ദുബായ്: ദുബായിലെ ജൂവലറിയിൽ നിന്ന് 60 ലക്ഷം രൂപ വില വരുന്ന വജ്രം വിഴുങ്ങിയ ശേഷം ഇന്ത്യ വഴി ഹോങ്കോങിലേക്ക് കടക്കാൻ ശ്രമിച്ച ചൈനിസ് ദമ്പതികളെ മണിക്കൂറുകൾക്കകം ഇന്ത്യയിൽ നിന്നും പിടികൂടി. ദുബായ് നൈഫിലെ ദയ്‌റ ഗോൾഡ് സൂക്കിലെ കടയിൽനിന്നും 3.27 കാരറ്റ് വജ്രം മോഷ്ടിച്ച് വിഴുങ്ങിയ ശേഷമാണ് യുവതി ഭർത്താവിനൊപ്പം ദുബായ് വിട്ടത്. നാൽപ്പത് വയസ്സ് പ്രായം തോന്നുന്ന ഇവരെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്.

വജ്രം മോഷ്ടിച്ചതിന് പിന്നാലെ തന്നെ ഇരുവരും രാജ്യംവിടുകയായിരുന്നു. കടയുടമ മൂന്ന് മണിക്കൂറിനകം പൊലീസിൽ പരാതി നൽകി. മുംബൈവഴി ഹോങ്കോങ്ങിലേക്ക് കടക്കാൻ പദ്ധതിയിട്ട ദമ്പതിമാരെ ദുബായ് പൊലീസ് ഇന്ത്യൻ അധികൃതരുടെ സഹായത്തോടെയാണ് മുംബൈ വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. മോഷണത്തിന്റെ സിസിടിവി വിഡിയോ ദുബായ് പൊലീസ് പുറത്തുവിട്ടു.

പ്രതികളെ ഉടൻതന്നെ ഇന്റർപോളിന്റെ സഹായത്തോടെ യു.എ.ഇ.യിൽ തിരികെ എത്തിച്ചതായി ദുബായ് പൊലീസ് മേധാവി മേജർ ജനറൽ അബ്ദുള്ള ഖലീഫഅൽ മറി പറഞ്ഞു. നാൽപ്പത് വയസ്സു തോന്നുന്ന ദമ്പതിമാർ ജൂവലറിയിലെ സെയിൽസ്മാന്റെ ശ്രദ്ധ തിരിച്ചാണ് മോഷണം നടത്തിയത്. യുവാവ് സെയിൽസ്മാനുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ യുവതി വജ്രം ജാക്കറ്റിൽ ഒളിപ്പിച്ച് പുറത്തുകടത്തി. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ആഭരണം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ദമ്പതികൾ ഒരു പ്രത്യേക വജ്രത്തിന്റെ കാര്യം ചോദിച്ച് ശ്രദ്ധതിരിക്കുകയായിരുന്നു. ഇതിനിടെ യുവതി പുറത്തേക്കുള്ള വാതിലിന് സമീപം നിൽക്കുകയും ഡിസ്‌പ്ലേയ്ക്ക് വച്ചിരുന്ന വജ്രം മോഷ്ടിക്കുകയുമായിരുന്നു. തുടർന്ന് ജാക്കറ്റിനുള്ളിൽ വജ്രം ഒളിപ്പിക്കുകയും പുരുഷനൊപ്പം പുറത്തേക്ക് പോവുകയും ചെയ്യുന്നതാണ് വിഡിയോയിൽ. പിന്നീട് വജ്രം വിഴുങ്ങി.

തുടർന്ന് ദമ്പതികൾ ദുബായ് മാളിലേക്ക് പോയി. ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ടുപേരും മാളിലെ വിശ്രമമുറിയിൽ പ്രവേശിക്കുകയും പുതിയ വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് വരികയുമായിരുന്നു. ദുബായ് വിമാനത്താവളത്തിലേക്ക് പോയ ഇവർ ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തു. ഷോപ്പിങ് മാളിലെ ശുചിമുറിയിൽനിന്നു വസ്ത്രം മാറി മുംബൈയിലേക്കു വിമാനം കയറി. മോഷണം നടന്ന് 3 മണിക്കൂർ കഴിഞ്ഞാണ് കടയുടമ വിവരം അറിഞ്ഞത്. ഉടൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ദമ്പതികളെ തിരിച്ചറിഞ്ഞ് പൊലീസിനു വിവരം കൈമാറി. ഡോക്ടറുടെ സഹായത്തോടെ സ്ത്രീയുടെ വയറ്റിൽനിന്നു വജ്രം പുറത്തെടുത്തു.

മോഷണം നടത്തിയെന്ന് പ്രതികൾ സമ്മതിച്ചു. എക്‌സ്റേ പരിശോധനയിൽ യുവതിയുടെ വയറ്റിൽ വജ്രമുണ്ടെന്ന് തെളിയുകയും ചെയ്തു. സ്മാർട്ട് ഡാറ്റാ അനാലിസിസ് സെന്ററിന്റെ സഹായത്തോടെയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികളെ കണ്ടെത്തി പിടികൂടാൻ സാധിച്ചതെന്ന് മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽമറി പറഞ്ഞു. ഇതിനുപിന്നിൽ പ്രവർത്തിച്ച കുറ്റാന്വേഷണ വിഭാഗത്തെ അദ്ദേഹം പ്രശംസിച്ചു.

മോഷണം നടന്ന് മൂന്നു മണിക്കൂർ കഴിഞ്ഞതിനാൽ പ്രതികൾ രക്ഷപ്പെട്ടിരുന്നുവെന്നുവെന്ന് സിഐഡി ഡയറക്ടർ കേണൽ അദേൽ അൽ ജോക്കർ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതിനാൽ ഇവരുടെ വിമാന യാത്രയുടെ വിവരങ്ങൾ പരിശോധിക്കുകയും ഇന്റർപോൾ വഴി ഇന്ത്യൻ അധികൃതരെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു. മുംബൈ വിമാനത്താവളത്തിൽ എത്തിയ പ്രതികളെ പൊലീസ് കയ്യോടെ പിടികൂടി. അടുത്ത ദുബായ് വിമാനത്തിൽ ഇവരെ തിരികെ എത്തിക്കാനും നിർദ്ദേശം നൽകി. മോഷണം നടത്തിയെന്ന കാര്യം പ്രതികൾ സമ്മതിച്ചു.