കൊച്ചി: സിനിമക്ക് വേണ്ടി പലതും സഹിച്ചിട്ടുണ്ടെന്നും അതിന് ഒരു റിസൾട്ട് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ക്യൂൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ധ്രുവൻ. മാതൃഭൂമി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.

സിനിമ എന്നത് എക്കാലത്തെയും എന്റെ ഏറ്റവും വലിയ സ്വപ്നമാണ്. സ്വപ്നമെന്നല്ല ജീവനെന്നു പറയാം. സിനിമയില്ലെങ്കിൽ ഞാനില്ല എന്ന അവസ്ഥ. സിനിമക്ക് പിന്നാലെ പോകാനായി നെടുമ്ബാശേരി വിമാനത്താവളത്തിലുണ്ടായിരുന്ന ജോലി രാജിവെച്ചു. പിന്നെ സിനിമ സ്വപ്നം കണ്ടുള്ള യാത്രയായിരുന്നു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തതിനാൽ പലപ്പോഴും കൂട്ടുകാരായിരുന്നു ആശ്രയം. ഷമീർ, കുട്ടൻ, സിജോ, അഖിൽ, സുമിത്ത,് ഫെബിൻ , സ്റ്റെഫി, സുരജേട്ടൻ, നിഖിൽ പ്രേംരാജ്, സ്മിത മാം എന്നിങ്ങനെ സുഹൃത്തുക്കളുടെ വലിയൊരു നിര തന്നെയുണ്ട് എന്റെയൊപ്പം. ഇവരുടെ പേരുകൾ പറയാതിരിക്കാൻ സാധിക്കുന്നില്ല, കാരണം അവരാണ് എന്നെ ഞാനാക്കിയത്. ഫെബിനെന്ന സുഹൃത്തിനൊപ്പം അവന്റെ കല്യാണം കഴിയുന്നത് വരെ 'കുമ്മനടി'ച്ചാണ് കഴിഞ്ഞിരുന്നത്.

ഒരാളുടെ കയ്യിൽ നൂറു രൂപയുണ്ടെങ്കിൽ അത് അഞ്ചാറു പേർക്ക് ഭക്ഷണത്തിനുള്ള വകയായിരുന്നു. മാസാവസാനം ആകുമ്‌ബോൾ എല്ലാവരുടേയും പേഴ്‌സ് കാലിയാവും. അപ്പോൾ പോക്കറ്റുകളിൽ തപ്പിപ്പെറുക്കി ഒരു രൂപയും രണ്ട് രൂപയുമൊക്കെ എടുക്കും. പിന്നെ വീടു വൃത്തിയാക്കുമ്‌ബോൾ ആരുടെയെങ്കിലും കയ്യിൽ നിന്ന് വീണു പോയ ചില്ലറകൾ ലഭിക്കും. ഇത്തരത്തിൽ ലഭിക്കുന്ന പണം സ്വരുക്കൂട്ടി ന്യൂഡിൽസ് വാങ്ങിക്കഴിക്കും. ഇങ്ങനെ കഴിക്കുന്ന ന്യൂഡിൽസായിരുന്ന ജീവൻ നിലനിർത്താൻ സഹായിച്ചത്. പക്ഷേ ന്യൂഡിൽസ് മാത്രം കഴിച്ചതിനാൽ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായി.

രോഗപ്രതിരോധശേഷി നഷ്ടപ്പെട്ടു. അതിനെ തുടർന്ന് നിരന്തരമായി അസുഖങ്ങൾ വന്നു ഒപ്പം ക്ഷീണവും മുടികൊഴിച്ചിലും എല്ലാമുണ്ടായി. എന്നാലും സിനിമ എനിക്ക് ജീവനായിരുന്നു അതിനായി ജീവൻ നിലനിർത്താൻ മാത്രമാണ് ഞാൻ പരിശ്രമിച്ചത്. സിനിമയില്ലാതെ ജീവിക്കാൻ സാധിക്കില്ല എന്നൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. സിനിമക്ക് വേണ്ടി മരിക്കാനും തയ്യാറായിരുന്ന ഒരു മാനസിക അവസ്ഥ.

അതിനിടയിൽ ലിസമ്മയുടെ വീട്, പട്ടം പോലെ, ലോഡ് ലിവിങ്സ്റ്റൺ ഏഴായിരം കണ്ടി, 1971 എന്നീ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു. ഗ്യാങ്‌സ്‌ററർ എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യാനും സാധിച്ചു. ഒപ്പം എന്റെ കൂട്ടുകാരായ സനൂപ്, ദീപ്തി ഷൈലജ എന്നിവർ ഒരുക്കിയ സെക്കന്റ് ഇന്നിങ്‌സ് എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും അഭിനേതാവായും പ്രവർത്തിച്ചു. എന്നാൽ ആ സിനിമ പുറത്തിറങ്ങിയില്ല.

