മാസം അവസാനത്തോടെ നിർബന്ധമാക്കാനിരുന്ന ദുബൈയിലെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ കാലാവധി ഈ വർഷം അവസാനം വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. ഇതോടെ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കാനുള്ളവർക്ക് ഈ വർഷം അവസാനത്തിന് മുൻപായി ചേർത്താൽ മതിയാകും.

ജൂൺ 30നകം എല്ലാവർക്കും ഇൻഷുറൻസ് നിർബന്ധമാകുമെന്നാണ് നേരത്തെ
അറിയിച്ചിരുന്നത്. എന്നാൽ കമ്പനികളെല്ലാം നേരത്തെ നിശ്ചയിച്ച സമയപരിധിക്കകം ജീവനക്കാർക്ക് ഇൻഷുറൻസ് ഉറപ്പുവരുത്തണം. അല്‌ളെങ്കിൽ പിഴ നൽകേണ്ടിവരുമെന്ന് ഡി.എച്ച്.എ ഹെൽത്ത് ഫണ്ടിങ് വിഭാഗം ഡയറക്ടർ ഡോ. ഹൈദർ അൽ യൂസുഫ് പറഞ്ഞു.

2014 മുതൽ മൂന്ന് ഘട്ടങ്ങളായാണ് ദുബൈയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി വരുന്നത്. 1000ന് മുകളിൽ തൊഴിലാളികളുള്ള കമ്പനികളെ ആദ്യഘട്ടത്തിലും 100 മുതൽ 999 വരെ ജീവനക്കാരുള്ള കമ്പനികളെ രണ്ടാംഘട്ടത്തിലും ഉൾപ്പെടുത്തി. ഈ വിഭാഗത്തിലെ തൊഴിലാളികളെല്ലാം ഇപ്പോൾ ഇൻഷുറൻസ് പരിധിയിൽ വരുന്നുണ്ട്. 100ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് മൂന്നാംഘട്ടത്തിൽ വരുന്നത്. ജൂൺ 30ഓടെ ഈ വിഭാഗത്തിലെ കമ്പനികളും തൊഴിലാളികൾക്ക് ഇൻഷുറൻസ് ഉറപ്പാക്കണം. താമസ- കുടിയേറ്റ വകുപ്പുമായി ബന്ധിപ്പിക്കുന്നതിനാൽ ഇൻഷുറൻസ് ഇല്ലെങ്കിൽ വിസ പുതുക്കി നൽകില്ല. പിഴയും അടക്കേണ്ടിവരും.

ജീവനക്കാരുടെ ഇൻഷുറൻസ് പ്രീമിയം തുക കമ്പനികളാണ് വഹിക്കേണ്ടത്. എന്നാൽ കുടുംബാംഗങ്ങളുടേതും വീട്ടുജോലിക്കാരുടേതും സ്‌പോൺസർ ചെയ്യുന്ന ഗൃഹനാഥൻ നൽകണം. ഈ വർഷം അവസാനം വരെ സമയപരിധി നീട്ടിയ സാഹചര്യത്തിൽ 2017 ആദ്യത്തോടെ മാത്രമേ ഇൻഷുറൻസ് ഇല്ലെങ്കിൽ ഇത്തരക്കാർ പിഴ നൽകേണ്ടിവരൂ.