ദുബായ്: ദുബായിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് ഓൺലൈൻ വഴി മാത്രമാക്കി. ആർടിഐയുടെ സ്മാർട്ട് ആപ്ലിക്കേഷനുകളും കോൾ സെന്ററുകളെയും ഇതിനായി ഉപയോഗപ്പെടുത്താം. ആർടിഎയുടെ സേവനങ്ങൾ ഓൺലൈൻ വഴിയാക്കുന്നതിന്റെ ഭാഗമായാണ് കൗണ്ടറുകൾ മുഖേന ഡ്രൈവിങ് ലൈസൻസ് പുതുക്കുന്ന രീതി അവസാനിപ്പിക്കുന്നത്.

നവംബർ 27 മുതലായിരിക്കും ലൈസൻസ് പുതുക്കുന്ന സേവനങ്ങൾ പൂർണമായും ഓൺലൈൻ വഴിയാക്കുന്നത്. ആർടിഎയുടെ സ്മാർട്ട് ആപ്ലിക്കേഷനുകൾ, സ്മാർട്ട് കിയോസ്‌കുകൾ, ആർ.ടി.എ കോൾസെന്ററുകൾ എന്നിവ മുഖേനയായിരിക്കും ലൈസൻസ് പുതുക്കുക. ആർടിഎയുടെ വെബ്‌സൈറ്റിലും ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ആർ.ടി.എയുടെ അംഗീകാരമുള്ള കണ്ണു പരിശോധനാ കേന്ദ്രങ്ങളിലും ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ നൽകാം. രണ്ടു ഘട്ടമായിട്ടായിരിക്കും ലൈസൻസ് പുതുക്കുന്നതിനുള്ള നടപടികൾ ഓൺലൈനിലേക്ക് മാറ്റുക. 21 വയസിൽ താഴെയുള്ളവരുടെ ലൈസൻസുസകൾ പുതുക്കുന്നത് ഒക്ടോബർ പതിനാറു മുതൽ ഓൺലൈൻ വഴി ആയിരിക്കും.

നവംബർ 21 മുതൽ മറ്റ് ലൈസൻസുകൾ പുതുക്കുന്നതും ഇതുവഴിയാക്കും. ഇതിനു പുറമേ നഷ്ടപ്പെടുകയോ, കേടുപാട് സംഭവിക്കുകയോ ചെയ്ത ഡ്രൈവിങ് ലൈസൻസുകൾക്ക് പകരം ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതും ഓൺലൈൻ വഴിയാണ്. ഡ്രൈവറുമാരുടെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷകളും പുതിയ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഇരുപത്തിയൊന്ന് വയസിൽ കൂടുതൽ പ്രായമുള്ളവരുടെ ലൈസൻസ് പുതുക്കൽ നവംബർ ഇരുപത്തിയേഴ് മുതലും ഡ്രൈവർമാർക്ക് പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നൽകുന്നത് ഒക്ടോബർ മുപ്പത് മുതലും ഓൺലൈനാകും. ഓൺലൈൻ സംവിധാനങ്ങൾ നടപ്പിൽ വരുന്നതോടു കൂടി ആർടിഎ ഓഫീസുകളിൽ നിന്നും ഈ സേവനങ്ങൾ നേരിട്ട് ലഭിക്കില്ല.