അതിനിടയിൽ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണെങ്കിൽ പോലും ഒരു സിനിമ കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ചെറിയൊരു വേഷമെങ്കിലും ലഭിച്ചില്ലെങ്കിൽ മൈഗ്രേനും ഉറക്കമില്ലായ്മയും എല്ലാം വന്ന് മാനസികമായും ശാരീരികമായും ഏറെ തളർന്ന അവസ്ഥയിൽ എത്തും. ഈ സമയങ്ങളിൽ സ്റ്റെഫി എന്നൊരു സുഹ്യത്താണ് മാനസിക പിന്തുണ നൽകി ഒപ്പം നിന്നത്.

പരമ്ബരാഗതമായി ചെണ്ടകൊട്ടുകാരാണ് എന്റെ കുടുംബം. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്റെ കുടുംബാംഗമാണ്. പിന്നെ ഞാൻ അമ്മാവന്മാർക്കൊപ്പം ചെണ്ടകൊട്ടാൻ പോകാൻ തുടങ്ങി. വർഷത്തിൽ ആറുമാസം മാത്രമേ ഉത്സവങ്ങൾ ഉണ്ടാകാറുള്ളു. ആ സമയത്ത് ചെണ്ടകൊട്ടി ലഭിക്കുന്ന പണം സൂക്ഷിച്ച് വെച്ച് ബാക്കിയുള്ള കാലം ജീവിക്കാൻ തുടങ്ങി. എന്നാലും ഏറെ ഞെരുക്കങ്ങൾക്കിടയിലൂടെയാണ് കടന്ന് പോയത്. പക്ഷേ ഒരു ഓഡീഷൻ പോലും മുടക്കിയിട്ടില്ല. അക്കാലയളവിനുള്ളിൽ ആയിരത്തിലേറെ ഒഡീഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.

അക്കാലത്ത് സങ്കടപ്പെടുത്തിയ അനുഭവങ്ങൾ ഒരുപാടുണ്ട്. ഫെയ്ക്ക് ഓഡീഷനുകൾ, നല്ല റോൾ തരാമെന്ന് പറഞ്ഞ് ജൂനിയർ ആർട്ടിസ്റ്റാക്കിയവർ, സിനിമയിൽ അഭിനയിപ്പിക്കാൻ പണം ചോദിച്ചവർ ഇങ്ങനെ അനുഭവങ്ങൾ ഒരുപാടുണ്ട്. അതിനിടയിൽ ജീവിക്കാനായി പല പല ജോലികളും ചെയ്തു. ഹോട്ടലുകളിൽ എല്ലാതരത്തിലുമുള്ള ജോലികൾ ചെയ്തു. അങ്ങനെ എൽദോ പച്ചിലക്കാടൻ എന്ന സുഹൃത്ത് വഴി എറണാകുളത്ത് നവ്രസ് ഹോട്ടലിൽ എനിക്ക് ജോലി ലഭിച്ചു. എന്താണ് ജോലിയെന്നുള്ള ആശങ്കയിൽ നിന്ന എന്നോട് എൽദോ പറഞ്ഞത് നീ എപ്പോഴും നിൽക്കുന്നതുപോലെ ചിരിച്ചു കൊണ്ട് നിന്നാൽ മതി എന്നാണ്. ആ ജോലി പക്ഷേ എനിക്കൊരു ഭാഗ്യമായിരുന്നു.

ഒരുപാട് സിനിമ പ്രവർത്തകരെ പരിചയപ്പെടാനുള്ള അവസരമാണ് അതിലൂടെ ലഭിച്ചത്. മമ്മൂക്ക, അൻവർ റഷീദ്, അപർണാ ബാലമുരളി, ആസിഫ് അലി, ഉണ്ണി.ആർ, ഗ്രിഗറി എന്നിങ്ങനെ നിരവധി ആളുകളെ പരിചയപ്പെടാൻ സാധിച്ചു. ആ ഹോട്ടലിന്റെ നടത്തിപ്പുകാരായ വൗ മേക്കേഴ്‌സ് എന്ന ആനിമേഷൻ ഗ്രൂപ്പിലെ വിവേക്, ചിക്കു എന്നിവർ എന്റെ സിനിമക്ക് പിന്നാലെയുള്ള ഓട്ടത്തിൽ ഒരുപാട് സഹായിച്ചവരാണ്.

മായാനദി എന്ന സിനിമയുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിള പനമ്ബള്ളി നഗറിലെ ഡോണട്ട് ഫാക്ടറിയിലേക്ക് എന്നെ ജോലിക്ക് വിളിച്ചു. എന്റെ താടിയും മുടിയും വെട്ടണമെന്ന് പറയരുത്, സിനിമകൾ വന്നാൽ എന്നെ വിടണം എന്നീരണ്ടു കണ്ടീഷനുകളോടെയാണ് ഞാൻ ജോലിക്ക് പോയത്. അതിനിടയിൽ നേവൽ ബേസിൽ കുട്ടികളെ അഭിനയം പഠിപ്പിക്കുന്ന അദ്ധ്യാപകനായും ജോലി ചെയ്തു.