ദുബായ്:വിദേശത്ത് ജോലി ചെയ്യുന്ന ഓരോ മലയാളിക്കും ഏറ്റവും കൂടുതൽ പണം ചലവാകുന്നത് വീട് വാടകയ്ക്കാണ്. മെച്ചപ്പെട്ട താമസസ്ഥലം ലഭിക്കണമെങ്കിൽ ശമ്പളത്തിന്റെ നല്ലൊരു പങ്ക് തന്നെ വേണം. ദുബൈ പോലെയുള്ള നഗരങ്ങളിൽ താമസച്ചെലവ് വളരെ വലുതാണ്. ഈ സാഹചര്യത്തിൽ വിദേശികളുൾപ്പടെയുള്ള തൊഴിലാളികൾക്ക് ആശ്വാസകരമായ തീരുമാനവുമായി രംഗതെത്തിയിരിക്കുകയാണ് ദുബായ് ഭരണകൂടം

ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ദുബൈ സർക്കാരിന്റെ പുതിയ പദ്ധതി. ഉയർന്ന വീട്ടുവാടക നൽകേണ്ടി വരുന്ന ദുബായിൽ വിദേശികൾ ഉൾപ്പെടെയുള്ള കുറഞ്ഞ വരുമാനക്കാർക്കുവേണ്ടി പ്രത്യേക താമസ സൗകര്യങ്ങൾ ഒരുക്കുന്നതാണ് പദ്ധതി. വിവിധ റിയൽ എസ്റ്റേറ്റ് കമ്പനികളുമായി ചേർന്നാണ് പദ്ധതി പ്രകാരമുള്ള പാർപ്പിടങ്ങൾ നിർമ്മിക്കുക.

കുടുംബത്തിന്റെ വരുമാനം, കുടുംബങ്ങളുടെ അടിയന്തര സാഹചര്യം, പൊതുസമൂഹത്തിനുണ്ടാകുന്ന നേട്ടം എന്നിവയെല്ലാം പരിഗണിച്ചായിരിക്കും ഓരോ കുടുംബത്തേയും തെരഞ്ഞെടുക്കുക. സ്വദേശികൾക്ക് മാത്രമല്ല തൊഴിലാളികളായ വിദേശികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഇരു വിഭാഗങ്ങൾക്കും വെവ്വേറെ പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. പദ്ധതിയുടെ ഭാഗമായി പുതിയ വീടുകൾ നിർമ്മിക്കാനും നിലവിലുള്ള കെട്ടിടങ്ങൾ പുനരുദ്ധരിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.