ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ആഡംബര കപ്പൽ സർവീസുകൾ തുടങ്ങും. ആദ്യഘട്ടത്തിൽ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കാകും സർവീസ്. ഇതിനായി പ്രമുഖ കമ്പനികൾ നീക്കം തുടങ്ങിയിട്ടുണ്ട്. ക്രൂസ് ടൂറിസം പ്രചാരണത്തിനായി ബെംഗളൂരു, പുണെ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ നടത്തിയ റോഡ്‌ഷോകളിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു.

യാത്രക്കാർക്ക് അഞ്ചും ഏഴും പതിനാലും അതിൽ കൂടുതലും രാത്രികൾ തങ്ങാവുന്ന പാക്കേജുകളുണ്ടാകും. യുഎഇയിൽ ഒക്ടോബർ 25നു ക്രൂസ് ടൂറിസം സീസൺ ആരംഭിച്ചതു മുതൽ പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള ആഡംബര കപ്പലുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ സീസണിൽ 15% ആണു വളർച്ച. കപ്പലുകളുടെ എണ്ണത്തിൽ 18 ശതമാനവും ഉയർച്ചയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. ഇതോടെ ഇന്ത്യൻ മഹാസമുദ്രത്തിൽ ക്രൂസിയ് ടൂറിസത്തിന്റെ സാധ്യതകൾ കൂടും. തിരിക്കേറിയ റൂട്ടായി ഇത് മാറുകയും ചെയ്യും.

കഴിഞ്ഞ വർഷം അന്താരാഷ്ട്രതലത്തിൽ സമുദ്ര വിനോദ സഞ്ചാരത്തിന്റെ തോതിൽ 140 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി വേൾഡ് ടൂറിസം കോൺഫെഡറേഷന്റെ പഠന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആഗോളതലത്തിൽ ഭീകര പ്രവർത്തനം ശക്തമായതും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സുരക്ഷാ സംവിധാനത്തിന് നേരെ ഭീകരവാദികൾ തുടർച്ചയായി വെല്ലുവിളികൾ ഉയർത്തുന്നതുമാണ് പുതിയ സാഹചര്യത്തിന് വഴിയൊരുക്കിയത്. പൊതുവെ സമാധാനപൂർണവും ശാന്തവും ആഡംബര സൗകര്യങ്ങളോട് കൂടിയതുമായ കപ്പൽ യാത്ര വേറിട്ട അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്.

താരതമ്യേന അപകടരഹിതമാണ് എന്നതും തീവ്രവാദ സംഘങ്ങളുടെ ദൃഷ്ടിപരിധിക്ക് പുറത്താണ് എന്നതുമാണ് കൂടുതൽ വിനോദ സഞ്ചാരികളെ കപ്പൽ യാത്രയിലേക്ക് ആകർഷിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. മാറിയ അനുകൂല പരിതസ്ഥിതിയിൽ സമുദ്ര വിനോദ യാത്രാ രംഗത്തെ ഭീമന്മാർ മുന്തിയതരം ആഡംബര കപ്പലുകളുടെ രൂപകൽപ്പനക്കായി കോടിക്കണക്കിന് ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

ഓഷ്യാനിയ, കാർണിവൽ, റോയൽ കരീബിയൻ, ഡിസ്നി ക്രൂയിസ് ലൈൻ, ഹോളണ്ട് അമേരിക്കാ ലൈൻ, റീജന്റ് സെവൻസീസ്, സാഗാ, സീബോൺ ലൈൻ തുടങ്ങിയ വമ്പന്മാരൊക്കെയും ആഡംബരത്തിന് പുതിയ നിർവചനം നൽകി സഞ്ചാരികളെ ആകർഷിക്കാൻ പരസ്പരം മത്സരിക്കുകയാണ്. സപ്തനക്ഷത്ര പദവിയുള്ള ഹോട്ടലുകളെക്കാൾ സുഖ സൗകര്യങ്ങളാണ് ഇക്കൂട്ടർ ഇതിനായി ഒരുക്കുന്നത്.