ദുബായ്: ദുബായ് ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ട സമയപരിധി ഇന്നവസാനിക്കും. ദ ആശ്രിതവീസയിൽ ഉള്ളവരെയും തൊഴിലാളികളെയും ഇൻഷുറൻസിൽ ഉൾപ്പെടുത്താത്ത സ്പോൺസർമാർ, തൊഴിലുടമകൾ എന്നിവരിൽ നിന്നു നാളെ മുതൽ പിഴ ഈടാക്കും. ചട്ടം ലംഘിക്കുന്നവർക്കു വീസ പുതുക്കാനൊ പുതിയൊരു വീസ എടുക്കാനൊ സാധിക്കില്ല.

വീസ പുതുക്കാനൊ റദ്ദാക്കാനൊ അപേക്ഷിക്കുമ്പോൾ നൽകേണ്ട ഫീസിൽ ഈ പിഴ ഉൾപ്പെടുത്തും. ഇൻഷുറൻസ് എടുക്കാത്ത ഓരോ മാസത്തിനും 500 ദിർഹം എന്ന തോതിലാകും പിഴ. അടുത്തവർഷം മുതൽ സന്ദർശക വീസയിൽ ദുബായിൽ എത്തുന്നവർക്കും ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്.

കുടുംബമായി താമസിക്കുന്നവർ ഭാര്യയുടെയും മക്കളുടെയും സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവന്ന മറ്റ് ആശ്രിതരുടെയും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം. എല്ലാ തൊഴിലാളികൾക്കും ഇതുറപ്പു വരുത്തേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. പ്രതിമാസ വരുമാനം 4,000 ദിർഹത്തിലും താഴെയുള്ളവരാണെങ്കിൽ ചുരുങ്ങിയത് 550 ദിർഹം
മുതൽ 700 ദിർഹം വരെ വാർഷിക പ്രീമിയമുള്ള ഇൻഷുറൻസ് പരിരക്ഷ
ഉറപ്പാക്കിയിരിക്കണമെന്നാണു ചട്ടം.

വയോധികരാണെങ്കിൽ വാർഷിക പ്രീമിയം 2500 ദിർഹം ആയിരിക്കണം. പ്രസവിച്ച് 30 ദിവസം പൂർത്തിയാകുംമുൻപ്, നവജാത ശിശുവിനും ഇൻഷുറൻസ് കാർഡ് എടുത്തിരിക്കണം.

കമ്പനികളുടെ നിയമ ലംഘനങ്ങൾ നിരീക്ഷിക്കുകയും കുറ്റക്കാർക്കു കനത്ത
പിഴചുമത്തുകയുംചെയ്യും. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട ഒരാൾക്കുള്ള ചികിൽസാ സഹായം തടയുന്ന സ്പോൺസർക്ക് എതിരെയും നടപടിയുണ്ടാകുമെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു. ആരോഗ്യ ഇൻഷുറൻസ് പദ്ധതി വിവിധ ഘട്ടങ്ങളായാണു നടപ്പാക്കിയത്.