ദുബായ്: ദുബായ് കെ.എം.സി.സി പ്രൊ-ലീഡർഷിപ്പ് ക്യാമ്പ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നാടിന്റെയും ജനങ്ങളുടെയും പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണു രാഷ്ട്രീയമെന്നും അതു നന്മയുടെ വഴി തേടുന്നതാകണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. സമൂഹ നന്മക്കായി കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച് മാതൃക സൃഷ്ടിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും, ജാതി-മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമാണ് ഓരോ കാരുണ്യ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് റാഷിദ് ഹോസ്പിറ്റൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.എ റഷീദ്. സി.കെ സുബൈർ എന്നിവർ വിവിധ സെഷനുകളിൽ ലീഡ് ചെയ്ത് സംസാരിച്ചു.

ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ ആധ്യക്ഷത വഹിച്ച പരിപാടിയിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷൻ ഇ.അഹമ്മദ് എംപി, പി.വി അബ്ദുൽ വഹാബ് എംപി, ഡോ:പുത്തൂർ റഹ്മാൻ, ഇബ്രാഹിം എളേറ്റിൽ, യഹയ തളങ്കര, വി.പി വമ്പൻ എന്നിവർ സംസാരിച്ചു. പൊയിൽ അബ്ദുള്ള, പോട്ടംകണ്ടി അബ്ദുള്ള(അല മദീന ഗ്രൂപ്പ്), മുസ്തഫ (അൽ കത്തൽ ഗ്രൂപ്പ്), ജാബിർ (ഹോട്ട് ട്രാക്ക്), കബീർ(സെൽകോൺ ഗ്രൂപ്പ്), ഷാഫി (ടി.സി.എൻ ഗ്രൂപ്പ്) എന്നിവർ സംബന്ധിച്ചു. ക്യാമ്പ് ഡയറക്റ്റർ എ.സി ഇസ്മായിൽ ക്യാമ്പ് അവലോകനം ചെയ്തു സംസാരിച്ചു. ദുബായ് കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ഹനീഫ് കൽമട്ട നന്ദിയും പറഞ്ഞു.