ദുബായ്: ദുബായ് ഡ്രൈവിങ് ലൈസൻസ് ലഭിക്കണമെങ്കിൽ ഒരു കടമ്പ കൂടി പാസാകണം. പുതുതായി ഉൾപ്പെടുത്തിയ റിസ്‌ക് അവേർനെസ് ടെസ്റ്റു കൂടി പാസായാൽ മാത്രമേ ഇനി ഏതൊരാൾക്കും ഡ്രൈവിങ് ലൈസൻസ് ലഭിക്കുകയുള്ളൂ. സ്‌കൂൾ മേഖലകൾ, രാത്രി ഡ്രൈവിങ്, മഴ സമയത്തുള്ള വാഹനമോടിക്കൽ, ജനസാന്ദ്രത ഏറിയ മേഖലകൾ, മരുഭൂമി തുടങ്ങിയ സ്ഥലങ്ങളിലൂടെയുള്ള ഡ്രൈവിങ് എന്നീ വ്യത്യസ്ഥ സാഹചര്യങ്ങളിൽ ഡ്രൈവർമാരെ പിരിമുറുക്കമില്ലാതെ വാഹനമോടിക്കാൻ പര്യാപ്തമാക്കുന്നതാണ് റിസ്‌ക് അവേർനെസ് ടെസ്റ്റ്.

റിസ്‌ക് റെക്ക്ഗനീഷൻ ടെസ്റ്റ് എന്നും അറിയപ്പെടുന്ന പുതിയ രീതി ജൂലൈ ഒന്നു മുതൽ നടപ്പാക്കുന്നുണ്ടെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി വെളിപ്പെടുത്തി. അഞ്ചു വർഷം മുമ്പ് ട്രെയിനി ഡ്രൈവർമാർക്ക് ഏർപ്പെടുത്തിയ തിയററ്റിക്കൽ നോളജ് ടെസ്റ്റിനൊപ്പമാണ് റിസ്‌ക് റെക്ക്ഗനീഷൻ ടെസ്റ്റ് കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈറ്റ് വെഹിക്കിൾ, ഹെവി ട്രക്കുകൾ, ബസ്, മോട്ടോർബൈക്കുകൾ എന്നിവ ഓടിക്കാനുള്ള ലൈൻസിനും ഈ ടെസ്റ്റ് ബാധകമാണ്. ഇക്കൂട്ടർക്കിടയിൽ ട്രാഫിക്കിനെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും ബോധവത്ക്കരണവുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പുതിയ ടെസ്റ്റ് അറബിക്, ഇംഗ്ലീഷ്, ഉർദു എന്നീ ഭാഷകളിലാണിപ്പോൾ നടത്തുന്നത്. സെപ്റ്റംബർ മുതൽ ചൈനീസ്, ഫാർസി, ഹിന്ദി, മലയാളം, ബംഗാളി, റഷ്യൻ, തമിഴ് ഭാഷകളിൽ നടത്താൻ ആരംഭിക്കും. രാത്രിയിലും മഴയത്തുമുള്ള ഡ്രൈവിങ്‌ മികവും പരിശോധിക്കും. ഓഡിയോയുടെയും വിഡിയോ ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് പരീക്ഷ. ത്രിമാന ദൃശ്യങ്ങൾ വാഹനമോടിക്കുന്ന പ്രതീതിയുണ്ടാക്കും. 25 സെക്കൻഡ് വീതമുള്ള അഞ്ചു വിഡിയോകളാണുള്ളത്. അപകടങ്ങൾ കുറയ്ക്കാനും കൂടുതൽ ശ്രദ്ധയോടെ വാഹനമോടിക്കാനും ഈ പരീക്ഷാരീതി സഹായകമാകുമെന്നാണു പ്രതീക്ഷയെന്നും ആർടിഎ ചൂണ്ടിക്കാട്ടി.