ദുബായ്: മലയാളി സമൂഹവുമായി അറബികൾ ബന്ധം തുടങ്ങിയിട്ട് കാലം കുറേയായി. കേരളത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിൽ അറബിനാടിനും സുപ്രധാനപങ്കുണ്ട്. യുഎഇ എന്ന രാഷ്ട്രത്തിന്റെ വളർച്ചയിൽ ഏറ്റവും അധികം സംഭാവന നൽകിയതും മലയാളി സമൂഹമായിരിക്കും. യുഎഇ ഭരണാധികാരികളുടെ ഓഫീസുകളിൽ പോലും മികച്ച നിലയിൽ ജോലി ചെയ്യുന്ന അനേകം മലയാളികളുണ്ട്. ഇത്തരത്തിൽ സ്തുത്യർഹമായ ജീവിതം നയിച്ച ഒരു മലയാളിക്ക് മരണാനന്തരം ആദരവ് ഒരുക്കി ദുബായ് ഭരണാധികാരികൾ. നാട്ടിൽ മരിച്ച കുഞ്ഞുമൊയ്തീൻ എന്ന പ്രവാസിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് ദുബായ് ഭരണാധികാരികൾ പ്രതിനിധികളെ മലപ്പുറത്തെ വീട്ടിലേക്ക് അയച്ചത്.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റ ഓഫീസിൽ നിന്നും വകുപ്പ് തലവന്മാർ അടക്കമുള്ളവരാണ് തയ്യിൽ കുഞ്ഞിമൊയ്തീന്റെ വീട്ടിലെത്തിയത്. പ്രവാസ ജീവിതം അവസാനിപ്പിച്ചു വിശ്രമ ജീവിതം നയിക്കാൻ നാട്ടിലെത്തിയ കുഞ്ഞിമൊയ്തീൻ വാഹനം തട്ടിയാണ് മരിച്ചത്. സൗദിയിൽ ദീർഘകാല പ്രവാസിയായിരുന്ന കുഞ്ഞിമൊയ്തീൻ യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ സഅബീൽ ഓഫിസിൽ 2001 മുതൽ ഉദ്യോഗസ്ഥനായിരുന്നു.

രണ്ടു പതിറ്റാണ്ടിലധികം മക്കയിലെ വൈദ്യുതി വകുപ്പിൽ ജോലി ചെയ്തശേഷമാണ് മൊയ്തീൻ ദുബായിൽ എത്തുന്നത്. പതിനാല് വർഷത്തെ സേവനത്തിനു ശേഷം വിശ്രമത്തിനായി നാട്ടിലേക്ക് തിരിച്ചുപോയി. മലപ്പുറം ജില്ലയിലെ വളവന്നൂർ സ്വദേശിയായ മൊയ്തീനെ സമീപ പ്രദേശമായ കടുങ്ങാത്തുകുണ്ടിൽ വച്ചാണ് റോഡുമുറിച്ചു കടക്കെ ഓട്ടോ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതു മൂലം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചു.

കുഞ്ഞിമൊയ്തീന്റെ മരണവാർത്ത കൂട്ടുകാരിലും സഅബിൽ ഓഫീസ് അധികൃതരിലും ദുഃഖവും നടുക്കവുമുളവാക്കി. സേവനകാലത്ത് സ്വദേശികളായ മേലുദ്യോഗസ്ഥരുടെയും വിദേശികളായ ജീവനക്കാരുടേയുമെല്ലാം സ്‌നേഹവും വിശ്വാസവും ആർജിച്ച കുഞ്ഞിമൊയ്തീൻ ജോലിയിൽ ആത്മാർത്ഥതയുടെ ആൾരൂപമായിരുന്നു. സൗദി

നാട്ടിൽ പോയെങ്കിലും സഅബീൽ ഓഫിസിസിലെ സ്വദേശികൾക്കും ജീവനക്കാർക്കും മറക്കാൻ കഴിയാത്ത വ്യക്തിത്വമായിരുന്നു കുഞ്ഞിമൊയ്തീൻ. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സെക്രട്ടറി മുഹമ്മദ് സുൽത്താൻ മതർ ബിൻ മർഖാന്റെ അനുമതിയോടെ വിവിധ വകുപ്പ് മേധാവികളായ മർവാൻ മർഖാൻ, സൈഫ് അൽഫലാസി, അഹ്മദ് അൽ മരി, കെ പി ഹൈദർ അലി എന്നിവരാണ് കുഞ്ഞി മൊയ്തീന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ നാട്ടിലേക്ക് തിരിച്ചത്.

കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സന്ദർശക സംഘത്തെ മുൻകാല പ്രവാസികളും പരിചയക്കാരും ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു മുൻപ് തന്നെ ഇമാറാത്തിൽ നിന്നും സ്‌നേഹദൂതുമായി എത്തുന്ന സ്വദേശി സംഘത്തെ മൊയ്തീന്റെ വീട്ടിലെത്തിക്കാൻ ശംസുദ്ധീൻ ബിൻ മുഹിയിദ്ധീന്റെ നേതൃത്വത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ ചെയ്തിരുന്നു. യു എ ഇ യിൽ ജോലിചെയ്യുന്ന മലയാളി സമൂഹത്തോടുള്ള ബന്ധത്തിന്റെ തെളിവു കൂടിയാണ് ഈ സംഭവം.