നോർക്ക ഹെൽപ്പ് ഡെസ്‌ക്കിനെ കുറിച്ച് പ്രവാസികൾക്ക് ഇപ്പോഴും വ്യക്തതയില്ലെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ പറഞ്ഞു. ആഗോള കേരളീയ പ്രവാസി സംഗമത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കേസുകളുമായി ബന്ധപ്പെട്ട് നാട്ടിലെ പൊലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെടുമ്പോൾ വലിയ ബുദ്ധിമുട്ടാണ് പ്രവാസികൾ നേരിടുന്നത്.

നോർക്ക ഹെൽപ്പ് ഡെസ്‌ക്കിലൂടെ നേരിട്ടുള്ള സംവാദത്തിനുള്ള അവസരമൊരുക്കാൻ കഴിയും. നിയമസഹായങ്ങൾ ലഭിക്കാനും സർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ച് അറിയാനും ഹെൽപ്പ് ഡെസ്‌ക്ക് ഉപകരിക്കും. പുതിയ എൻ.ആർ.ഐ കമ്മീഷനൊക്കെ രൂപീകരിച്ച് സമയം കളയുന്നതിന് പകരം നിലവിലുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്. നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾക്ക് കോർപ്പറേറ്റ് കമ്പനികളിൽ ജോലി നേടാനുള്ള അവസരം സർക്കാർ ഒരുക്കി കൊടുക്കണം.

നഗരങ്ങൾ കേന്ദ്രീകരിച്ച് വിദേശ ജോബ് എക്‌സ്‌പോകളും സംഘടിപ്പിക്കണം. അക്ഷയ സെന്റർ, സാക്ഷരത മിഷൻ, ഫോക്‌ലോർ അക്കാദമി തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ദുബായിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് കെ.എം.സി.സിയുടെ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ പരാതികളിൽ അടിയന്തിര പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുമെന്ന് ചർച്ചക്ക് മറുപടി പറഞ്ഞ പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് വ്യക്തമാക്കി. പി.സൈതാലിക്കുട്ടി, ഷറഫുദ്ദീൻ കണ്ണേത്ത് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.