ദുബായ്: ദുബായ് കെ.എം.സി.സി. എക്‌സിക്യൂട്ടീവ് ക്യാമ്പ് 19 ന് രാവിലെ 8 മണി മുതൽ ദുബായ് റാഷിദ് ഹോസ്പിറ്റൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരാണ് ക്യാമ്പ് പ്രതിനിധികൾ.

ദുബായ് ഗവണ്മെന്റിന്റെ വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയിൽ ദുബായ് കെ.എം.സി.സി. ശാസ്ത്രീയമായ സംവിധാനമൊരുക്കിയും പ്രവർത്തന പദ്ധതികൾ ആവിഷ്‌കരിച്ചുമാണ് പ്രവർത്തിക്കുന്നത്.

പൂർവ്വികരുടെ ത്യാഗപൂർണ്ണമായ ജീവിതാനുഭവങ്ങളും സംഘടനയുടെ ചരിത്രവും കോർത്തിണക്കി പുതിയ തലമുറയെ ജീവിതവിജയത്തിന് പ്രാപ്തമാക്കുകയും സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ സേവകരാക്കുകയും ചെയ്യുന്ന കർമ്മ പദ്ധതികൾക്കാണ് ഈ ക്യാമ്പ് രൂപം നൽകുന്നത്. ക്യാമ്പംഗങ്ങളുടെ രജിസ്‌ട്രേഷന് ശേഷം സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന എക്‌സിക്യൂട്ടീവ് ക്യാമ്പിൽ 'ജീവിതദർശനം' എന്ന ആദ്യ സെഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അവതരിപ്പിക്കും. ഒരു സാമൂഹ്യ പ്രവർത്തകന്റെ നീതി ബോധവും ഉത്തരവാദിത്വവും ആത്മീയതലത്തിൽ നിന്നുകൊണ്ട് പരിചയപ്പെടുത്തുന്ന ഒന്നായിരിക്കും ഇത്. തുടർന്ന് ചരിത്രാന്വേഷകനും ഗ്രന്ഥകാരനുമായ പി.എ.റഷീദ് 'സ്മൃതിപഥങ്ങളിലൂടെ ഒരു യാത്ര' അവതരിപ്പിക്കും. ചരിത്രത്തിന്റെ പുനർവായനയും ഒരു ജനത തീക്ഷ്ണമായ പോരാട്ടത്തിന്റെ വഴിയിൽ സഞ്ചരിച്ചു നേടിയ ആത്മാഭിമാനത്തിന്റെ ആവിഷ്‌കാരവുമാണ് ഈ സെഷനിൽ നിർവ്വഹിക്കപ്പെടുന്നത്.

കേരള യൂത്ത് വെൽഫെയർ ബോർഡ് മെമ്പർ സി.കെ.സുബൈർ 'ഇന്നലെകളുടെ നേട്ടങ്ങളും നാളെയുടെ പ്രതീക്ഷകളും' അവതരിപ്പിക്കും. സമയവും സമ്പത്തും കർമ്മശേഷിയും ഫലപ്രദമായി വിനിയോഗിക്കേണ്ടതിനെക്കുറിച്ചും, ഉയർന്ന ചിന്തയും സ്വത്വാബോധവും കൈവരിക്കേണ്ടതിനെ കുറിച്ചും ഒരു ബൗദ്ധികതല ചർച്ചയായി ഇത് മാറും. ക്യാമ്പ് അംഗങ്ങളുടെ നിർദ്ദേശങ്ങളും കാഴ്ചപ്പാടുകളും 'പ്രതിപാദനം' സെഷനിൽ അവതരിപ്പിക്കുകയും ചെയ്യും.

ക്യാമ്പിന്റെ സമാപന പരിപാടി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ.അൻവർ നഹ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറയും. ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, വൈസ് ചെയർമാൻ പി.എ ഇബ്രാഹിം ഹാജി, ഡോ: പുത്തൂർ റഹ്മാൻ, ഇബ്രാഹിം എളേറ്റിൽ, യഹ്‌യ തളങ്കര, അബ്ദുള്ള ഫാറൂഖി എന്നിവർ സംബന്ധിക്കും. ക്യാമ്പ് ഡയറക്ടർ എ.സി. ഇസ്മായിൽ ക്യാമ്പ് അവലോകനം നടത്തും. ഇസ്മായിൽ ഏറാമല, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, അഷ്‌റഫ് കൊടുങ്ങല്ലൂർ എന്നിവരാണ് ക്യാമ്പ് കോ-ഓർഡിനേറ്റർമാർ. സെക്രട്ടറി ഹനീഫ്കൽമാട്ട നന്ദി പറയും.

മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, ആവയിൽ ഉമ്മർ ഹാജി, ഉസ്മാൻ ഹാജി തലശ്ശേരി, എം.എ. മുഹമ്മദ് കുഞ്ഞി, അഡ്വ: സാജിദ് അബൂബക്കർ, ആർ. ശുക്കൂർ, ഇസ്മായിൽ അരൂക്കുറ്റി, എൻ.കെ ഇബ്രാഹിം എന്നിവരടങ്ങിയ പ്രസീഡിയം വിവിധ സെഷനുകൾ നിയന്ത്രിക്കും. ഹാഫിസ്ഹസം ഹംസ ഖിറാഅത്ത് നടത്തും.