വാഹനങ്ങൾക്ക് അനുസരിച്ച് നമ്പരിലും വ്യത്യസ്ത പുലർത്തുന്നവർക്കായി ഇതാ പുതിയ അടിപൊളി നമ്പർപ്ലേറ്റുകൾ കൂടി ദുബൈ ആർടിഎ പുറത്തിറക്കിയിരിക്കുന്നു. ദുബൈയുടെ പുതിയ ബ്രാൻഡ് ലോഗോ പതിച്ച വാഹന നമ്പർ പ്‌ളേറ്റുകൾ ആണ് ആർ.ടി.എ ഇന്നലെ മുതൽ ലഭ്യമാക്കി തുടങ്ങിയത്.

ആവശ്യക്കാരായ വാഹന ഉടമകൾക്ക് പുതിയ നമ്പർ പ്‌ളേറ്റുകൾ വില കൊടുത്ത് വാങ്ങാമെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസി സിഇഒ അഹ്മദ് ബഹ്‌റൂസിയാൻ അറിയിച്ചു. ദുബൈയുടെ പുതിയ ലോഗോ പ്രചാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന ആദ്യ
സർക്കാർ ഏജൻസിയായും ഇതോടെ ആർ.ടി.എ മാറി.

മുന്നിലെയും പിന്നിലെയും നമ്പർ പ്‌ളേറ്റുകൾക്ക് 420 ദിർഹമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ആർ.ടി.എ വെബ്‌സൈറ്റ്, കോൾ സെന്റർ (8009090), സ്മാർട്ട് ആപ്‌ളിക്കേഷനുകൾ എന്നിവ വഴി പുതിയ നമ്പർ പ്‌ളേറ്റിനുള്ള അപേക്ഷ സമർപ്പിക്കാം. ദേര കസ്റ്റമർ സർവീസ്
സെന്റർ, അൽ ബർഷ കസ്റ്റമർ സർവീസ് സെന്റർ, അശ്വാഖ് അൽ മിസ്ഹറിലെ അൽ മുമയസ്, അശ്വാഖ് അൽ ബർഷയിലെ അൽ മുമയസ്, ഖിസൈസിലെ ക്വിക് ടെക്‌നിക്കൽ ടെസ്റ്റിങ് സെന്റർ, അൽ ജദ്ദാഫിലെ വാസിൽ വാഹന പരിശോധനാ കേന്ദ്രം എന്നിവ വഴി പ്‌ളേറ്റുകൾ വിതരണം ചെയ്യും.

അത്യാധുനിക ഡിജിറ്റൽ പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കിയ നമ്പർ പ്‌ളേറ്റുകൾ വാഹനത്തിന് ആഡംബര മുഖം സമ്മാ
നിക്കുമെന്ന് അധികൃതർ അറിയിച്ചു. വിവിധ കാലാവസ്ഥകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് നമ്പർ പ്‌ളേറ്റുകൾ. ഇതിൽ ഉപയോഗിച്ച നിറങ്ങൾ സാധാരണ നമ്പർ പ്‌ളേറ്റുകളിൽ നിന്ന് വാഹനത്തെ വ്യത്യസ്തമാക്കുന്നു.