അംബരചുംബിയായ ബുർജ് ഖലീഫയിലൂടെ ലോകത്തേറ്റവും ഉയരമുള്ള കെട്ടിടം നിർമ്മിച്ച ദുബായ്, ഇപ്പോൾ അതുക്കുംമേലെ സ്വപ്‌നം കാണുന്നു. ചൊവ്വയിൽ മനുഷ്യന് താമസിക്കാവുന്ന സാഹചര്യങ്ങൾ ഒരുക്കിക്കഴിഞ്ഞാൽ, അവിടെ നിർമ്മിക്കാനുദ്ദേശിക്കുന്ന നഗരത്തിന്റെ മാതൃകയുമായാണ് യു.എ.ഇ രംഗത്തെത്തിയത്. ഇന്ത്യയും അമേരിക്കയും യൂറോപ്യൻ യൂണിയനുമൊക്കെ നടത്തുന്ന ചൊവ്വ പര്യവേഷണത്തിൽനിന്ന് ലാഭം കൊയ്യാൻ പോകുന്നത് യു.എ.ഇയാകുമെന്ന് ഇതോടെ ഉറപ്പായി.

2117-ഓടെ ചൊവ്വയിൽ നഗരം പണിയാനാകുമെന്നാണ് ദുബായ് വിഭാവനം ചെയ്യുന്നത്. വേൾഡ് ഗവൺമെന്റ് സമ്മിറ്റിലാണ് ദുബായ് ഇത്തരമൊരു സ്വപ്‌ന പദ്ധതി പങ്കുവച്ചതും. യു.എ.ഇയുടെ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂമും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായേദ് അൽ നഹ്യാനും ചേർന്നാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

ആളുകൾക്ക് എങ്ങനെ ചൊവ്വയിലെത്താമെ്‌നും അവിടെ ഭക്ഷണവും ഊർജവും പോലുള്ളവ എങ്ങനെ ഉദ്പാദിപ്പിക്കാമെന്നതും പദ്ധതി വിശദീകരിക്കുന്നു. ചൊവ്വയിൽ മനുഷ്യരെ എത്തിക്കുകയെന്ന അന്താരാഷ്ട്ര പദ്ധതികൾക്ക് സഹായമേകുകയാണ് യു.എ.ഇയുടെ ലക്ഷ്യമെന്ന് അൽ മക്തൂം പറഞ്ഞു.ബഹിരാകാശ ഗവേഷണ രംഗത്ത് മുതൽമുടക്കുന്ന പ്രധാനപ്പെട്ട ഒമ്പത് രാജ്യങ്ങളിലൊന്ന് യു.എ.ഇയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബഹിരാകാശ ഗവേഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ചൊവ്വയിലെത്തുകയെന്നത്. ഇത്രയും ദൂരം സഞ്ചരിക്കാനാവശ്യമായ ഇന്ധനം കരുതാനാവില്ലെന്നതാണ് അതിലേറ്റവും വലിയ വെല്ലുവിളി. മനുഷ്യനെ ചൊവ്വയിലെത്തിക്കാൻപോന്ന വാഹനവുമില്ല. അങ്ങനെയാരെങ്കിലും ചൊവ്വയിലേക്ക് പോയാൽത്തന്നെ, അവർ ജീവനോടെയുണ്ടോ എന്ന് അറിയുക പോലും അസാധ്യമാകും.

1960-നുശേഷം ചൊവ്വയിലേക്ക് 21 ദൗത്യങ്ങളാണ് വിവിധ രാജ്യങ്ങൾ നടത്തിയത്. അതിൽ വിജയിച്ചത് ഇന്ത്യയുടെ മംഗൾയാനുൾപ്പെടെ ആറെണ്ണം മാത്രം.