ദുബൈ ആർടിഎയുടെ ഡ്രൈവറില്ലാ വാഹനം ആദ്യമായി നഗരത്തിലിറങ്ങി.ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച മെന മേഖലാ ഗതാഗത കോൺഗ്രസിന്റെ ഭാഗമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഡ്രൈവർ രഹിത വാഹനത്തിന്റെ പരീക്ഷണയോട്ടം നടന്നത്.

2030ഓടെ ദുബൈയിലെ 25 ശതമാനം വാഹനങ്ങളും ഡ്രൈവർ രഹിതമാക്കുമെന്ന് ദുബൈ ഭരണാധികാരി പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമായിരുന്നു വാഹനത്തിലെ ആദ്യ യാത്രികൻ. ദുബൈയെ സമ്പൂർണ സ്മാർട്ട് സിറ്റിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളിൽ നിർണായക ചുവടുവെപ്പായാണ് ഈ വാഹനത്തെ കണക്കാക്കുന്നത്.

ഓംനിക്‌സ് ഇന്റർനാഷണൽ, ഈസി മൈൽ എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിച്ചിരിക്കുന്ന വാഹനത്തിന് ഈസി 10 എന്നാണ് പേരിട്ടിരിക്കുന്നത്. സർവകലാശാല കാമ്പസുകൾ, വിമാനത്താവളങ്ങൾ, വ്യവസായ മേഖലകൾ തുടങ്ങിയ ഇടങ്ങളിൽ ചെറുദൂരത്തേക്കുള്ള ഷട്ടിൽ സർവീസിനായാണ് ഇത് ഉപയോഗിക്കുക. നേരത്തെ നിശ്ചയിച്ച റൂട്ടുകളിൽ ഇരുവശത്തേക്കും ഒരുപോലെ സഞ്ചരിക്കാൻ വാഹനത്തിന് കഴിയും.

ബാറ്ററി ഒരിക്കൽ ചാർജ് ചെയ്താൽ എയർകണ്ടീഷൻ സൗകര്യത്തോടെ വാഹനം നാലുമണിക്കൂർ പ്രവർത്തിക്കും. എ.സി ഇല്ലെങ്കിൽ 10 മണിക്കൂർ ഓടും. ആറുപേർക്ക് ഇരുന്ന് യാത്ര ചെയ്യാം. ആറുപേർക്ക് നിന്ന് യാത്രചെയ്യാം. സാധാരണഗതിയിൽ മണിക്കൂറിൽ 25 കിലോമീറ്റർ വേഗമുണ്ടാകും. പരമാവധി വേഗം മണിക്കൂറിൽ 40 കിലോമീറ്ററാണ്. ഭിന്നനശേഷിക്കാർക്ക് വാഹനത്തിൽ കയറാൻ പ്രത്യേക സംവിധാനങ്ങളുണ്ട്.