ദുബായ്: അത്യാധുനിക ബയോമെട്രിക് സംവിധാനവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ടണലുകൾ പ്രവർത്തിച്ചു തുടങ്ങി. ഇനി ദുബായ് വഴി യാത്ര ചെയ്യുന്നവർക്ക് പാസ്‌പോർട്ട് നടപടികൾ പൂർത്തിയാക്കാൻ 15 സെക്കൻഡ് പോലും വേണ്ട. യാത്രക്കാർക്ക് ഇനി മുതൽ പാസ്‌പോർട്ട് നടപടികൾ പൂർത്തിയാക്കാൻ പാസ്‌പോർട്ട്, ഐഡി കാർഡ്, ബോർഡിങ് പാസ്സ് തുടങ്ങിയ യാത്രാ രേഖകൾ ഒന്നും വേണ്ട. ഇവയൊന്നുമില്ലാതെ നിമിഷങ്ങൾക്കകം നടപടികൾ പൂർത്തിയാക്കാനുള്ള സംവിധാനമാണ് സ്മാർട്ട് ടണൽ.

ബുധനാഴ്ച മുതൽ ദുബായ് വിമാനത്താവളത്തിൽ സ്മാർട്ട് ടണലുകൾ പ്രവർത്തിച്ചു തുടങ്ങി. ആദ്യഘട്ടമെന്ന നിലയിൽ ടെർമിനൽ മൂന്നിൽ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കാണ് സ്മാർട്ട് ടണൽ സൗകര്യം ഉപയോഗിക്കാൻ സാധിക്കുക. നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ സംരംഭമാണിത്. യാത്രക്കാർ സ്മാർട്ട് ടണലിലൂടെ നടന്നാൽ മാത്രം മതി. ഇതിലെ ബയോമെട്രിക് സംവിധാനം യാത്രക്കാരുടെ മുഖം അടക്കം തിരിച്ചറിിഞ്ഞ് വിവരങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും.

അതിനാൽ സ്മാർട്ട് ടണലുകൾവഴി മനുഷ്യസഹായമില്ലാതെ തന്നെ 10 സെക്കൻഡിനകം യാത്രക്കാർക്ക് പുറത്തെത്താമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ.) മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാറി പറഞ്ഞു. ഇമാറാട്ടക്കിന്റെ സഹകരണത്തോടെ യു .എ.ഇ.യിൽ തന്നെയാണ് സ്മാർട്ട് ടണലുകൾ നിർമ്മിച്ചത്.

അതേസമയം സ്മാർട്ട് ടണലുകൾ ഉപയോഗിക്കണമെങ്കിൽ യാത്രക്കാർ ആദ്യവട്ടം രജിസ്റ്റർ ചെയ്യണം. എമിറേറ്റ്സ് ഐഡി ഉപയോഗിക്കുന്ന സ്മാർട്ട് ഗേറ്റുകളും ടണലുകൾക്കൊപ്പം പ്രവർത്തിക്കും. ഗേറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ അവർക്ക് സ്മാർട്ട് ടണലുകളും ഉപയോഗിക്കാം. അതല്ലാത്ത യാത്രക്കാർക്ക് ആദ്യ തവണ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടി വരും. ഇതിനായി പാസ്‌പോർട്ട് വിഭാഗത്തിനടുത്ത് കിയോസ്‌ക്കുകൾ സജ്ജമാക്കിയിട്ടുണ്ട്.

നിലവിൽ പദ്ധതി പരീക്ഷണഘട്ടത്തിലായതിനാൽ ടണൽ വഴി വരുന്ന യാത്രക്കാരുടെ പാസ്‌പോർട്ടുകൾ അധികൃതർ പരിശോധിക്കുന്നുണ്ട്. ദുബായ് എക്‌സ്പോ 2020 -ക്കായി 2.5 കോടി സന്ദർശകർ എത്തുമ്പോൾ സ്മാർട്ട് സംരംഭങ്ങൾ വഴി നടപടികൾ എളുപ്പമാക്കുന്നതിന്റെ മുന്നോടിയായാണ് സ്മാർട്ട് ടണലുകൾ സ്ഥാപിച്ചത്. സ്മാർട്ട് ടണലുകൾ ഉപയോഗിക്കാൻ ആദ്യം പാസ്‌പോർട്ട് വിഭാത്തിന് മുൻപിലുള്ള കിയോസ്‌കിൽ പോയി വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. അപ്പോൾ രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് ബോർഡിങ് പാസിൽ ഒരു സ്മാർട്ട് ബോർഡ് ലഭിക്കും. ഇതോടെ സ്മാർട്ട് ടണലിലെത്തി നേരെ നടന്നുപോകാം. നടക്കുമ്പോൾ ടണലിന്റെ അറ്റത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറയിലേക്ക് നോക്കണം. മുഖം തിരിച്ചറിയുന്ന സാങ്കേതികതയുമായാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. ടണലിന് പുറത്തെത്തിയാൽ നേരെ ബാഗേജ് എടുത്ത് വിമാനത്താവളം വിടാം.