പത്തനംതിട്ട: കുഞ്ചാക്കോ ബോബനും ബിജു മേനോനും ചേർന്ന് അഭിനയിച്ച ഓർഡിനറി എന്ന സിനിമ സംവിധായകൻ സുഗീതിന് മാത്രമല്ല ഭാഗ്യം കൊണ്ടുവന്നത്. ഇത് ടൂറിസം വകുപ്പിനും കൂടി ഭാഗ്യം നൽകിയിരുന്നു. ഈ സിനിമ പുറത്തിറങ്ങിയ ശേഷമാണ അതിമനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാൻ സഞ്ചാരികൾ ഒഴുകിയത്. അവസരം മുതലാക്കി ടൂറിസം വകുപ്പും ഉണർന്നു പ്രവർത്തിച്ചു. കോന്നി-അടവി ഇക്കോ ടൂറിസം പ്രോജക്ടിന് രൂപം നൽകിയാണ് സഞ്ചാരികളെ പിടിക്കാൻ ടൂറിസം വകുപ്പ് രംഗത്തിയത്. മലയോര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് കോന്നി അടവി ഇക്കോ ടൂറിസത്തിന് പ്രധാന്യം നൽകിയാണ് ഗവി യാത്ര.

കോന്നി ആനത്താവളത്തിലെ ആന സവാരിക്ക് ശേഷം അടവിയിൽ കല്ലാറിലെ കുട്ടവഞ്ചി യാത്രയും ആസ്വദിച്ച് ഗവിയിലേക്കു യാത്ര തുടങ്ങും. പുലർച്ചെ ആറരയ്ക്ക് ഗവി യാത്ര ആരംഭിക്കുന്നതിനാൽ ആന സവാരിക്കും അടവി യാത്രയ്ക്കുമായി ഒരു ദിവസം മുമ്പ് കോന്നിയിലെത്തണം. ഗവിക്കു മാത്രമായാണ് ഡി.ടി.പി.സിയുടെ ടൂർ പാക്കേജ്. രാത്രി എട്ടുമണിയോടെ കോന്നിയിൽ തിരിച്ചെത്തും.

പത്തനംതിട്ടയിൽ നിന്ന് മാദ്ധ്യമപ്രവർത്തകരടങ്ങിയ ആദ്യ സംഘം ടൂർ പാക്കേജിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വനയാത്ര നടത്തി.
പത്തനംതിട്ടയിൽ നിന്ന് 90കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഗവി യാത്ര. ആങ്ങമൂഴിയിലെ കൊച്ചാണ്ടി ചെക്‌പോസ്റ്റിൽ നിന്നു തുടങ്ങി മൂഴിയാർ, കക്കി ഡാം, വ്യൂ പോയിന്റ്, എക്കോ പോയിന്റ്, കൊച്ചുപമ്പ, പച്ചക്കാനം വഴിയാണ് വനയാത്ര ഗവിയിൽ അവസാനിക്കുന്നത്. വള്ളക്കടവ്, വണ്ടിപ്പെരിയാർ, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴി പത്തനംതിട്ടയിൽ തിരിച്ചെത്തും.

കൊല്ലം, തിരുവനന്തപുരം പ്രദേശങ്ങളിൽ നിന്നുള്ളവർ കോന്നി ആനത്താവളത്തിലും വടക്കൻ ജില്ലകളിൽ നിന്നുള്ളവർ പത്തനംതിട്ടയിലുമെത്തണം. അവിടെ നിന്ന് ഡി.ടി.പി.സിയുടെ വാഹനം സജ്ജമാക്കും. യാത്രയ്ക്കും ഭക്ഷണത്തിനുമുള്ള ചെലവാണ് ഈടാക്കുക. പ്രധാന പോയിന്റുകളിൽ വാഹനം നിറുത്തി കാഴ്ചകൾക്ക് അവസരമൊരുക്കും. ഡി.ടി.പി.സിയുടെ ഗൈഡിന്റെ സേവനമുണ്ടാകും. ഗവി യാത്രയ്ക്ക് ഇതുവരെ എഴുപതോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.
കോന്നി വഴി ആങ്ങമൂഴിയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് നീലിപിലാവ് റോഡിന്റെ പുനരുദ്ധാരണത്തിന് എട്ടുകോടിയുടെ പദ്ധതി കേന്ദ്രസർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ഇതിന് ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ കളക്ടർ എസ്. ഹരികിഷോർ പറഞ്ഞു.

ടൂർ പാക്കേജിന്റെ ബ്രോഷർ മന്ത്രി അടൂർ പ്രകാശ് കെ. ശിവദാസൻ നായർ എംഎ‍ൽഎയ്ക്ക് നൽകി പ്രകാശനം ചെയ്തു. ബുക്കിംഗിന് വിളിക്കേണ്ട നമ്പരുകൾ: ഡി.ടി.പി.സി ടൂറിസ്റ്റ് ഫെലിസിലിറ്റേഷൻ സെന്റർ 0468 2311343, ടൂറിസം ഇൻഫർമേഷൻ സെന്റർ പത്തനംതിട്ട 0468 2326409.