ഹോസ്പിറ്റലിന് സമീപത്തെ ലോഡ്ജിൽ വച്ച് മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിശ്വസനീയമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് എസ് ഐ ടോണി ജെ മറ്റത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫു ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഗോവ, ബാഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ് കൂടുതലായും നഗരത്തിൽ എത്തുന്നത്. ഡി ജെ പാർട്ടികളിലും പങ്കെടുക്കാൻ പോവുന്നവർ അവിടെ വെച്ച് ഡ്രഗ് മാഫിയയുമായി പരിചയത്തിലാവുകയും അടിപൊളി ജീവിതത്തിനായി പെട്ടെന്ന് പണം ഉണ്ടാക്കുവാനുള്ള മാർഗ്ഗമായി ഇവരിൽ പലരും ഏജന്റുമാരായി മാറുകയാണ്. ഗോവ, ബാഗ്ലൂർ എന്നിവിടങ്ങളിൽ നിന്നും പരിചയപ്പെടുന്ന പ്രധാന വിതരണക്കാരിൽ നിന്നും മയക്കുമരുന്ന് വാങ്ങി നഗരത്തിൽ എത്തിക്കുകയാണ്. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് എത്തിക്കുന്നത്.ഈ ഡ്രഗ് ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെയും പിന്നെയും തേടി വരും എന്നതാണ് ഇതിന്റെ പ്രതേകത ഇത്തരം ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ചുറ്റുപാടുകളെ മറന്ന് പ്രവൃത്തിക്കും ഇത്തരക്കാർ ബൈക്ക് വേഗത്തിൽ ഓടിച്ച് പോയി ആഹ്ലാദം കണ്ടെത്തുന്നവരാണ്.

കഴിഞ്ഞ മാസം കോഴിക്കോട് സിറ്റിയിൽ മൂന്ന് കേസുകളിലായി 21 കിലോഗ്രാമിലധികം കഞ്ചാവും അഞ്ച് ഗ്രാമോളം എംഡി എം എയും സിറ്റി പൊലീസ് പിടിച്ചെടുത്തിരുന്നു. പിടികൂടിയ മയക്കുമരുന്നിന്റെ ഉറവിടത്തെ കുറിച്ചും കണ്ണികളെ കുറിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് ഇൻസ്‌പെക്ട്ടർ എം എൽ ബെന്നി ലാലു അറിയിച്ചു.

ഡൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ എം മുഹമ്മദ് ഷാഫി, എം സജി, എസ് സി പി ഒ മാരായ കെ അഖിലേഷ്, കെ എ ജോമോൻ, സി പി ഒ ജിനേഷ് എം എന്നിവരും മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ് ഐ വിപിൻ ,ഉണ്ണി നാരായണൻ എഎസ് ഐ മനോജ്, സി രഞ്ജുനാഥ്, വിനോദ്, രാരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.