ദുബായ്: 'സ്മൃതിപഥങ്ങളിലൂടെ ഒരു യാത്ര' എന്ന വിഷയത്തിൽ ദുബായ് കെഎംസിസി പ്രൊ-ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. ചരിത്രബോധം പകർന്നു നൽകി പൈതൃക സ്വത്വം വരും തലമുറക്ക് കരുതിവെപ്പായി കടമ നിർവ്വഹികേണ്ടവരാണ് നാമെന്നു പ്രമുഖ ചരിത്രാന്വേഷകനും കാലിക്കറ്റ് സർവ്വകലാശാല സി.എച്ച് ചെയർ ഡയറക്ടറുമായ പി.എ റഷീദ് പറഞ്ഞു. സെമിനാർ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ അഖണ്ഡതക്കും ഭരണഘടനാപരമായ നിലനിൽപ്പിനും വേണ്ടി അതുല്യ സംഭാവനകൾ നൽകിയ മുസ്ലിം നേതാക്കളെ ചരിത്ര താളുകളിൽ നിന്ന് തമസ്‌ക്കരിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ ചരിത്രബോധമുള്ള ജനതക്ക് മാത്രമേ കഴിയൂ. സർ സയ്യിദ് അഹമ്മദ് ഖാന്റെ നവോത്ഥാന ചിന്തയുടെ ചുവടു പിടിച്ച് 'ആധുനിക വിദ്യാഭ്യാസം, ആധുനിക രാഷ്ട്രീയം' എന്ന ആശയമാണ് മുസ്ലിം ലീഗ് മുമ്പോട്ട് വെക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും കെ.എം സീതി സാഹിബും ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സി.എച്ച് മുഹമ്മദ് കോയയും ശിഹാബ് തങ്ങളും പകർന്നു നൽകിയ ആത്മീയവും ദീർഘവീക്ഷണാധിഷ്ഠിതമായ രാഷ്ട്രീയമാണ് കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങളെ ഇന്ന് കാണുന്ന അഭിമാനകരമായ അവസ്ഥയിൽ എത്തിച്ചത്. വികാരത്തിന് പകരം വിവേകമാണ് അവർ പഠിപ്പിച്ചത്, വിശ്വാസവും മത ചിന്തകളും എടുത്തു മാറ്റിയല്ല മുസ്ലിം ലീഗ് പൊതുസമൂഹത്തിൽ സ്വീകാര്യത നേടിയത്. മതേതര കാഴ്ചപാടും ശക്തമായ ജനാതിപത്യ ചിന്തയുമാണ് മുസ്ലിം ലീഗിന്റെ പ്രത്യേകത.

കഴിഞ്ഞ കാലത്തിന്റെ സമ്പന്നമായ ഓർമകളും പൂർവ്വികർ കൈമാറിയ ആദർശത്തിന്റെ തിളക്കവും സ്വന്തമാക്കാനുള്ള പരിശ്രമമാണ് പുതിയ കാലത്ത് നാം നടത്തേണ്ടത്. ധൈഷണിക ചിന്തകൊണ്ട് സമൂഹത്തെ ഉദ്ബുദ്ധരും ഉൽകൃഷ്ടരുമാക്കാൻ കഴിയുമ്പോഴാണ് മാതൃകാ നേതൃത്വം എന്ന വിശേഷണം സ്വന്തമാക്കാൻ കഴിയുക എന്നും പി.എ റഷീദ് ഓർമിപ്പിച്ചു.