ദുബായ്: ഏത് അത്യാഹിതവും നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് അറിയാനുള്ള പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് ദുബായ്. കെട്ടിടങ്ങളുടെ കരുത്തും സുരക്ഷാ നിലവാരവും തൽസമയം നിരീക്ഷിക്കാൻ സിവിൽ ഡിഫൻസ് വിഭാഗത്തെയും കെട്ടിട ഉടമകളെയും താമസക്കാരെയും സഹായിക്കുന്നതാണ് ഈ നൂതന സംരംഭം. ദുബായിലെ എല്ലാ കെട്ടിടങ്ങളിലും ദുബായ് ലൈഫ് സേഫ്റ്റി ഡാഷ്‌ബോർഡ് നടപ്പാക്കുന്നതോടെയാണ് നിങ്ങൾ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ നിങ്ങൾക്കും അറിയാനുള്ള സംവിധാനം നിലവിൽ വരുന്നത്.

ദുബായിലെ സുരക്ഷാ നില തൽസമയം അറിയാൻ സിവിൽ ഡിഫൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും മറ്റ് സർക്കാർ വകുപ്പുകളെയും കെട്ടിട ഉടമകളെയും താമസക്കാരെയും സഹായിക്കുകയും അവർക്ക് തങ്ങളുടെ ഉത്തരവാദിത്തം സുതാര്യതയോടെയും ഊർജസ്വലതയോടെയും നിർവഹിക്കാൻ സഹായിക്കുന്നതാണ് ഡാഷ്‌ബോർഡ്.

ജീവ സുരക്ഷയുടെ പ്രവർത്തന നിലയെ സംബന്ധിച്ചുള്ള തൽസമയ വിവരങ്ങൾ ഡാഷ്‌ബോർഡ് പങ്കുവെയ്ക്കും. ലഭിക്കുന്ന വിവരങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും അതിൽ ഒറ്റക്കെട്ടായി പങ്കെടുക്കുന്നതിനും ഇതിൽ ഭാഗഭാക്കാകുന്നവരെ സഹായിക്കുകയും അവർക്ക് വിവരങ്ങൾ പരസ്പരം പങ്കുവെയ്ക്കുന്നതിലൂടെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ഡാഷ്‌ബോർഡിലൂടെ കൈമാറുന്ന ബിസിനസ് ഇന്റലിജൻസ,് കെട്ടിടങ്ങളുടെ കരുത്തും സുരക്ഷാനിലയും തൽസമയം നിരീക്ഷിക്കാൻ സർക്കാർ വകുപ്പുകളെയും കെട്ടിട ഉടമകളെയും താമസക്കാരെയും സഹായിക്കും.

കെട്ടിട ഉടമകൾക്കും തങ്ങളുടെ കെട്ടിടം സംബന്ധിച്ച പൂർണവിവരങ്ങൾ അവരവർക്ക് നൽകുന്ന ഡാഷ് ബോർഡിലൂടെ ലഭിക്കും. എല്ലാ കെട്ടിട ഉടമകൾക്കും ഇതിനായി ഒരു കാർഡ് നൽകും.ഇതിലെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് കമ്പ്യൂട്ടറോ മൊബൈലോ വഴി ഡാഷ്‌ബോർഡ് കാണാം. കെട്ടിടത്തിന്റെ സുരക്ഷ, ജല,വൈദ്യുതി ഉപയോഗം എന്നിവ നിരീക്ഷിക്കുന്നതിനൊപ്പം വിവിധ ഉപകരണങ്ങളുടെയും സാമഗ്രികളുടെയും പ്രവർത്തനം നിയന്ത്രിക്കാൻ വരെ ഇതുവഴി സാധിക്കും.

ഓരോ വ്യക്തിക്കും ഓരോ ഡാഷ് ബോർഡ് എന്ന ലക്ഷ്യം രണ്ടു വർഷത്തിനകം ദുബൈയിൽ നടപ്പാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിലൂടെ വ്യക്തിയുടെ വിവരങ്ങൾ അധികാരികൾക്ക് അറിയാമെന്നത്‌പോലെ വ്യക്തികൾക്കാവശ്യമായ മുഴുവൻ വിവരങ്ങളും തിരിച്ചുനൽകാനും ഡാഷ്‌ബോർഡിന് സാധിക്കും.

ജബൽ അലിയിലെ മുഖ്യ ഓപ്പറേഷൻ കേന്ദ്രത്തിലും സിവിൽ ഡിഫൻസ് ആസ്ഥാനത്തുമായി രണ്ടു പ്രധാന ഡാഷ്‌ബോർഡുകളാണുള്ളത്. ഇവയെ ഓരോ കെട്ടിടത്തിലെയും ഡാഷ്‌ബോർഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്.ഓരോ കെട്ടിടത്തിലെയും അഗ്‌നിശമന സംവിധാനങ്ങൾ, ലിഫ്റ്റിന്റെ പ്രവർത്തനം, ജല ടാങ്കുകളുടെ അവസ്ഥ തുടങ്ങിയ സുരക്ഷാസംബന്ധമായ എല്ലാ വിവരങ്ങളും തൽസമയം ഉടമകൾക്കും അധികാരികൾക്കുമറിയാം.