തിരുവനന്തപുരം: ബിനോയ് കോടിയേരിയുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ചിത്രങ്ങളും കുടുംബ പേരും ഉപയോഗിച്ച് മാതൃഭൂമി വ്യാജവാർത്ത പ്രചരിപ്പിക്കുന്നുവെന്ന് യുഎഇ വ്യവസായി അബ്ദുള്ള മുഹമ്മദ് അൽ മർസൂഖി. ഇക്കാര്യം ചൂണ്ടിക്കാട്ടി മർസൂഖി ദുബായ് പൊലീസിന് ജനുവരി 30ന് പരാതി നൽകി.

സമ്മർദ്ദ തന്ത്രങ്ങളിലൂടെ വൻ തുക കൈപ്പറ്റാനാണ് താൻ ശ്രമിക്കുന്നതെന്നും ഇതിനായി ഫെബ്രുവരി അഞ്ചിന് താൻ വാർത്താ സമ്മേളനം വിളിക്കുമെന്നതുൾപ്പടെയുള്ള വാർത്തകൾ വ്യാജമായി കെട്ടിച്ചമച്ചതാണെന്നാണ് മർസൂഖിയുടെ നിലപാട്.

ദുബായിൽ ഉയർന്നതും ബഹുമാന്യവുമായ കുടുംബ പശ്ചാത്തലവും കേരളമുൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിസിനസ്സ് ശൃംഖലകളുള്ള തനിക്കും കുടുംബത്തിനും അപകീർത്തികരമായ രീതിയിൽ വാർത്ത പ്രസിദ്ധീകരിച്ചുവെന്നാണ് മർസൂഖിയുടെ പരാതി. മാതൃഭൂമിക്കെതിരെ അഞ്ച് കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് മർസൂഖി വക്കീൽ നോട്ടീസയച്ചിട്ടുമുണ്ട്.

വാർത്ത പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ സിവിലും ക്രിമിനലുമായ മാനനഷ്ടകേസുകളുമായി മുന്നോട്ടു പോകുമെന്നാണ് മർസൂഖിയുടെ നിലപാട്.

ബിനോയി കോടിയേരി ആരോപണവിധേയനായ സാമ്പത്തികത്തട്ടിപ്പ് വിവാദത്തിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി ദുബായ് കമ്പനി രംഗത്തത്തിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. ദുബായ് കമ്പനിയുടമ അബ്ദുള്ള അൽ മർസൂഖിയാണ് ഇപ്പോൾ തന്നെ അപകീർത്തിപ്പെടുത്തുന്ന വാർത്ത നൽകിയതിന് പ്രമുഖ മാധ്യമത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്.

അതേസമയം, തെറ്റായ ചിത്രം നൽകിയതിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് മാതൃഭൂമി ന്യൂസ്. ബിനോയ് കോടിയേരിയുടെ വാർത്തയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് നൽകിയ ചിത്രം തെറ്റായിരുന്നു. അബ്ദുള്ള അൽ മർസൂഖിയുടേതെന്ന് പറഞ്ഞ് നൽകിയ ചിത്രം മറ്റൊരു യു.എ.ഇ പൗരന്റെതായിരുന്നു. ഇതിൽ മാതൃഭൂമി ന്യൂസ് നിർവ്യാജം ഖേദിക്കുന്നുവെന്നാണ് അറിയിപ്പ്.