നധികൃതമായി പറന്ന ഡ്രോൺ മൂലം ഇന്നലെ പ്രതിസന്ധിയിലായത് ദുബായ് വിമാനത്താവളത്തിലെ യാത്രക്കാർ. ഡ്രോൺ പറന്നതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ അരമണിക്കൂറോളം നിർത്തിവച്ചു. സുരക്ഷാ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വിമാനത്താവളം തുറന്നത്.

രാവിലെ എട്ടോടെയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോൺ അഥവാ ആളില്ലാ പേടകം കണ്ടെത്തിയത്. വിമാന പാതയിൽ ഡ്രോൺ പറക്കുന്നതാണ് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ അതീവ ജാഗ്രത പ്രഖ്യാപിക്കുകയും വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി വയ്ക്കുകയും ചെയ്തു. വിമാനത്താവളത്തിൽനിന്ന് വിമാനം പറന്നുയരുന്നതും ഇറങ്ങുന്നതും നിരോധിച്ചു.

രാവിലെ എട്ട് കഴിഞ്ഞ് എട്ട് മിനിറ്റായപ്പോഴാണ് വിമാനത്താവളം അടയ്ക്കുന്നതായുള്ള അറിയിപ്പ് വന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഡ്രോൺ കണ്ടെത്തി. ഈ ആളില്ലാ പേടകം അനധികൃതമാണെന്ന് വ്യക്തമാവുകയും ചെയ്തു. അപകടകരമായ യാതൊരും സാധ്യതയും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം രാവിലെ 8.35 ഓടെ വിമാനത്താവളം തുറന്നു.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടത് നിരവധി വിമാന സർവീസുകളെ ബാധിച്ചു. രാവിലെ ഒൻപതോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായും പൂർവസ്ഥിതിയിൽ ആയത്. വിമാനത്താവള പരിസരത്ത് അനധികൃതമായി ഡ്രോൺ പറത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രോണുകളെ നിയന്ത്രിക്കാൻ ശക്തമായ നിയമം കൊണ്ട് വരാൻയു.എ.ഇ ഈയിടെ തീരുമാനിച്ചിരുന്നു.