മലപ്പറം: ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണം കവരാൻ ശ്രമിച്ചുവെന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് 22 വാഹനങ്ങളും 53 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥൻ മഞ്ചേരി ജില്ലാ കോടതിയെ അറിയിച്ചു. 62 പ്രതികളുള്ള കേസിൽ പ്രതികളിൽ 51 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. അഞ്ചു പേർ സ്വർണം കവരാനുള്ള ശ്രമത്തിനിടെ ഫറോക്ക് പുളിഞ്ചോട് വെച്ചുണ്ടായ വാഹന അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ആറു പേർ ഒളിവിലാണ്.

2021 നവംബർ 21ന് അറസ്റ്റിലായി മഞ്ചേരി സബ്ജയിലിൽ കഴിയുന്ന 61ാം പ്രതി കരിപ്പൂർ എയർപോർട്ട് ജങ്ഷൻ മേപ്പാളത്തിൽ കെ കെ അബ്ദുൽ നാസർ (45) സമർപ്പിച്ച ജാമ്യ ഹർജി ജില്ലാ കോടതി തള്ളി. കേസിലെ 27, 29 പ്രതികളുമായി സംഭവദിവസം അർദ്ധരാത്രി മുതൽ പുലർച്ചെ 5.33 വരെ 61ാം പ്രതി പലതവണ ഫോണിൽ ബന്ധപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2021 ജൂൺ 21നാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ 2.30ന് ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ കൊളത്തൂർ മൂർക്കനാട് മേലേതിൽ ഫൈസൽ ബാബുവിന്റെ മകൻ മുഹമ്മദ് ഷഫീഖ് (23)ൽ നിന്ന് 1.1 കോടി രൂപ വിലവരുന്ന 2.33 കിലോ സ്വർണം കരിപ്പൂർ എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു. ഈ സ്വർണം കവരാൻ ശ്രമിച്ചുവെന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്.